വീഡിയോയിൽ ആന പതുക്കെ രോഗിയായ മനുഷ്യനെ കിടത്തിയിരിക്കുന്ന മുറിയിലേക്ക് വരുന്നത് കാണാം. പിന്നീട് അവിടെയെത്തി നിലത്തിരുന്ന ശേഷം തുമ്പിക്കൈ എടുത്ത് അയാളെ സ്പർശിക്കുന്നതും വീഡിയോയിൽ കാണാം.
ചില മൃഗങ്ങളെല്ലാം മനുഷ്യരുമായി അഗാധമായ ബന്ധം സൂക്ഷിക്കാറുണ്ട്. സാധാരണയായി വീട്ടിൽ വളർത്തുന്ന പട്ടികളും പൂച്ചകളുമൊക്കെയാണ് മനുഷ്യരുടെ അടുത്ത സുഹൃത്തുക്കളായി കണക്കാക്കപ്പെടുന്നത്. എന്നാൽ, അതിനുമപ്പുറവും വന്യമൃഗങ്ങളായ ആനകൾ അടക്കമുള്ളവയും തങ്ങളെ പരിചരിച്ചിരുന്ന ആളുകളോട് വലിയ ബന്ധം സൂക്ഷിക്കാറുണ്ട്. അത് തെളിയിക്കുന്ന വളരെ വികാരഭരിതമായ ഒരു രംഗമാണ് ഈ ആശുപത്രിയിലുണ്ടായത്.
ഇതിന്റെ വീഡിയോ പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലായി മാറി. ആശുപത്രിയിലെത്തി തന്നെ പരിചരിച്ചിരുന്ന ആളോട് അവസാനമായി യാത്രയയപ്പ് പറയുന്ന ഒരു ആനയാണ് ഈ വീഡിയോയിൽ ഉള്ളത്. തീരെ വയ്യാതെ കിടക്കുന്ന, ഒരിക്കൽ തന്നെ പരിചരിച്ചിരുന്ന മനുഷ്യനെ ആന വന്ന് കാണുന്ന രംഗമാണ് വീഡിയോയിൽ.
വീഡിയോ എക്സിൽ (ട്വിറ്റർ) ഷെയർ ചെയ്തിരിക്കുന്നത് 'നേച്ചർ ഈസ് അമേസിങ്' എന്ന അക്കൗണ്ടിൽ നിന്നാണ്. ഇത് പോലെയുള്ള അനേകം വീഡിയോകൾ ഈ അക്കൗണ്ടിൽ നിന്നും ഷെയർ ചെയ്യാറുണ്ട്.
'ഗുരുതരമായി രോഗം ബാധിച്ചിരിക്കുന്ന തൻ്റെ കെയർടേക്കറോട് വിട പറയാൻ ആനയെ ആശുപത്രിയിലെത്തിച്ചപ്പോൾ' എന്നാണ് വീഡിയോയുടെ കാപ്ഷനിൽ കുറിച്ചിരിക്കുന്നത്. വീഡിയോയിൽ ആന പതുക്കെ രോഗിയായ മനുഷ്യനെ കിടത്തിയിരിക്കുന്ന മുറിയിലേക്ക് വരുന്നത് കാണാം. പിന്നീട് അവിടെയെത്തി നിലത്തിരുന്ന ശേഷം തുമ്പിക്കൈ എടുത്ത് അയാളെ സ്പർശിക്കുന്നതും വീഡിയോയിൽ കാണാം.
നിരവധിപ്പേരാണ് അതീവ വൈകാരികമായ ഈ രംഗത്തിന്റെ വീഡിയോ കണ്ടത്. ഒരുപാടുപേർ വീഡിയോയ്ക്ക് കമന്റുകളും നൽകിയിട്ടുണ്ട്. 'ശരിക്കും കണ്ണ് നനയിക്കുന്ന രംഗം' എന്നാണ് മിക്കവരും കമന്റ് നൽകിയിരിക്കുന്നത്. 'ആനയ്ക്ക് അദ്ദേഹത്തെ കാണുമ്പോൾ ശരിക്കും സങ്കടം തോന്നുന്നുണ്ട്' എന്നാണ് മറ്റൊരാൾ കമന്റ് നൽകിയിരിക്കുന്നത്. 'അദ്ദേഹത്തിനോട് യാത്ര പറയുന്നതിൽ ആനയ്ക്ക് ശരിക്കും സങ്കടമുണ്ട്' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
