ഓൺലൈൻ ആപ്പ് വഴി ബുക്ക് ചെയ്ത ടാക്സി. തന്‍റെ സുഹൃത്തിനെ കൂടി കയറ്റണമെന്ന് ഡ്രൈവര്‍. എതിര്‍ത്തപ്പോള്‍ റൈഡ് കാന്‍സല്‍ ചെയ്ത് മറ്റൊരു കാബ് ബുക്ക് ചെയ്യാനും ഡ്രൈവര്‍.

ഓൺലൈൻ ആപ്പ് വഴി ബുക്ക് ചെയ്ത ടാക്സിയിൽ യാത്ര ചെയ്യുകയായിരുന്ന മൂന്ന് യുവതികൾക്ക് നേരിടേണ്ടി വന്നത് ദുരനുഭവം. രാത്രി വൈകി പൂനെയിലാണ് സംഭവം നടന്നത്. യാത്ര തുടങ്ങി കുറച്ച് ദൂരം പിന്നിട്ടപ്പോൾ തന്റെ സുഹൃത്തായ ഒരാൾക്ക് കൂടി കാബിൽ കയറാൻ ഇടം നൽകണമെന്ന് ഡ്രൈവർ യുവതികളോട് ആവശ്യപ്പെടുകയായിരുന്നു. ഇതിന് തയ്യാറായില്ലെങ്കിൽ പാതിവഴിയിൽ ഇറങ്ങണമെന്നും ഡ്രൈവർ ആവശ്യപ്പെട്ടു. എന്നാൽ, അതിന് തയ്യാറാവാതെ പ്രതികരിക്കുകയായിരുന്നു യുവതികൾ.

യുവതികൾ പങ്കുവെച്ച വീഡിയോയുടെ തുടക്കത്തിൽ മറ്റൊരു വണ്ടി വിളിച്ച് പോകാൻ ഡ്രൈവർ ആവശ്യപ്പെടുന്നത് കേൾക്കാം. എന്നാൽ യാത്ര തുടങ്ങിയതിന് ശേഷം പകുതിവഴിയിൽ വെച്ച് റൈഡ് കാൻസൽ ചെയ്യാൻ ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണെന്ന് യുവതികൾ ചോദിച്ചു. തുടർന്ന്, 'അയ്യോ മാഡം, ഒരു കിലോമീറ്റർ നിങ്ങൾക്ക് അഡ്ജസ്റ്റ് ചെയ്തുകൂടേ?' എന്നായിരുന്നു ഡ്രൈവറുടെ മറുപടി.

യുവതികളെ അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ച ശേഷം സുഹൃത്തിനെ വിളിക്കാൻ തിരികെ വരാൻ തന്റെ വണ്ടിയിൽ ആവശ്യത്തിന് സി.എൻ.ജി ഇല്ലെന്നാണ് ഡ്രൈവർ ന്യായീകരണം നൽകിയത്. എന്നാൽ, ഇത്തരമൊരു പ്ലാൻ ഉണ്ടായിരുന്നെങ്കിൽ യാത്ര തുടങ്ങുന്നതിന് മുൻപ് തന്നെ എന്തുകൊണ്ട് അറിയിച്ചില്ലെന്ന് യുവതികൾ തിരിച്ചുചോദിച്ചു.

'കൂടെ കയറ്റുന്ന സുഹൃത്തിൽ നിന്ന് നിങ്ങൾ പണം വാങ്ങുന്നുണ്ടോ? അതോ ഞങ്ങളുടെ യാത്രാനിരക്ക് പകുതിയായി കുറച്ചു തരുമോ?' എന്നും യുവതികൾ ഡ്രൈവറോട് ചോദിച്ചു. ഇല്ലെന്നും സുഹൃത്തായതുകൊണ്ട് ഫ്രീയായി കൊണ്ടുപോകുന്നതാണെന്നുമായിരുന്നു ഡ്രൈവറുടെ മറുപടി.

'ഞങ്ങൾ മുഴുവൻ പണവും നൽകി ബുക്ക് ചെയ്ത കാബിൽ ഒരു അപരിചിതനൊപ്പം യാത്ര ചെയ്യാൻ ഞങ്ങളോട് ആവശ്യപ്പെടുന്നത് എങ്ങനെയാണ് പ്രൊഫഷണലാകുന്നത്? അഡ്ജസ്റ്റ് ചെയ്ത് യാത്ര ചെയ്യാനായിരുന്നെങ്കിൽ ഞങ്ങൾ കാബ് ബുക്ക് ചെയ്യേണ്ട കാര്യമുണ്ടായിരുന്നില്ല' എന്നും യുവതി പ്രതികരിച്ചു. സുഹൃത്തുമായി ഡ്രൈവർ സംസാരിക്കുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.

Scroll to load tweet…

വീഡിയോ വൈറലായതോടെ ഡ്രൈവറുടെ പെരുമാറ്റത്തിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. പ്രത്യേകിച്ച് രാത്രി സമയങ്ങളിൽ അപരിചിതനായ ഒരു പുരുഷനൊപ്പം യാത്ര ചെയ്യാൻ സ്ത്രീകളെ നിർബന്ധിക്കുന്നത് അവരുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന് മിക്കവരും അഭിപ്രായപ്പെട്ടു. സൗകര്യത്തിന് വേണ്ടി മാത്രമല്ല, സുരക്ഷിതത്വവും സ്വകാര്യതയും ഉറപ്പാക്കാനാണ് ആളുകൾ പണം നൽകി കാബുകൾ ബുക്ക് ചെയ്യുന്നത്. ഇത്തരം ഡ്രൈവർമാർക്കെതിരെ കമ്പനിയും പൊലീസും കർശന നടപടി സ്വീകരിക്കണമെന്നും പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്.