സി.ബി.എസ്.ഇ പത്താം ക്ലാസ് മാത്തമാറ്റിക്സ് ബേസിക് പരീക്ഷ കഠിനമെന്ന് വിദ്യാർത്ഥികൾ. സ്റ്റാൻഡേർഡ് പേപ്പറിനേക്കാൾ പ്രയാസമേറിയതായിരുന്നു ബേസിക് എന്നും സിബിഎസ്ഇ ചതിച്ചെന്നുമാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.
സി.ബി.എസ്.ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷകൾക്ക് തുടക്കമായിരിക്കയാണ്. എന്നാൽ, പരീക്ഷയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉയരുന്നത് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വലിയ പ്രതിഷേധമാണ്. മാത്തമാറ്റിക്സ് ബേസിക് തിരഞ്ഞെടുത്തവർക്ക് പേപ്പർ അപ്രതീക്ഷിതമായി കഠിനമായിരുന്നു എന്നാണ് പ്രധാന പരാതി. മാത്തമാറ്റിക്സ് സ്റ്റാൻഡേർഡ് പേപ്പറിനേക്കാൾ പ്രയാസമായിരുന്നു ബേസിക് പേപ്പറെന്നാണ് പലരും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നത്. പരീക്ഷയ്ക്ക് പിന്നാലെ @onlypratikhya എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് ഒരു വിദ്യാർത്ഥിനി പങ്കുവെച്ച വീഡിയോ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. താൻ പരീക്ഷയ്ക്കായി പഠിച്ച പുസ്തകങ്ങളെല്ലാം കാണിച്ചുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. എന്നാൽ ഇത്രയധികം തയ്യാറെടുപ്പുകൾ നടത്തിയിട്ടും, പഠിച്ച കാര്യങ്ങളൊന്നും പരീക്ഷയ്ക്ക് വന്നില്ലെന്ന് വിദ്യാർത്ഥിനി ആരോപിക്കുന്നു.
'സി.ബി.എസ്.ഇ ഞങ്ങളെ ചതിച്ചു. രണ്ട് മാസത്തോളം ഞാൻ കഠിനമായി പരിശ്രമിച്ചു, പക്ഷേ ഒരു ഫലവും ഉണ്ടായില്ല. സ്റ്റാൻഡേർഡ് പേപ്പറിനേക്കാൾ പ്രയാസമായിരുന്നു ബേസിക്. ഇനി മോഡറേറ്റ് ചെക്കിംഗ് മാത്രമേ ഞങ്ങൾ പ്രതീക്ഷിക്കുന്നുള്ളൂ' എന്നാണ് വീഡിയോയിൽ വിദ്യാർത്ഥിനി പറയുന്നത്. 'ഇത് അംഗീകരിക്കാനാവില്ല' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി വിദ്യാർത്ഥികളാണ് സമാനമായ അഭിപ്രായവുമായി രംഗത്തെത്തിയത്.
വിദ്യാർത്ഥികളുടെ പഠനഭാരം കുറയ്ക്കുന്നതിനായി 2019-ലാണ് സിബിഎസ്ഇ ഗണിതശാസ്ത്രത്തിൽ രണ്ട് രീതിയിലുള്ള പരീക്ഷകൾ അവതരിപ്പിച്ചത്. പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ ഗണിതം തുടർന്ന് പഠിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ളതാണ് മാത്തമാറ്റിക്സ് സ്റ്റാൻഡേർഡ്. ഇത് കുറച്ചുകൂടി പ്രായോഗിക ബുദ്ധി പരീക്ഷിക്കുന്ന രീതിയിലുള്ളതാണ്.
ഭാവിയിൽ ഗണിതം ഒരു വിഷയമായി പഠിക്കാൻ താൽപ്പര്യമില്ലാത്തവർക്കുള്ളതാണ് മാത്തമാറ്റിക്സ് ബേസിക്. ഇത് താരതമ്യേന ലളിതമായിരിക്കുമെന്നാണ് ബോർഡ് അറിയിച്ചിരുന്നത്. രണ്ട് പരീക്ഷകൾക്കും ഒരേ സിലബസ് ആണെങ്കിലും ബേസിക് പേപ്പർ കടുപ്പമായത് വിദ്യാർത്ഥികളെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ബോർഡിന്റെ ഭാഗത്തുനിന്ന് ഇതിൽ എന്തെങ്കിലും വിശദീകരണം ഉണ്ടാകുമോ എന്നാണ് വിദ്യാർത്ഥികൾ ഉറ്റുനോക്കുന്നത്.
