വിമാനം ലാൻഡ് ചെയ്ത് മണിക്കൂറുകൾ കഴിഞ്ഞിട്ടും പുറത്തിറങ്ങാനുള്ള ഗോവണി എത്തിയില്ല. വിമാനത്തിൽ നിന്ന് താഴേക്ക് ചാടി യാത്രക്കാർ. എയർ കോംഗോ വിമാനത്തിലെ യാത്രക്കാരാണ് അകത്തെ അമിതമായ ചൂടും അസ്വസ്ഥതയും സഹിക്കവയ്യാതെ ഈ സാഹസത്തിന് മുതിർന്നത്.
വിമാനം ലാൻഡ് ചെയ്തതിനു ശേഷം മണിക്കൂറുകൾ കാത്തിരുന്നു. പുറത്തിറങ്ങാനുള്ള ഗോവണികൾ എത്തിയില്ല. ക്ഷമ നശിച്ച യാത്രക്കാർ വിമാനത്തിൽ നിന്ന് താഴേക്ക് എടുത്ത് ചാടി. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ കിൻഡു വിമാനത്താവളത്തിൽ ആണ് സംഭവം നടന്നത്. എയർ കോംഗോ വിമാനത്തിലെ യാത്രക്കാരാണ് ഈ സാഹസത്തിനു മുതിർന്നത്. ബോയിംഗ് 737-800 വിമാനത്തിന്റെ പ്രധാന വാതിലിലൂടെ യാത്രക്കാർ ചാടിയിറങ്ങുന്ന ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിമാനം ലാൻഡ് ചെയ്ത് ഗേറ്റിൽ എത്തിയെങ്കിലും മണിക്കൂറുകളോളം ഗ്രൗണ്ട് ഉപകരണങ്ങൾ ഒന്നും തന്നെ ലഭ്യമായിരുന്നില്ല. ഇതേത്തുടർന്ന് വിമാനത്തിനുള്ളിൽ ഉണ്ടായ അമിതമായ ചൂടും അസ്വസ്ഥതയും മൂലമാണ് യാത്രക്കാർ പുറത്തിറങ്ങാൻ തീരുമാനിച്ചത്.
ഏകദേശം 5-6 അടി ഉയരത്തിൽ നിന്നാണ് യാത്രക്കാർ റൺവേയിലേക്ക് ചാടിയത്. ഇതിന് മുൻപായി തങ്ങളുടെ കൈവശമുണ്ടായിരുന്ന ലഗേജുകൾ താഴെയുള്ള ഗ്രൗണ്ട് സ്റ്റാഫിന് ഇവർ കൈമാറുന്നു. ആദ്യം ഇറങ്ങിയവർ പിന്നാലെ വരുന്നവരെ സഹായിക്കുന്നുമുണ്ട്. രാത്രിയിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. കിൻഡു വിമാനത്താവളം പരിമിതമായ അടിസ്ഥാന സൗകര്യങ്ങളുടെ പേരിൽ പലകുറി വാർത്തകളിൽ ഇടം നേടിയതാണ്. വിമാനക്കമ്പനിയായ എയർ കോംഗോ സംഭവത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഏതോപ്യൻ എയർലൈൻസുമായി സഹകരിച്ച് 2024 ഡിസംബറിൽ ആരംഭിച്ച എയർ കോംഗോ ആഭ്യന്തര റൂട്ടുകളിലാണ് സർവീസ് നടത്തുന്നത്. എന്തായാലും വിമാനത്തിൽ നിന്നുള്ള ചാട്ടത്തിനിടെ ആർക്കും ഗുരുതരമായ പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.
2025 -ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ നിരവധി വ്യോമയാന അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. മറ്റു രാജ്യങ്ങളുടെ സഹായത്തോടെ പ്രധാനപ്പെട്ട വിമാനത്താവളങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ആധുനികവൽക്കരണത്തിനും ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ഗ്രാമപ്രദേശങ്ങളിലെ വിമാനത്താവളങ്ങളിൽ വെല്ലുവിളികൾ ഇപ്പോഴും നിലനിൽക്കുന്നു.


