ഛഠ് പൂജ ആഘോഷങ്ങൾക്കിടെ മുംബൈയിലെ കനത്ത ഗതാഗതക്കുരുക്കിൽപ്പെട്ട ഓസ്ട്രേലിയൻ യുവതിക്ക്, വിശപ്പകറ്റാൻ വെള്ളവും കബാബും വാങ്ങി നൽകിയ യൂബർ ഡ്രൈവറുടെ  പ്രവൃത്തി വൈറലാകുന്നു.  

മുംബൈയിൽ ഛത് പൂജ ട്രാഫിക്കിനിടെ മണിക്കൂറുകളോളം ട്രാഫിക്ക് ജാമ്മിൽ പെട്ട് കിടക്കുമ്പോൾ വിശന്ന് വലഞ്ഞ തന്‍റെ വിശപ്പ് ശമിപ്പിച്ച യൂബ‍ർ ഡ്രൈവറുടെ പ്രവര്‍ത്തിയെ അഭിനന്ദിച്ച് ഓസ്ട്രേലിയന്‍ യുവതി. ഛഠ് പൂജ ആഘോഷങ്ങൾക്കിടെ ഉണ്ടായ കനത്ത ഗതാഗതക്കുരുക്കിനിടെ തന്‍റെ യാത്ര സുഖകരമാക്കിയ യൂബ‍ർ ഡ്രൈവറെ അഭിനന്ദിച്ച് യുവതി തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവച്ച വീഡിയോ വൈറലായി. ഏറെ നേരം ട്രാഫിക്കില്‍പ്പെട്ട് കിടന്നതോടെ തനിക്ക് വിശപ്പ് കൂടി. എന്നാല്‍ ട്രാഫിക്ക് ജാമിനിടയിലും തനിക്ക് വേണ്ടി വെള്ളവും കബാബും വാങ്ങിവരാന്‍ യൂബര്‍ ഡ്രൈവര്‍ തയ്യാറായെന്ന് അവര് തന്‍റെ വീഡിയോയില്‍ പറയുന്നു.

യൂബർ ഡ്രൈവറില്‍ നിന്നുള്ള അനുഭവങ്ങൾ

ബ്രീ സ്റ്റീൽ എന്ന പോഡ്കാസ്റ്റിംഗ് പ്രോഡ്യൂസറാണ് ഛത് പൂജയ്ക്കിടെ മുംബൈയിലെ യൂബര്‍ ഡ്രൈവറില്‍ നിന്നും തനിക്കുണ്ടായ മറക്കാനാവാത്ത അനുഭവം പങ്കുവച്ചത്. 2023 മുതൽ ഇന്ത്യയിൽ താമസിക്കുന്ന ഒരു പോഡ്‌കാസ്റ്ററും ഉള്ളടക്ക സ്രഷ്ടാവുമാണ് ബ്രീ സ്റ്റീൽ. "ഇന്ത്യയിലെ യൂബർ ഡ്രൈവർമാർ അടുത്ത ലെവൽ ഐക്കണുകളാണ്" എന്ന തലക്കെട്ടോടെയാണ് ബ്രീ തന്‍റെ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്. ഛഠ് പൂജ ആഘോഷങ്ങൾക്കിടെ ഗതാഗതക്കുരുക്ക് കാരണം 15 മിനിറ്റ് ദൈർഘ്യമുള്ള തന്‍റെ യൂബർ യാത്ര ഏകദേശം രണ്ട് മണിക്കൂറോളം നീണ്ടുനിന്നതായി അവർ വിശദീകരിച്ചു. ഏകദേശം 30 മിനിറ്റോളം തങ്ങൾ ഒരു സ്ഥലത്ത് തന്നെ കുടുങ്ങിക്കിടക്കേണ്ടി വന്നു. ഗതാഗതക്കുരുക്കിനിടെയിലും തന്‍റെ ഉബർ ഡ്രൈവർ വാഹനത്തിൽ നിന്ന് ഇറങ്ങി ഒരു കുപ്പിവെള്ളവുമായി തിരികെ എത്തി. വെള്ളത്തിന്‍റെ പണം നൽകാമെന്നേറ്റപ്പോൾ ഡ്രൈവർ വിസമ്മതിച്ചു.

View post on Instagram

"നിങ്ങൾ ഞങ്ങളുടെ അതിഥിയാണ്" എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടിയെന്നും ബ്രീ സ്റ്റീൽ കൂട്ടിച്ചേര്‍ക്കുന്നു. വാഹനം വീണ്ടും പതുക്കെ മുന്നോട്ട് നീങ്ങി. ഡ്രൈവർ ഒരിക്കൽ കൂടി പുറത്തിറങ്ങി. ഇത്തവണ അദ്ദേഹം കബാബും ടിന്നിലടച്ച റിങ്കുകളും കൊണ്ടുവന്നു. ഗതാഗതക്കുരുക്കിൽ പെട്ട് കിടക്കുമ്പോൾ അവർക്ക് വിശക്കാതിരിക്കാൻ വേണ്ടിയാണെന്ന് സ്റ്റീൽ പറഞ്ഞു. "അവൻ ഏറ്റവും മികച്ചവനായിരുന്നു," അയാളുടെ ദയ തന്‍റെ ഹൃദയത്തെ സ്പർശിച്ചെന്നും അവര്‍ പറയുന്നു. വീഡിയോ പങ്കുവച്ച് കൊണ്ടുള്ള കുറിപ്പില്‍ മുംബൈ നഗരത്തിലെ നിരവധി ഡ്രൈവര്‍മാരിൽ ഇന്നും തനിക്ക് സമാനമായ കരുണയുടെ നിരവധി അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒരിക്കൽ ഒരു ഡ്രൈവര്‍ തന്നെ പ്രളയ ജലത്തിനിടയിലൂടെ എയ‍ർപോര്‍ട്ടിലേക്ക് കൃത്യസമയത്ത് എത്തിച്ചു. മറ്റൊരിക്കൽ ഓടയില്‍ വീണ തന്‍റെ ഷൂ എടുക്കാന്‍ ഒരു ഡ്രൈവ‍ർ സഹായിച്ചു. ഇപ്പോൾ ഇതാ മറ്റൊന്നു കൂടിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സോഷ്യൽ മീഡിയ പ്രതികരണങ്ങൾ

വീഡിയോ വൈറലായി മാറിയതോടെ ഡ്രൈവറുടെ പ്രവൃത്തിയെ അഭിനന്ദിച്ച് നൂറുകണക്കിന് ഉപയോക്താക്കളാണ് രംഗത്തെത്തിയത്. ഇന്ത്യക്കാരുടെ അഭിമാനം ഉയർത്തിപ്പിടിച്ചതിന് യൂബർ ഡ്രൈവർക്ക് നന്ദി.. പോസിറ്റീവിറ്റി പ്രചരിപ്പിച്ചതിന് നന്ദി.. ഇന്ത്യയിൽ നമ്മൾ 'അതിഥി ദേവോ ഭവഃ' എന്ന് പറയുന്നു, അതിനർത്ഥം - 'ഞങ്ങളുടെ അതിഥികൾ ഞങ്ങൾക്ക് ദൈവതുല്യരാണ്' എന്നാണെന്ന് ഒരു കാഴ്ചക്കാരനെഴുതി. നിരവധി പേരാണ് രാജ്യത്തിന്‍റെ യശസുയ‍ർത്തിയതിന് യൂബ‍ർ ഡ്രൈവ‍ർക്ക് നന്ദി പറഞ്ഞത്.