ഇന്ത്യയെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന തരത്തിൽ വീഡിയോകൾ ചെയ്യുന്ന വിദേശ വ്ളോഗര്‍മാരെ വിമർശിച്ച് കനേഡിയൻ യുവതി. വ്യൂസിനായി മാത്രമാണ് ഇന്ത്യയിലെ ദാരിദ്ര്യം ചിത്രീകരിക്കുന്നത്, ഇത് വംശീയതയാണെന്നും യുവതി.

ഇന്ത്യയിലെത്തിയ ഒരു കനേഡിയൻ വ്ലോ​ഗർ ഷെയർ ചെയ്ത ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്ര​ദ്ധിക്കപ്പെടുന്നത്. ഇന്ത്യയെ കുറിച്ച് തികച്ചും തെറ്റിദ്ധാരണയുളവാക്കുന്ന കാര്യങ്ങൾ മാത്രം ഷെയർ ചെയ്യുന്ന വിദേശികളായ കണ്ടന്റ് ക്രിയേറ്റർമാരെ നിശിതമായി വിമർശിച്ചുകൊണ്ടുള്ളതായിരുന്നു വീഡിയോ. വംശീയവാദികളായിട്ടാണ് യുവതി ഇവരെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇന്ത്യ ഒരു വിശാലമായ രാജ്യമാണ്, അതിലെ ഏതെങ്കിലും തെരുവിൽ നിന്നോ മറ്റോ ഉള്ള വീഡിയോകളും മറ്റും പങ്കുവയ്ക്കുന്നത് വ്യൂസിന് വേണ്ടി മാത്രമാണ്, വിയറ്റ്നാം പോലെയുള്ള മറ്റ് ഏഷ്യൻ രാജ്യങ്ങളോടൊന്നും അധികം ഇങ്ങനെ ചെയ്ത് കാണാറില്ല എന്നും യുവതി ആരോപിക്കുന്നു.

ഡൽഹിയിലും ഋഷികേശിലും തനിക്കുണ്ടായത് വളരെ നല്ല അനുഭവങ്ങളാണ് എന്ന് പറഞ്ഞുകൊണ്ടാണ് യുവതി പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ഇന്ത്യക്കാരുടെ ആതിഥ്യമര്യാദ, ആഡംബര ഹോട്ടലുകൾ, വൈവിധ്യമാർന്ന പ്രകൃതിദൃശ്യങ്ങൾ എന്നിവയെ കുറിച്ചെല്ലാം അവർ തന്റെ പോസ്റ്റിൽ പറയുന്നു. ഇന്ത്യയെ കുറിച്ചുള്ള നെ​ഗറ്റീവ് പോസ്റ്റുകൾക്കെതിരെയും ഇവർ ശക്തമായി പ്രതികരിച്ചു. വംശീയതയാണ് ഇതിന് കാരണമെന്നും ഇന്ത്യയെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ വളർത്താനേ ഇവ ഉപകരിക്കൂ എന്നും ഇവർ പറയുന്നു.

Scroll to load tweet…

'എത്ര വിദേശ വ്‌ളോഗർമാരാണ് ഇന്ത്യയിലേക്ക് വന്ന് ഓൾഡ് ഡൽഹി പോലുള്ള ഏറ്റവും ദരിദ്രവും തിരക്കേറിയതുമായ പ്രദേശങ്ങൾ മാത്രം വീഡിയോയിൽ പകർത്തുന്നതെന്ന് ഒരു കനേഡിയൻ സ്ത്രീ ചൂണ്ടിക്കാട്ടുന്നു. മറ്റ് രാജ്യങ്ങളിൽ അവർ പ്രകൃതി സൗന്ദര്യത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, എന്നാൽ ഇന്ത്യയിൽ ദാരിദ്ര്യം കാണിച്ചാലാണ് കൂടുതൽ ക്ലിക്കുകൾക്ക് കിട്ടുന്നത് എന്നതുകൊണ്ടാണ് അത് ചെയ്യുന്നത്' എന്നാണ് വീഡിയോയുടെ ക്യാപ്ഷനിൽ പറയുന്നത്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. സത്യം തുറന്നു പറഞ്ഞതിന് കനേഡിയൻ യുവതിയെ അഭിനന്ദിക്കുകയാണ് പലരും ചെയ്തത്.