വന്ദേ ഭാരത് ട്രെയിനുകളിൽ യാത്രക്കാർ മാലിന്യം വലിച്ചെറിയുന്നതിനെതിരെ വ്യവസായി ഹർഷ് ഗോയങ്ക രംഗത്ത്. ട്രെയിനിനുള്ളിലെ ദൃശ്യങ്ങൾ പങ്കുവെച്ച അദ്ദേഹം ഇന്ത്യക്കാരുടെ സിവിക് സെൻസിനെക്കുറിച്ച് ചോദ്യമുയർത്തി. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനൊപ്പം പൊതുസ്ഥലങ്ങൾ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാനും ജനങ്ങൾ പഠിക്കണമെന്ന് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി.
അത്യാധുനിക സൗകര്യങ്ങളുള്ള വന്ദേ ഭാരത് ട്രെയിനുകളിലെ യാത്രക്കാരുടെ പെരുമാറ്റത്തെ ചോദ്യം ചെയ്ത് വ്യവസായി ഹർഷ് ഗോയങ്ക രംഗത്ത്. ട്രെയിനിനുള്ളിൽ യാത്രക്കാർ മാലിന്യം വലിച്ചെറിയുന്നതിന്‍റെ ദൃശ്യങ്ങൾ പങ്കുവെച്ചാണ് അദ്ദേഹം ഇന്ത്യക്കാരുടെ സിവിക് സെൻസിനെക്കുറിച്ച് ചോദ്യമുയർത്തിയത്. സെപ്റ്റംബർ 25 -നാണ് ഗോയങ്ക തന്‍റെ എക്സ് ഹാന്‍റിലിൽ വീഡിയോ പങ്കുവെച്ചത്.
അതിവേഗം, വൃത്തിയുള്ളത്
അതിവേഗവും ആധുനികവും സൗകര്യപ്രദവുമായ യാത്രാനുഭവമാണ് വന്ദേ ഭാരത് നൽകുന്നതെന്ന് വീഡിയോയുടെ ആദ്യ പകുതിയിൽ പറയുന്നു. എന്നാൽ രണ്ടാം പകുതിയിൽ യാത്രക്കാർ വൃത്തികേടാക്കായി ട്രെയിനിന്‍റെ ദൃശ്യങ്ങളാണുള്ളത്. യാത്രക്കാർക്ക് സീറ്റിൽ തന്നെ പ്രഭാതഭക്ഷണവും ലഘുഭക്ഷണങ്ങളും പത്രങ്ങളും മറ്റും എത്തിക്കുന്നതും വൃത്തിയുള്ള ടേയ്ലന്‍റും വീഡിയോയിൽ കാണാം. ഭക്ഷണം കഴിച്ചശേഷം ട്രേകളും ജീവനക്കാർ തന്നെ ശേഖരിക്കുന്നതും ആവശ്യമെങ്കിൽ മാലിന്യവും അവർ തന്നെ ശേഖരിക്കുകയും ചെയ്യുന്നു. ഇതിനൊന്നിനും യാത്രക്കാർ തങ്ങളുടെ സീറ്റിൽ നിന്നും എഴുന്നേൽക്കേണ്ടത് പോലുമില്ല.
പക്ഷേ, യാത്രക്കാരുടെ സിവിക് സെന്‍സ്...
എന്നാൽ, ഇതിന് പിന്നാലെ യാത്രക്കാരുടെ ഭാഗത്ത് നിന്നുള്ള ‘സംഭാവന’യാണ് ഗോയങ്ക ചൂണ്ടിക്കാട്ടുന്നത്. ഭക്ഷണപ്പൊതികളുടെ കവറുകൾ സീറ്റ് പോക്കറ്റിലിടുക, പാനീയങ്ങളുടെ കാനുകളും വെള്ളക്കുപ്പികളും തറയിലും സീറ്റുകളിലും ഉപേക്ഷിക്കുക, പത്രങ്ങൾ പോലും തറയിൽ വലിച്ചെറിയുക തുടങ്ങിയ മോശം പ്രവണതകളാണ് യാത്രക്കാരിൽ നിന്നുമുണ്ടാകുന്നതെന്ന് വീഡിയോയിൽ പരാമർശിക്കുന്നു. വീഡിയോ പങ്കുവച്ച് കൊണ്ട് “നമ്മുടെ ആളുകളെ എങ്ങനെ സിവിക് സെൻസ് പഠിപ്പിക്കും?” എന്ന് ചോദ്യം ഹർഷ് ഗോയങ്ക ഉയർത്തുന്നു.
വേണം അല്പം പൗരബോധം
അദ്ദേഹത്തിന്‍റെ പോസ്റ്റ് വളരെ വേഗം സമൂഹ മാധ്യമങ്ങളിൽ വൈറലായി. പിന്നാലെ വലിയൊരു ചർച്ച തന്നെ നടന്നു. അടിസ്ഥാന സൗകര്യങ്ങൾ മാത്രം വികസിപ്പിച്ചാൽ പോരെന്നും പൊതുസ്ഥലങ്ങൾ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാനുള്ള ശീലം ജനങ്ങളിൽ വളർത്തണമെന്നും പലരും അഭിപ്രായപ്പെട്ടു. സിവിക് സെൻസ് വിദ്യാഭ്യാസത്തിന്‍റെ ഭാഗമാക്കണമെന്ന നിർദേശവും ചിലർ ഉയർത്തി. ലോകോത്തര സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം അവ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തവും പൗരന്മാർ ഏറ്റെടുക്കണമെന്ന് ചർച്ചയിൽ ഉയർന്നുവന്നു.


