സൗജന്യമായി യാത്ര ചെയ്യാനാകില്ലെന്ന് ഓട്ടോ ഡ്രൈവര്‍. അസഭ്യ വര്‍ഷം ചൊരിഞ്ഞ് പൊലീസുകാരന്‍. ഗുരുഗ്രാമില്‍ നിന്നുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനമേറ്റുവാങ്ങുന്നു. 

ഓട്ടോറിക്ഷയിൽ സൗജന്യ യാത്ര അനുവദിക്കാതിരുന്ന ഡ്രൈവറെ പൊലീസുകാരൻ പരസ്യമായി അസഭ്യം പറയുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധത്തിന് വഴിവെക്കുന്നു. ഗുരുഗ്രാമിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ. മറ്റൊരു യാത്രക്കാരന്റെ ബുക്കിംഗ് ഉള്ളതിനാൽ സൗജന്യമായി വരാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ ഓട്ടോ ഡ്രൈവർക്ക് നേരെയാണ് പോലീസുകാരൻ തട്ടിക്കയറിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംഭവത്തെക്കുറിച്ച് ലഭ്യമായ വിവരങ്ങൾ ഇങ്ങനെയാണ്, മറ്റൊരു ഓൺലൈൻ ബുക്കിംഗ് ഉള്ളതിനാൽ തനിക്ക് വരാൻ കഴിയില്ലെന്ന് ഓട്ടോ ഡ്രൈവർ പോലീസുകാരനോട് വ്യക്തമാക്കുകയായിരുന്നു. എന്നാൽ, ഇത് കേൾക്കാൻ തയ്യാറാകാതിരുന്ന പോലീസുകാരൻ ഡ്രൈവർക്ക് നേരെ അസഭ്യവർഷം ചൊരിയുന്നു. തന്റെ ജോലി കൃത്യമായി ചെയ്തതിന് എന്തിനാണ് തന്നോട് ഈ രീതിയിൽ പെരുമാറുന്നതെന്ന് ഡ്രൈവർ ചോദിക്കുന്നതും വീഡിയോയിൽ കാണാം. താൻ സാധാരണ രീതിയിൽ ബുക്കിംഗ് അനുസരിച്ച് ഓട്ടോ ഓടിക്കാൻ വന്നതാണെന്നും, പോലീസുകാരൻ ബലമായി വണ്ടിയിൽ കയറി സൗജന്യ യാത്ര ആവശ്യപ്പെടുകയും അത് വിസമ്മതിച്ചപ്പോൾ മോശമായി പെരുമാറുകയും ചെയ്തതായി ഡ്രൈവർ പിന്നീട് ക്യാമറയ്ക്ക് മുന്നിൽ വ്യക്തമാക്കി.

പോലീസുകാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം നിയമലംഘനങ്ങൾക്കെതിരെയും പെരുമാറ്റങ്ങൾക്കെതിരെയും സാമൂഹിക മാധ്യമങ്ങളിൽ കടുത്ത ജനരോഷമാണ് ഉയരുന്നത്. എന്നാൽ, ഈ സംഭവത്തെക്കുറിച്ച് ഗുരുഗ്രാം പോലീസ് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.

View post on Instagram

കഴിഞ്ഞ നവംബറിൽ ഉത്തർപ്രദേശിലെ ഗൊരഖ്പൂരിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. റാപ്പിഡോ ബുക്കിംഗ് ഉള്ളതിനാൽ പോലീസുകാരന് സൗജന്യ യാത്ര നൽകാൻ ഇ-റിക്ഷ ഡ്രൈവർ വിസമ്മതിച്ചു. ഇതിൽ പ്രകോപിതനായ പോലീസ് സബ് ഇൻസ്പെക്ടർ, ഡ്രൈവറുടെ വാഹനത്തിന്റെ ചിത്രം മൊബൈലിൽ പകർത്തുകയും നിയമലംഘനം ആരോപിച്ചുകൊണ്ട് മനഃപൂർവ്വം വലിയ തുക പിഴ ചുമത്തുകയും ചെയ്തു. പോലീസുകാരൻ പദവി ദുരുപയോഗം ചെയ്തതിനെതിരെ വലിയ തോതിലുള്ള പ്രതിഷേധമാണ് അന്ന് സോഷ്യൽ മീഡിയയിൽ ഉയർന്നത്.