എന്തെങ്കിലും തരണം എന്നതായിരുന്നു അദ്ദേഹത്തോടുള്ള അവളുടെ ആദ്യ ആവശ്യം. അദ്ദേഹത്തോടൊപ്പം ഒരു ഫോട്ടോ എടുക്കുകയായിരുന്നു രണ്ടാമത്തെ ആവശ്യം. 

ബോളിവുഡ് നടന്‍ അനുപം ഖേര്‍ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ ഒരു വീഡിയോ ഷെയര്‍ ചെയ്തു. നേപ്പാളിലെ കാഠ്മണ്ഡുവില്‍നിന്നുള്ളതാണ് ആ വീഡിയോ. അവിടത്തെ ഒരു ക്ഷേത്രത്തിനു പുറത്തു വെച്ച് കണ്ടുമുട്ടിയ ആരതി എന്ന പെണ്‍കുട്ടിയുമായുള്ള അനുപം ഖേറിന്റെ സംഭാഷണമാണ് വീഡിയോയിലുള്ളത്. പോസ്റ്റ് ചെയ്തതിനു പിന്നാലെ വീഡിയോ വൈറലായി മാറി. 

കാഠ്മണ്ഡു തെരുവില്‍ ഭിക്ഷ യാചിക്കുന്ന ഒരു പെണ്‍കുട്ടിയാണ് ആരതി. സൂരജ് ബര്‍ജാത്യ സംവിധാനം ചെയ്യുന്ന ഉഞ്ജായ് എന്ന സിനിമയുടെ ചിത്രീകരണത്തിനായി നേപ്പാളില്‍ എത്തിയപ്പോഴാണ് താരം അവളെ കണ്ടുമുട്ടിയത്. എന്തെങ്കിലും തരണം എന്നതായിരുന്നു അദ്ദേഹത്തോടുള്ള അവളുടെ ആദ്യ ആവശ്യം. അദ്ദേഹത്തോടൊപ്പം ഒരു ഫോട്ടോ എടുക്കുകയായിരുന്നു രണ്ടാമത്തെ ആവശ്യം. 

View post on Instagram

ഇതല്ല സത്യത്തില്‍ അനുപം ഖേറിനെ അത്ഭുതപ്പെടുത്തിയത്. അവളുടെ ഇംഗ്ലീഷാണ്. ഒഴുക്കുള്ള ഇംഗ്ലീഷിലാണ് അവള്‍ സംസാരിക്കുന്നത്. ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഈ വീഡിയോ പങ്കുവെച്ച് അനുപം ഖേര്‍ എഴുതുന്നു, 'കാഠ്മണ്ഡുവിലെ ഒരു ക്ഷേത്രത്തിന് പുറത്ത് വച്ചാണ് ഞാന്‍ ആരതിയെ കണ്ടത്. അവള്‍ രാജസ്ഥാന്‍ സ്വദേശിയാണ്. അവള്‍ എന്നോട് പണം ചോദിച്ചു. എന്നോടൊപ്പം നിന്ന് ഒരു ചിത്രം എടുക്കട്ടെ എന്നും ചോദിച്ചു. അതിനു ശേഷം അവള്‍ എന്നോട് സംസാരിക്കാന്‍ തുടങ്ങി. നല്ല ഒഴുക്കുള്ള ഇംഗ്ലീഷില്‍. പഠനത്തോടുള്ള അവളുടെ അഭിനിവേശം കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു. ഇതാ ഞങ്ങളുടെ സംഭാഷണം! അനുപം ഖേര്‍ ഫൗണ്ടേഷന്‍ അവളെ പഠിപ്പിക്കും. ജയ് ഹോ!'.

താന്‍ ഭിക്ഷ യാചിച്ചാണ് കഴിയുന്നതെന്നും, സ്‌കൂളില്‍ ഒന്നും പോയിട്ടില്ലെന്നും വീഡിയോവില്‍ ആരതി പറയുന്നു. ഭിക്ഷാടനത്തിന് ഇടയിലാണ് താന്‍ ഇംഗ്ലീഷ് സംസാരിക്കാന്‍ പഠിച്ചതെന്നും അവള്‍ പറഞ്ഞു. തനിക്ക് സ്‌കൂളില്‍ പോകാനും പഠിക്കാനും വലിയ ആഗ്രഹമാണെന്നും പാവപ്പെട്ട കുടുംബത്തില്‍ നിന്ന് വരുന്ന തനിക്ക് അതിനൊന്നും കഴിയുന്നില്ലെന്നും അവള്‍ സങ്കടപ്പെടുന്നു. 

'ഞാന്‍ സ്‌കൂളില്‍ പോയാല്‍, എന്റെ ഭാവി മാറും. സ്‌കൂളില്‍ പോകാന്‍ എന്നെ സഹായിക്കാന്‍ ഞാന്‍ എപ്പോഴും ആളുകളോട് ആവശ്യപ്പെടും. പക്ഷേ ആരും എന്നെ സഹായിക്കാന്‍ മനസ്സ് കാണിച്ചിട്ടില്ല' അവള്‍ പറഞ്ഞു. 

തുടര്‍ന്ന്, അനുപം ഖേര്‍ ആരതിക്ക് സഹായവാഗ്ദാനം ചെയ്യുന്നു. ആരതിയെ സ്‌കൂളില്‍ പോകാന്‍ താന്‍ സഹായിക്കാമെന്നാണ് അദ്ദേഹത്തിന്റെ വാഗ്ദാനം. 

അനുപമിന്റെ വീഡിയോ അതിവേഗമാണ് ഇന്‍സ്റ്റഗ്രാമില്‍ വൈറലായത്. അദ്ദേഹത്തിന്റെ ഫോളോവേഴ്‌സ് ഈ പോസ്റ്റിനെ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കയാണ്. അദ്ദേഹത്തിന്റെ ഈ നല്ല മനസ്സിനെ അഭിനന്ദിക്കാനും ആളുകള്‍ മറന്നില്ല.