അമേരിക്കയിൽ 18 വർഷമായി താമസിക്കുന്ന ശില്പ നരുള എന്ന ഇന്ത്യൻ യുവതി തൻ്റെ വിദേശ ജീവിതത്തിലെ അനുഭവങ്ങൾ പങ്കുവെക്കുന്നു. സ്ത്രീകൾക്കുള്ള സുരക്ഷിതത്വവും വസ്ത്രധാരണത്തിലുള്ള സ്വാതന്ത്ര്യവുമാണ് അവർ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ അമേരിക്കൻ ജീവിതത്തിൽ പലർക്കും അനുഭവപ്പെടുന്ന ഏകാന്തതയെക്കുറിച്ചും അവർ വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.
അമേരിക്കയിൽ 18 വർഷമായി താമസിക്കുന്ന ഇന്ത്യൻ യുവതി ശില്പ നരുള തന്‍റെ വിദേശ ജീവിതത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട കാര്യങ്ങളിലൊന്ന് പങ്കുവച്ചപ്പോൾ, ഏറ്റെടുത്ത് സോഷ്യൽ മീഡിയ. സ്ത്രീകൾക്ക് അനുഭവപ്പെടുന്ന സുരക്ഷിതത്വവും തങ്ങൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിച്ച് പുറത്തിറങ്ങാനുള്ള സ്വാതന്ത്ര്യവുമാണ് അമേരിക്കയിലെ ജീവിതത്തെക്കുറിച്ച് പറയുമ്പോൾ അവർ എടുത്തുപറഞ്ഞത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
സുരക്ഷ, ഇഷ്ടമുള്ള വസ്ത്രം
അമേരിക്കയിലെ ജീവിതത്തിന്‍റെ നല്ല വശങ്ങൾ പറയുന്നതിനിടെയാണ് സുരക്ഷയെക്കുറിച്ച് ശില്പ സംസാരിച്ചത്. പകൽ സമയത്ത് മാത്രമല്ല, രാത്രി 11 മണിക്കും 12 മണിക്കും പുലർച്ചെ 2 മണിക്കും പോലും തനിച്ച് റോഡിലൂടെ നടക്കുമ്പോൾ പിന്നിൽ നിന്ന് ആരെങ്കിലും വരുമോ, ഉപദ്രവിക്കുമോയെന്ന ഭയം തനിക്കില്ലെന്നാണ് അവർ എടുത്തു പറയുന്നത്.
വസ്ത്രധാരണത്തിന്‍റെ പേരിൽ സ്ത്രീകളെ വിലയിരുത്തുന്ന സമീപനവും അമേരിക്കയിൽ കുറവാണെന്ന് ശില്പ അഭിപ്രായപ്പെട്ടു. താൻ എന്ത് ധരിക്കുന്നുവെന്നതിൽ മറ്റുള്ളവർക്ക് വലിയ താൽപര്യമില്ലെന്നും വസ്ത്രം വെറും വസ്ത്രമായി കാണുന്ന മനോഭാവമാണ് അവിടെയുള്ളതെന്നും അവർ കൂട്ടിച്ചേർക്കുന്നു. സ്ത്രീകളുടെ സുരക്ഷ മെച്ചപ്പെടണമെങ്കിൽ നിയമങ്ങൾക്കൊപ്പം സമൂഹത്തിന്‍റെ മനോഭാവത്തിലും മാറ്റം വേണമെന്നാണ് ശില്പയുടെ അഭിപ്രായം.
പക്ഷേ, മറ്റൊരു മുഖം കൂടിയുണ്ട്
എന്നാൽ, അമേരിക്കൻ ജീവിതത്തിന് മറ്റൊരു വശമുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. അവിടെ പലർക്കും ഏകാന്തത അനുഭവപ്പെടാറുണ്ടെന്നാണ് ശില്പ പറയുന്നത്. ഒറ്റയ്ക്കായിരിക്കുമ്പോഴും സന്തോഷത്തോടെ ജീവിക്കാൻ പഠിച്ചാൽ ജീവിതം കൂടുതൽ എളുപ്പമാകുമെന്നും അവർ കൂട്ടിച്ചേർത്തു. ശില്പ യുടെ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ നിരവധി പ്രതികരണങ്ങളും ലഭിച്ചു. സുരക്ഷിതത്വമില്ലാത്ത ഭയം ഇല്ലാതെ ജീവിക്കാനാകുന്നത് യഥാർഥ സ്വാതന്ത്ര്യമാണെന്നും സമൂഹത്തിന്‍റെ മനോഭാവം മാറേണ്ടത് പ്രധാനമാണെന്നും ചിലർ അഭിപ്രായപ്പെട്ടു.


