സർക്കാർ രേഖകളിൽ മരിച്ചതായി രേഖപ്പെടുത്തി. താൻ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാൻ വേറിട്ട പ്രതിഷേധം നടത്തി യുപിയില്‍ നിന്നുള്ള മുന്‍ സര്‍ക്കാര്‍ ജീവനക്കാരന്‍. ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫീസിന് മുന്നിൽ മൃതദേഹം പോലെ കിടന്നുകൊണ്ടായിരുന്നു പ്രതിഷേധം. 

മരിച്ചുവെന്ന് സർക്കാർ രേഖകൾ. മരിച്ചിട്ടില്ലെന്ന് തെളിയിക്കാൻ സ്വന്തം മരണം അഭിനയിച്ച് വൃദ്ധന്റെ പ്രതിഷേധം. സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ. ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലാണ് ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫീസിനു മുന്നിൽ വെള്ള പുതച്ച്, മാലയണിഞ്ഞ് മൃതദേഹം പോലെ കിടന്ന ഇദ്ദേഹം പെട്ടെന്ന് എഴുന്നേറ്റ് 'സാബ്, ഞാൻ ജീവിച്ചിരിപ്പുണ്ട്' എന്നെഴുതിയ പ്ലക്കാർഡ് ഉയർത്തുകയായിരുന്നു. റിട്ട. സർക്കാർ ഉദ്യോഗസ്ഥനായ ഇഷാഖ് അലി എന്നയാളാണ് ഈ വേറിട്ട പ്രതിഷേധം നടത്തിയത്.

Add Asianetnews as a Preferred SourcegooglePreferred

2012 -ൽ ഇദ്ദേഹം സർവീസിലിരിക്കെ തന്നെ റെവന്യൂ രേഖകളിൽ ഇദ്ദേഹം മരിച്ചതായി രേഖപ്പെടുത്തുകയായിരുന്നത്രെ. എന്നാൽ, ഇതിനുശേഷവും ഏഴ് വർഷം കൂടി ജോലി ചെയ്ത് 2019 -ലാണ് അദ്ദേഹം സർവീസിൽ നിന്നും വിരമിച്ചത്. താൻ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാൻ കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഇദ്ദേഹം വിവിധ ഓഫീസുകൾ കയറിയിറങ്ങുകയാണ്. എന്നാൽ, കാര്യമുണ്ടായില്ല. റെവന്യൂ ഇൻസ്‌പെക്ടറായ ലളിത് കുമാർ മിശ്രയ്ക്കെതിരെയാണ് ഇഷാഖ് അലി ഗുരുതരമായ ആരോപണം ഉന്നയിക്കുന്നത്. രേഖകളിൽ താൻ മരിച്ചതായി രേഖപ്പെടുത്തിയതിന് പിന്നിൽ വലിയ ​ഗൂഢാലോചനയുണ്ട് എന്നും ഇഷാഖ് അലി പറയുന്നു.

Scroll to load tweet…

മരിച്ചതായി രേഖപ്പെടുത്തിയതോടെ അദ്ദേഹത്തിന്റെ കുടുംബസ്വത്ത് ഒരു സ്ത്രീയുടെ പേരിലേക്ക് മാറ്റപ്പെട്ടു. തന്റെ സ്വത്ത് തട്ടിയെടുക്കാൻ ഉദ്യോഗസ്ഥർ വ്യാജരേഖകൾ ചമച്ചതാണെന്നും ഇദ്ദേഹം പറയുന്നു. പലതവണ അധികാരികളെ സമീപിച്ചു. എന്നാൽ, യാതൊരു ഫലവും ഉണ്ടായില്ല. അങ്ങനെയാണ്, ഇത്തരമൊരു വേറിട്ട പ്രതിഷേധത്തിലേക്ക് അദ്ദേഹം എത്തിയത്. വെള്ളത്തുണി പുതച്ച് മൃതദേഹമായി കിടന്ന ഇഷാഖ് അലി പെട്ടെന്ന് എഴുന്നേറ്റപ്പോൾ ചുറ്റുമുള്ളവർ ആദ്യം ഞെട്ടി. പിന്നീട് കാര്യങ്ങൾ ബോധ്യപ്പെട്ടതോടെ പ്രതിഷേധം വാർത്തയാകുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.