വിമാനത്താവളങ്ങളിലെ ലഗേജ് ബെൽറ്റുകൾക്ക് സമീപം യാത്രക്കാർ അച്ചടക്കമില്ലാതെ കൂട്ടം കൂടുന്നതിനെ വിമർശിച്ച് യുവാവിന്‍റെ പോസ്റ്റ്. 'നമ്മൾ ഇന്ത്യക്കാർക്ക് എന്താണ് കുഴപ്പം?' എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വിമാനത്താവളങ്ങളിലെ ലഗേജ് ബെൽറ്റുകൾക്ക് ചുറ്റും യാതൊരു പൗരബോധവുമില്ലാതെ യാത്രക്കാർ കൂട്ടം കൂടുന്നതിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക ചർച്ച. മംഗളം പൊദ്ദാർ എന്ന ഇൻസ്റ്റഗ്രാം യൂസർ പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ വലിയ രീതിയിലുള്ള സംവാദങ്ങൾക്ക് വഴിതുറന്നിരിക്കുന്നത്. വിമാനമിറങ്ങി ലഗേജ് ബെൽറ്റിന് സമീപമെത്തുന്ന യാത്രക്കാർ അച്ചടക്കമില്ലാതെ പെരുമാറുന്നതാണ് വീഡിയോയിൽ ദൃശ്യമാകുന്നത്. ബെൽറ്റ് കറങ്ങിത്തുടങ്ങുമ്പോൾ തന്നെ ഒരറ്റത്ത് ആളുകൾ വിയർത്തൊലിച്ച് കൂട്ടം കൂടുകയും, പരസ്പരം തള്ളി മുന്നോട്ട് കയറാൻ ശ്രമിക്കുകയുമാണ്. ഇത് കാരണം മറ്റുള്ളവർക്ക് തങ്ങളുടെ ബാഗുകൾ തിരിച്ചറിയാനോ എടുക്കാനോ സാധിക്കാത്ത വിധം വഴി തടസ്സപ്പെടുന്നു.
'ലഗേജ് ബെൽറ്റിന്റെ ഈ വശത്ത് ആളുകൾ വിയർത്തൊലിച്ച് പരസ്പരം തള്ളിക്കയറുകയാണ്. എല്ലാവർക്കും അവിടെ വെച്ച് തന്നെ ലഗേജ് വേണം. എന്നാൽ ബെൽറ്റിന്റെ മറുഭാഗത്തേക്ക് നോക്കൂ, അവിടെ ഒട്ടും തിരക്കില്ല. സുഹൃത്തേ, ബാഗ് മുന്നോട്ട് നീങ്ങിയാലും ഈ വഴി തന്നെയല്ലേ വരിക? ലഗേജ് എങ്ങനെയായാലും ഈ വശത്തേക്ക് വരാതിരിക്കില്ലല്ലോ. ആളുകളുടെ ഈ സ്വഭാവം ശരിക്കും വിചിത്രമാണ്' പൊദ്ദാർ വീഡിയോയിൽ വ്യക്തമാക്കുന്നു.
'നമ്മൾ ഇന്ത്യക്കാർക്ക് എന്താണ് കുഴപ്പം?' എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ലഗേജ് ബെൽറ്റിൽ അനാവശ്യമായി തിരക്ക് കൂട്ടുന്നത് ലഗേജ് വിതരണം കൂടുതൽ വൈകിപ്പിക്കാനേ ഉപകരിക്കൂ എന്നും, ബാഗുകൾ തട്ടിമറിയാനും മാറിപ്പോകാനുമുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും വീഡിയോയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
വീഡിയോ വൈറലായതോടെ നിരവധിയാളുകളാണ് ഇന്ത്യക്കാരുടെ പൊതുസ്ഥലങ്ങളിലെ പെരുമാറ്റദൂഷ്യത്തെ വിമർശിച്ച് രംഗത്തെത്തിയത്. 'നമ്മുടേത് പരസ്പരവിശ്വാസം കുറഞ്ഞ ഒരു സമൂഹമാണ്. വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ എഴുന്നേറ്റ് നിൽക്കുന്നതും, ലഗേജ് ബെൽറ്റ് തുടങ്ങുന്നിടത്ത് തന്നെ നിരന്നുനിൽക്കുന്നതും മറ്റാരെങ്കിലും നമ്മുടെ ബാഗ് എടുത്തുകൊണ്ട് പോകുമോ എന്ന ഭയം കൊണ്ടാണ്' ഒരു ഉപയോക്താവ് കുറിച്ചു. 'ഇത് വിമാനത്താവളങ്ങളിൽ മാത്രമല്ല, ട്രാഫിക് സിഗ്നലുകളിൽ പോലും ആളുകൾ, പ്രത്യേകിച്ച് ഇരുചക്ര വാഹനയാത്രക്കാർ, സീബ്രാ ക്രോസിംഗും കടന്ന് മുന്നിലാണ് നിൽക്കുന്നത്. മത്സരത്തിൽ തങ്ങൾ തോറ്റുപോയേക്കുമെന്ന ഭയമാണ് അവർക്ക്. നമ്മൾ അനാവശ്യമായി മത്സരിക്കുന്ന ഒരു സമൂഹമാണ്' മറ്റൊരു കമന്റിൽ പറയുന്നു.
പൊതുസ്ഥലങ്ങളിൽ അല്പം ക്ഷമ കാണിക്കാനും കൃത്യമായ അകലം പാലിക്കാനും യാത്രക്കാർ തയ്യാറായാൽ മാത്രമേ ഇത്തരം ബുദ്ധിമുട്ടുകൾക്ക് ശാശ്വത പരിഹാരമാകൂ എന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. കൂടാതെ, എയർപോർട്ട് അധികൃതർ കൃത്യമായ അനൗൺസ്മെന്റുകളിലൂടെയും സുരക്ഷാ ജീവനക്കാരെ ഉപയോഗിച്ചും ഇത്തരം തിരക്കുകൾ നിയന്ത്രിക്കണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.
