ഒരു അച്ഛൻ സ്നേഹത്തോടെ നൽകുന്ന സ്പെഷ്യൽ ട്രീറ്റിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് മകന്‍. ജയ്ദീപ് കൊച്ചാർ എന്ന യുവാവാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഡയറ്റിലാണെങ്കിലും ജയദീപിന് ആ സ്നേഹസല്‍ക്കാരം വേണ്ടെന്ന് വയ്ക്കാനാവുന്നില്ല.

വീട്ടിലെത്തുന്ന മകന് അച്ഛൻ നൽകുന്ന ഒരു ചെറിയ സ്പെഷ്യൽ ട്രീറ്റ്. അത് കണ്ടപ്പോൾ സോഷ്യൽ മീഡിയ ഒന്നടങ്കം അത്ഭുതപ്പെട്ടിരിക്കുകയാണ്. ഇൻസ്റ്റഗ്രാം യൂസറായ ജയ്ദീപ് കൊച്ചാർ പങ്കുവെച്ച ഈ വീഡിയോ അച്ഛനും മകനും തമ്മിലുള്ള ഹൃദ്യമായ സ്‌നേഹബന്ധത്തിന്റെ നേർക്കാഴ്ചയായി മാറുകയാണ്. 'ഞാൻ വീട്ടിലെത്തുമ്പോൾ അദ്ദേഹം അങ്ങേയറ്റം സന്തോഷവാനാകുന്നു' എന്നാണ് വീഡിയോയ്ക്ക് ജയ്ദീപ് നൽകിയ അടിക്കുറിപ്പ്.

വീഡിയോയുടെ തുടക്കത്തിൽ, 'ഇനി ഞാൻ അദ്ദേഹത്തോട് എങ്ങനെ പറയും? ഞാൻ ഡയറ്റിംഗിലാണെന്ന്' എന്ന കുറിപ്പ് സ്ക്രീനിൽ വരുന്നു. ആരോഗ്യകരമായ ജീവിതശൈലിയും അച്ഛൻ സ്നേഹത്തോടെ തയ്യാറാക്കുന്ന ഭക്ഷണവും തമ്മിലുള്ള ചെറിയൊരു ആശയക്കുഴപ്പമാണ് ഇവിടെ കാണുന്നത്. എന്നാൽ തൊട്ടുപിന്നാലെ, 'യമ്മി യമ്മി യമ്മി... പപ്പയുടെ വക മകന് ഒരു സ്പെഷ്യൽ ട്രീറ്റ്' എന്ന് ആഹ്ലാദത്തോടെ വിളിച്ചുപറഞ്ഞുകൊണ്ട് അച്ഛൻ മകന്റെ മുറിയിലേക്ക് ട്രേയുമായി പ്രവേശിക്കുന്നു. പച്ചക്കറികൾ ചേർത്ത നൂഡിൽസും മറ്റ് വിഭവങ്ങളും അടങ്ങിയതായിരുന്നു ആ സ്പെഷ്യൽ ട്രേ.

ഈ വീഡിയോ കണ്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നിറയെ സ്നേഹം തുളുമ്പുന്ന കമന്റുകളാണ്. 'ബ്രോ, ആ കലോറി കണക്കുകൾ മറന്നേക്കൂ, ഇത് ശുദ്ധമായ സ്നേഹമാണ്, എല്ലാവർക്കും ഇങ്ങനെയൊരു സ്നേഹം ലഭിക്കില്ല' എന്ന് ഒരാൾ കുറിച്ചു. 'അച്ഛൻ ഇത്രയധികം സ്നേഹത്തോടെ എന്തെങ്കിലും തരുമ്പോൾ അത് കഴിക്കുക തന്നെ വേണം. അവിടെ കലോറിക്ക് പ്രസക്തിയില്ല, അച്ഛന്റെ സ്നേഹത്തിന് മുന്നിൽ അതെല്ലാം അപ്രത്യക്ഷമാകും' എന്ന് മറ്റൊരാൾ കുറിച്ചു.

View post on Instagram

ഭക്ഷണത്തിന്റെ അളവിനെക്കാളുപരി, വളരെ ലളിതമായ രീതിയിൽ ഒരച്ഛൻ തന്റെ സ്നേഹം മകനോട് പ്രകടിപ്പിക്കുമ്പോഴുണ്ടാകുന്ന ആ ഊഷ്മളതയാണ് ഈ വീഡിയോയെ ജനപ്രിയമാക്കിയത്. കലോറി കുറയ്ക്കുന്നതിനെക്കാൾ അച്ഛന്റെ മനസ്സ് വേദനിപ്പിക്കാതിരിക്കാനാണ് താൻ മുൻഗണന നൽകുന്നതെന്ന് വീഡിയോയിലൂടെ പരോക്ഷമായി പറയുന്ന മകന്റെ അവസ്ഥ പലർക്കും പരിചിതമാണ്. ഇത്തരം കൊച്ചു നിമിഷങ്ങൾ പങ്കുവെക്കുന്നതിലൂടെ അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ ആഴം വീണ്ടും സാമൂഹിക മാധ്യമങ്ങളിൽ നിറയുകയാണ്.