ഹിമാചൽ പ്രദേശിലെ മഞ്ഞുമൂടിയ റോഡിൽ ഒരു കൂട്ടം യുവാക്കൾ ഷർട്ടൂരി മദ്യവും ഹുക്കയുമായി ആഘോഷിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവയ്ക്കുന്നത്. മറ്റ് സഞ്ചാരികളെ പോലും മടുപ്പിക്കുന്നതാണ് ഇത്തരം പെരുമാറ്റമെന്ന് വിമര്‍ശനം. 

ഹിമാചൽ പ്രദേശിലെ മഞ്ഞുമൂടിയ ഒരു ജില്ലയിൽ നിന്നുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ വിമർശനത്തിന് വഴിവച്ചിരിക്കുന്നത്. മൈനസ് ഡിഗ്രി തണുപ്പിൽ ഒരു കൂട്ടം യുവാക്കൾ റോഡരികിൽ നൃത്തം ചെയ്യുന്നതാണ് വീഡിയോയിൽ കാണുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന വീഡിയോയിൽ, മഞ്ഞു മൂടിയ റോഡിൽ അഞ്ചോ ആറോ യുവാക്കൾ ഉച്ചത്തിൽ സംഗീതം വച്ച് ആഘോഷിക്കുന്നത് കാണാം. ഇവരുടെ വാഹനവും സമീപത്ത് തന്നെ പാർക്ക് ചെയ്തിട്ടുണ്ട്.

വീഡിയോയിൽ, കഠിനമായ ആ തണുപ്പിലും ഷർട്ട് ധരിക്കാതെയാണ് കൂട്ടത്തിൽ മൂന്നുപേരുള്ളത്. മറ്റുള്ളവർ മദ്യക്കുപ്പികളും ഹുക്കകളും കയ്യിൽ പിടിച്ചിരിക്കുന്നതും കാണാം. ചുറ്റുമുള്ള മലനിരകളിലും വഴിയിലും എല്ലാം മഞ്ഞാണ്. നിഖിൽ സൈനി എന്ന യൂസറാണ് വിനോദസഞ്ചാരികളുടെ പെരുമാറ്റത്തെ വിമർശിച്ചുകൊണ്ട് ഈ വീഡിയോ എക്സിൽ (ട്വിറ്റർ) പങ്കുവെച്ചിരിക്കുന്നത്. 'വിദേശത്ത് നിന്നുള്ള വിനോദസഞ്ചാരികൾ ഇന്ത്യയിലെ പ്രശസ്തമായ സ്ഥലങ്ങൾ ഒഴിവാക്കി ശാന്തമായ ഉൾപ്രദേശങ്ങളിലേക്ക് പോകുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ വ്യക്തമാണ്. ആളുകളുടെ ഇത്തരത്തിലുള്ള പെരുമാറ്റം നാട്ടുകാരെ അങ്ങേയറ്റം പ്രകോപിപ്പിക്കുകയും അവരിൽ നേരത്തെ ഉണ്ടായിരുന്ന സ്നേഹോഷ്മളമായ സമീപനം ഇല്ലാതാക്കുകയും ചെയ്തു. ഇതിന് യാതൊരു ഒഴികഴിവോ ന്യായീകരണമോ ഇല്ല' എന്നാണ് വീഡ‍ിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തുകൊണ്ട് സൈനി കുറിച്ചിരിക്കുന്നത്.

Scroll to load tweet…

വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. എന്തുകൊണ്ടാണ് പൊതുസ്ഥലത്ത് ആളുകൾ യാതൊരു ഉത്തരവാദിത്തവും ഇല്ലാതെ പെരുമാറുന്നത് എന്നാണ് മിക്കവരും ചോദിച്ചിരിക്കുന്നത്. ഇത്തരം നിരുത്തവാദപെരുമായ പെരുമാറ്റത്തിനെതിരെ നടപടിയെടുക്കണം എന്നാണ് മറ്റ് ചിലർ കമന്റ് നൽകിയത്. അതിലോലമായ പ്രദേശങ്ങളിലുള്ള ഇത്തരം പെരുമാറ്റം ന്യായീകരിക്കാനാവില്ല എന്നും ആളുകൾ വീഡിയോയ്ക്ക് കമന്റുകൾ നൽകിയിട്ടുണ്ട്.