വീഡിയോ ചിത്രീകരിക്കുന്നതിനിടെ റിപ്പോർട്ടറുടെ മുഖത്ത് കടൽക്കാക്ക വന്നിടിച്ച് പരിക്ക്. അപ്രതീക്ഷിതമായ സംഭവത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കയാണ് ഇപ്പോള്‍.
ഷൂട്ട് ചെയ്തുകൊണ്ടിരിക്കെ റിപ്പോർട്ടറുടെ മുഖത്ത് കടൽക്കാക്ക വന്നിടിച്ചു, സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ഇത് യുവതിയുടെ മുഖത്ത് പരിക്ക് പറ്റാനും കാരണമായി തീർന്നു. പീപ്പിൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, ഡിസംബർ 2 -ന് ഓക്ക്‌ലൻഡിൽ വച്ച് റിപ്പോർട്ടറും മുൻ മിസ് വേൾഡ് ന്യൂസിലാൻഡും ആയ ജെസീക്ക ടൈസൺ ഒരു വീഡിയോ ചിത്രീകരിക്കുകയായിരുന്നു. ഫാഷനെ കുറിച്ചുള്ളതായിരുന്നു വീഡിയോ. രണ്ടാമത്തെ ടേക്കിനായി തയ്യാറെടുക്കുമ്പോഴാണ് ഒരു കടൽകാക്ക പറന്നെത്തുകയും അവളുടെ മുഖത്ത് വന്നിടിക്കുകയും ചെയ്തത്.
ജെസീക്ക പോസ്റ്റ് ചെയ്ത വീഡിയോയിൽ, അപ്രതീക്ഷിതമായുണ്ടായ പ്രഹരത്തിൽ അവൾ മുഖം തിരിക്കുകയും, പിന്നോട്ട് മാറുന്നതും, മുഖം മുറുകെ പിടിച്ചിരിക്കുന്നതും കാണാം. ഫിലിം ക്രൂ അംഗങ്ങൾ പെട്ടെന്ന് തന്നെ അവളുടെ അടുത്ത് എത്തുകയും അവളുടെ മുഖം പരിശോധിക്കുകയും ചെയ്തു. ചോര വരുന്നുണ്ട് എന്ന് ഒരു സഹപ്രവർത്തകൻ അപ്പോൾ തന്നെ അവളോട് പറഞ്ഞു. അത് വിശ്വസിക്കാൻ സാധിക്കാതെ അവൾ തന്റെ മുഖത്ത് തൊട്ടുനോക്കുകയായിരുന്നു.
'നിങ്ങൾ നിങ്ങളുടെ ജോലി ചെയ്യാൻ ശ്രമിക്കുന്നു, പക്ഷേ പ്രകൃതിക്ക് മറ്റ് പദ്ധതികളുണ്ട്, അതിനുവേണ്ടി കാത്തിരിക്കൂ' എന്നാണ് വീഡിയോയ്ക്ക് മുകളിൽ കുറിച്ചിരിക്കുന്നത്. കടൽകാക്ക ഇടിച്ചതിന് പിന്നാലെ തന്റെ ഇടതു കണ്ണിന് മുകളിൽ പുരികത്തിന് താഴെയായി ഒരു പാട് ഉണ്ടായിട്ടുണ്ട്, പക്ഷിയുടെ കൊക്കോ നഖങ്ങളോ കൊണ്ടതായിരിക്കാം എന്നും അവൾ കുറിച്ചിട്ടുണ്ട്. പക്ഷിക്ക് ഒന്നും സംഭവിച്ചില്ല, അത് മറ്റ് പക്ഷികൾക്കൊപ്പം ചേർന്നു. താൻ അടുത്തുള്ള ഒരു ഓഫീസിൽ ചെന്ന് മുഖം വൃത്തിയാക്കുകയായിരുന്നു എന്നും അത് കഴിഞ്ഞ് ഷൂട്ട് തുടർന്നു എന്നും ജെസീക്ക കുറിച്ചു. മുഖത്ത് നിന്നും ചോര വരുന്നതും അവൾ പോസ്റ്റ് ചെയ്ത വീഡിയോയിൽ കാണാം.
എന്തായാലും, അനേകങ്ങൾ വീഡിയോ കാണുകയും കമന്റുകൾ നൽകുകയും ചെയ്തിട്ടുണ്ട്. ശരിക്കും പേടിപ്പിക്കുന്ന ദൃശ്യങ്ങൾ തന്നെ എന്ന് ആളുകൾ അഭിപ്രായപ്പെട്ടു.


