ഹിമാചൽ പ്രദേശിലെ മണാലിയിൽ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ആയിരക്കണക്കിന് സഞ്ചാരികൾ കുടുങ്ങി. ഇവര്‍ ലഗേജുകളുമായി മഞ്ഞിലൂടെ നടന്നുപോകുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കയാണ്. 

ഹിമാചൽ പ്രദേശിലെ മണാലിയിൽ കനത്ത മഞ്ഞുവീഴ്ചയാണ്. പ്രധാന വിനോദസഞ്ചാരകേന്ദ്രമായ ഇവിടെ അതോടെ നിരവധിക്കണക്കിന് ടൂറിസ്റ്റുകളാണ് കുടുങ്ങിപ്പോയത്. മണാലിയിലെ മനോഹരമായ മഞ്ഞുകാണാനെത്തിയ ആയിരക്കണക്കിന് സഞ്ചാരികളാണ് കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ഇവിടെ കുടുങ്ങിപ്പോയത്. തിങ്കളാഴ്ച (ഇന്ന്) റിപ്പബ്ലിക് ദിന അവധി കൂടി വന്നതോടെ ശനി, ഞായർ, തിങ്കൾ എന്നിങ്ങനെ മൂന്ന് ദിവസങ്ങൾ ഉപയോ​ഗപ്പെടുത്തി യാത്ര തിരിച്ചവരും ഒരുപാടുണ്ട്. ഇവിടെ നിന്നുള്ള ദൃശ്യങ്ങൾ പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ വാഹനങ്ങൾ വഴിയിൽ കുടുങ്ങി കിടക്കുന്നത് കാണാം. വാഹനങ്ങൾ കുടുങ്ങിയതോടെ പല സഞ്ചാരികളും ഇറങ്ങി നടക്കാൻ നിർബന്ധിതരായി മാറുകയായിരുന്നു. സ്യൂട്ട്കേസും മറ്റുമായി ഇവർ കനത്ത മഞ്ഞിലൂടെ നടന്നു നീങ്ങുന്ന ദൃശ്യങ്ങളും പുറത്തു വന്നവയിൽ പെടുന്നു. വിനോദസഞ്ചാരികളുടെ സുരക്ഷയെ കുറിച്ചും അതുപോലെ തന്നെ അമിതമായ ടൂറിസം ഉയർത്തുന്ന വെല്ലുവിളികളെ കുറിച്ചും ചർച്ചകൾ ഉയരാൻ ഈ ദൃശ്യങ്ങൾ കാരണമായി തീർന്നിട്ടുണ്ട്.

View post on Instagram

ഒരു ദിവസം മുമ്പ് aish_tour ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്ന വീഡിയോയുടെ ക്യാപ്ഷനിൽ പറയുന്നത് റോഡിലെ തടസങ്ങൾ നീങ്ങി എന്ന് അറിയാതെ മണാലിയിലേക്ക് യാത്ര ചെയ്യരുത് എന്നാണ്. 25 -ന് രാവിലെ 2.30 ന് പകർത്തിയ ദൃശ്യങ്ങളാണ് ഇത്. അതിൽ ആളുകൾ തങ്ങളുടെ ല​ഗേജുമായി പ്രയാസപ്പെട്ട് നടന്നു നീങ്ങുന്നത് കാണാം. വഴിയിലെല്ലാം കനത്ത മഞ്ഞും വെള്ളവുമാണ്. ചിലരൊക്കെ അതിൽ തെന്നി വീഴുന്നതും കാണാം. അതീവ പ്രയാസകരവും അപകടകരവുമാണ് സാഹചര്യം എന്നാണ് ഇത് കാണുമ്പോൾ മനസിലാകുന്നത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. അമിതമായ ടൂറിസത്തെ കുറിച്ചും പ്രകൃതി ഉയർത്തുന്ന വെല്ലുവിളികളെ കുറിച്ചും പലരും കമന്റുകൾ നൽകിയിരിക്കുന്നതും കാണാം.