ഉത്തർപ്രദേശിലെ ബാഗ്‌പത് കളക്ടറേറ്റിൽ കർഷകരുമായുള്ള യോഗത്തിനിടെ അപ്രതീക്ഷിതമായി ഒരു അതിഥിയെത്തി. എല്ലാവരും അമ്പരന്നു. എന്നാല്‍, കസേരയിലിരിക്കാന്‍ പറഞ്ഞ് കളക്ടര്‍ അസ്മിത ലാല്‍. 

ഉത്തർപ്രദേശിലെ ബാഗ്‌പത് കളക്ടറേറ്റിൽ നിന്നുള്ള തികച്ചും രസകരമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ജില്ലാ മജിസ്‌ട്രേറ്റ് അസ്മിത ലാലും കർഷകരും തമ്മിലുള്ള ഔദ്യോഗികമായ ഒരു യോ​ഗം നടന്നുകൊണ്ടിരിക്കെയാണ് ഈ സംഭവം അരങ്ങേറിയത്. യോ​ഗം നടന്നുകൊണ്ടിരിക്കെ കളക്ടറുടെ വളർത്തുമൃഗമായ 'മാത്രു' എന്ന ലംഗൂർ കുരങ്ങൻ അകത്തേക്ക് കടന്നുവരികയായിരുന്നു. ഇതോടെ അവിടെ കൂടിയിരുന്ന സകലരും അമ്പരപ്പോടെ അതിനെ നോക്കി.

ബാഗ്‌പത് കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന ഈ സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. യോ​ഗത്തിൽ കർഷകരുടെ പരാതികൾ കേൾക്കുകയായിരുന്നു ജില്ലാ മജിസ്‌ട്രേറ്റ് അസ്മിത ലാലും പൊലീസ് സൂപ്രണ്ട് സൂരജ് കുമാർ റായും. ഇതിനിടയിലാണ് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് മാത്രു ഓഡിറ്റോറിയത്തിലേക്ക് കടന്നുവന്നത്. ഒട്ടും മടിക്കാതെ അത് നേരെ ഡിഎമ്മിന്റെ മേശയ്ക്കരികിലെത്തി. കുരങ്ങനെ കണ്ട് ഉദ്യോഗസ്ഥർ ആദ്യം ഒന്ന് പരിഭ്രമിച്ചെങ്കിലും കളക്ടറുടെ പ്രതികരണം എല്ലാവരെയും അമ്പരപ്പിച്ചു.

Scroll to load tweet…

തന്റെ അടുത്തേക്ക് വന്ന മാത്രുവിനെ കണ്ടപ്പോൾ അസ്മിത ലാൽ കസേരയിൽ നിന്നും എഴുന്നേൽക്കുകയും പുഞ്ചിരിയോടെ 'ഇവിടെ ഇരിക്കൂ' എന്ന് പറയുകയുമായിരുന്നു. ഉടൻ തന്നെ മാത്രു ആ കസേരയിൽ ഇരിപ്പുറപ്പിച്ചു. ഈ സമയം കർഷകരുമായുള്ള ചർച്ചകൾ തടസ്സമില്ലാതെ തുടരാനും കളക്ടർ ശ്രദ്ധിച്ചു. ആ സമയത്ത് ഹാളിലുണ്ടായിരുന്നവർ തന്നെയാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. പിന്നീട്, ഉദ്യോഗസ്ഥർ മാത്രുവിനെ സാവധാനം ഓഡിറ്റോറിയത്തിന് പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. എന്തായാലും അധികം വൈകാതെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറി. കളക്ടർ മാത്രുവിനോട് കാണിച്ച കരുതലിനെയും സ്നേഹത്തേയും പുകഴ്ത്തുകയാണ് നെറ്റിസൺസ്.