ബിരുദദാനച്ചടങ്ങിന്റെ വേദിയിലേക്ക് നടക്കുന്ന നാവലിന്റെ തോളിൽ യാതൊരു ഭയവുമില്ലാതെ ശാന്തമായി ഇരിക്കുന്ന പൂച്ചയാണ് വീഡിയോയുടെ പ്രധാന ആകർഷണം. വേദിയിലുണ്ടായിരുന്ന ഡീനും പ്രൊഫസർമാരും അപ്രതീക്ഷിതമായി വിദ്യാർത്ഥിക്കൊപ്പം എത്തിയ ഈ അതിഥിയെ കണ്ട് ആദ്യം ഒന്ന് അമ്പരക്കുന്നുണ്ട്.
ബിരുദദാനച്ചടങ്ങ് ഒരാളെ സംബന്ധിച്ച് തന്റെ ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങളിൽ ഒന്നായിരിക്കും. അതുപോലെ, പ്രിയപ്പെട്ടവരെല്ലാം ആ ദിവസം കൂടെയുണ്ടാകണമെന്നും നാം ആഗ്രഹിക്കും. എന്നാൽ, തികച്ചും വേറിട്ടൊരു ബിരുദദാനച്ചടങ്ങാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവരുന്നത്. മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി തനിക്കൊപ്പം തന്റെ വളർത്തുപൂച്ചയെയും വേദിയിലേക്ക് കൂട്ടിക്കൊണ്ടാണ് ഈ യുവാവ് ശ്രദ്ധ നേടിയത്. ആർ. നാവൽ താംബുൽക്കർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ആളുകളെ ആകർഷിക്കുകയാണ്.
ബിരുദദാനച്ചടങ്ങിന്റെ വേദിയിലേക്ക് നടക്കുന്ന നാവലിന്റെ തോളിൽ യാതൊരു ഭയവുമില്ലാതെ ശാന്തമായി ഇരിക്കുന്ന പൂച്ചയാണ് വീഡിയോയുടെ പ്രധാന ആകർഷണം. വേദിയിലുണ്ടായിരുന്ന ഡീനും പ്രൊഫസർമാരും അപ്രതീക്ഷിതമായി വിദ്യാർത്ഥിക്കൊപ്പം എത്തിയ ഈ അതിഥിയെ കണ്ട് ആദ്യം ഒന്ന് അമ്പരക്കുന്നുണ്ട്. എങ്കിലും നിമിഷനേരംകൊണ്ട് അവരുടെ മുഖത്ത് പുഞ്ചിരി വിടരുകയായിരുന്നു. പൂച്ചയാവട്ടെ വളരെ കൂളായിട്ടാണ് വിദ്യാർത്ഥിയുടെ തോളിൽ ഇരിക്കുന്നത്.
നിരവധിപ്പേരാണ് ഈ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. 'ഈ വീഡിയോയിലെ യഥാർത്ഥ നായകൻ ഈ പൂച്ചയാണ്' എന്നായിരുന്നു ഒരാളുടെ കമന്റ്. 'എന്റെ പൂച്ചയായിരുന്നെങ്കിൽ ഇപ്പോൾ ആ സർട്ടിഫിക്കറ്റും എന്റെ മുഖവും കീറിപ്പറിച്ചേനെ' എന്നായിരുന്നു മറ്റൊരു കമന്റ്. 'ഇദ്ദേഹം നന്നായി പഠിക്കാൻ ഈ പൂച്ചയും സഹായിച്ചിട്ടുണ്ടാകും' എന്നായിരുന്നു മറ്റ് ചിലരുടെ കമന്റ്. 'എന്റെ ഗ്രാജുവേഷന് ഞാനും ഇങ്ങനെ ചെയ്യും' എന്നും നിരവധിപ്പേർ പറഞ്ഞിട്ടുണ്ട്. എന്തായാലും മൃഗസ്നേഹികൾക്ക് ഈ വിദ്യാർത്ഥി തന്റെ പൂച്ചയേയും കൊണ്ട് ബിരുദദാനച്ചടങ്ങിൽ പങ്കെടുത്ത കാഴ്ച വല്ലാതെയങ്ങ് ഇഷ്ടപ്പെട്ടിട്ടുണ്ട്. പ്രിയപ്പെട്ടവരെല്ലാം വരുമ്പോൾ എന്തിനാണ് നമ്മുടെ വളരെ പ്രിയപ്പെട്ട പൂച്ചയെ അത്തരം ഒരു ചടങ്ങിൽ നിന്നും ഒഴിവാക്കുന്നത് അല്ലേ?
