ലാംബോർഗിനി ഉടമയായ രാകേഷ് കുമാർ റോഡിൽ വെച്ച് ഒരു ഓട്ടോ ഡ്രൈവറുമായി തന്‍റെ വാഹനം പരസ്പരം വച്ചുമാറുന്ന വീഡിയോ വൈറലാകുന്നു. ഓട്ടോ ഡ്രൈവറുടെ ആഗ്രഹം സാധിച്ചുകൊടുത്ത രാകേഷ്, ഓട്ടോ ഓടിച്ചപ്പോൾ തന്‍റെ പഴയ കഷ്ടപ്പാടുകൾ ഓർത്തുവെന്നും ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഈ ഹൃദയസ്പർശിയായ സംഭവത്തിന് സോഷ്യൽ മീഡിയയിൽ വലിയ പ്രശംസയാണ് ലഭിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ലാംബോർഗിനി ഉടമയും ഓട്ടോ റിക്ഷാ ഡ്രൈവറും തമ്മിൽ റോഡിൽ വെച്ച് തങ്ങളുടെ വാഹനങ്ങൾ പരസ്പരം വച്ചുമാറുന്ന അപൂർവ്വ വീഡിയോ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നു. ഒട്ടനവധി ആളുകളാണ് ഹൃദയസ്പർശിയായ ഈ ദൃശ്യങ്ങൾ ഇതിനോടകം പങ്കുവെച്ചിരിക്കുന്നത്. രാകേഷ് കുമാർ എന്ന വ്യക്തിയാണ് തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഈ വീഡിയോ പങ്കുവെച്ചത്. അദ്ദേഹം തന്‍റെ ലാംബോർഗിനി കാറുമായി റോഡിലൂടെ പോകുമ്പോഴാണ് ഒരു ഓട്ടോറിക്ഷ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് ഓട്ടോയ്ക്ക് ഒപ്പമെത്തിയ രാകേഷിനോട്, ലാംബോർഗിനി ഒന്ന് ഓടിച്ചു നോക്കാൻ ആഗ്രഹമുണ്ടെന്ന് ഓട്ടോ ഡ്രൈവർ തുറന്നു പറയുകയായിരുന്നു.

സ്വപ്ന നിമിഷം

ഡ്രൈവറുടെ ആഗ്രഹം കേട്ടയുടൻ രാകേഷ് തന്‍റെ ലക്ഷ്വറി കാർ റോഡരികിലേക്ക് ഒതുക്കി നിർത്തി. തുടർന്ന് ഇരുവരും പരസ്പരം താക്കോലുകൾ കൈമാറുകയും വാഹനങ്ങൾ വച്ചുമാറുകയും ചെയ്തു. ലാംബോർഗിനി ഉടമ ഓട്ടോറിക്ഷയുടെ സീറ്റിലും ഓട്ടോ ഡ്രൈവർ ലാംബോർഗിനിയുടെ ഡ്രൈവിംഗ് സീറ്റിലും കയറി. ശേഷം ഇരുവരും പരസ്പരം മാറിയ വാഹനങ്ങളുമായി മുന്നോട്ട് പോകുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.

View post on Instagram

തന്‍റെ പഴയകാല കഷ്ടപ്പാടുകൾ ഓർത്തെടുത്താണ് രാകേഷ് കുമാർ ഈ വീഡിയോ പങ്കുവെച്ചത്. "മറക്കാനാകാത്ത ഈ നിമിഷത്തിനായി ഞാൻ എന്‍റെ ലാംബോർഗിനി പോലും റിസ്കിലെടുത്തു! സത്യം പറഞ്ഞാൽ അദ്ദേഹത്തിന്‍റെ ഓട്ടോ ഓടിച്ചപ്പോൾ എന്‍റെ മനസ്സ് വല്ലാതെ നിറഞ്ഞു. ഓട്ടോ മീറ്ററിലെ കാശ് നൽകാൻ പോലും ബുദ്ധിമുട്ടിയിരുന്ന എന്‍റെ പഴയ കഷ്ടപ്പാടിന്‍റെ നാളുകളിലേക്ക് ഇത് എന്നെ കൂട്ടിക്കൊണ്ടുപോയി," രാകേഷ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

സോഷ്യൽ മീഡിയയിൽ വലിയ കൈയടി

വീഡിയോ പുറത്ത് വന്നതോടെ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. "ഇന്‍റർനെറ്റിൽ ഇപ്പോൾ കൂടുതൽ ആവശ്യമുള്ളത് ഇത്തരത്തിലുള്ള നല്ല വാർത്തകളാണ്," എന്ന് ഒരു ഉപയോക്താവ് കുറിച്ചപ്പോൾ, "കുറച്ച് മിനിറ്റത്തേക്ക് മാത്രമാണെങ്കിൽ പോലും ഒരാളുടെ വലിയൊരു സ്വപ്നം സാക്ഷാത്കരിച്ചു കൊടുത്തതിന് വലിയ ബഹുമാനം തോന്നുന്നു," എന്നായിരുന്നു മറ്റൊരാളുടെ കമന്‍റ്. വിജയം മറ്റുള്ളവരുമായി പങ്കിടുമ്പോഴാണ് അതിന് പൂർണ്ണതയുണ്ടാകുക എന്നതിന്‍റെ മനോഹരമായ ഓർമ്മപ്പെടുത്തലാണ് ഈ സംഭവമെന്നും പലരും അഭിപ്രായപ്പെടുന്നു.