'ഹോങ്കോംഗ് ട്രാൻസിറ്റ് കൗണ്ടറിൽ, എന്റെ വാലറ്റ് തുറക്കാൻ അവർ എന്നോട് ആവശ്യപ്പെട്ടു. എന്റെ കൈവശം എത്ര പണമുണ്ടെന്നും എത്ര ക്രെഡിറ്റ് കാർഡുകളുണ്ടെന്നും പരിശോധിക്കുന്നതിന് വേണ്ടി ആയിരുന്നു ഇത്.'

വിസയില്ലാതെ തന്നെ ഇന്ത്യക്കാർക്ക് സന്ദർശിക്കാൻ സാധിക്കുന്ന രാജ്യങ്ങളുണ്ട്. എന്നാൽ, അവിടെ ഇന്ത്യൻ പാസ്‍പോർ‌ട്ടുമായി പോകുന്ന ഒരാൾ അഭിമുഖീകരിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് പറയുകയാണ് ഒരു കണ്ടന്റ് ക്രിയേറ്റർ. ഇയാൾ പങ്കുവച്ച വീഡിയോ വലിയ ചർച്ചയ്ക്കാണ് കാരണമായിത്തീർന്നത്. 

ഇൻസ്റ്റാഗ്രാമിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ, പല രാജ്യങ്ങളിലായി ഇമിഗ്രേഷൻ കൗണ്ടറുകളിൽ താൻ നേരിട്ട സൂക്ഷ്മപരിശോധനയെയും മറ്റ് പ്രതിസന്ധികളെയും കുറിച്ചാണ് കണ്ടന്റ് ക്രിയേറ്റർ പ്രതീക് സിംഗ് തുറന്നുപറയുന്നത്. 

എപ്പോഴെങ്കിലും ഇന്ത്യക്ക് പുറത്ത് പോയിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് ആ ബുദ്ധിമുട്ടുകളെ കുറിച്ച് അറിയാം. നിങ്ങൾ അരമണിക്കൂർ നീണ്ടുനിൽക്കുന്ന വൈവയ്ക്ക് തയ്യാറാകേണ്ടി വരും. വിസ വേണ്ടതില്ലാത്ത രാജ്യങ്ങളാണെങ്കിൽ പോലും നിങ്ങളുടെ ഉദ്ദേശം ശരിയല്ല എന്ന് പറഞ്ഞ് പ്രവേശനം ലഭിക്കാതെയിരിക്കാം. എല്ലാം ശരിയാക്കി ഒരു ടാക്സി നിങ്ങൾക്ക് വേണ്ടി പുറത്ത് കാത്തിരിക്കുമ്പോഴായിരിക്കാം ഇത് സംഭവിക്കുന്നത്. ഔദ്യോഗികമായി വിസ ഫ്രീ ആക്കിയതിനുശേഷവും, നിങ്ങളുടെ കൈവശമുള്ള യുഎസ്, ജപ്പാൻ, ഷെഞ്ചൻ വിസകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിങ്ങളുടെ പാസ്‌പോർട്ട് വിലയിരുത്തപ്പെടുന്നത് എന്നും പ്രതീക് സിം​ഗ് പറയുന്നു.

View post on Instagram

സൗത്ത് കൊറിയയിലേക്കുള്ള അടുത്തിടെയുണ്ടായ യാത്രയെ കുറിച്ചും യുവാവ് പറയുന്നുണ്ട്. ഹോങ്കോംഗ് ട്രാൻസിറ്റ് കൗണ്ടറിൽ, എന്റെ വാലറ്റ് തുറക്കാൻ അവർ എന്നോട് ആവശ്യപ്പെട്ടു. എന്റെ കൈവശം എത്ര പണമുണ്ടെന്നും എത്ര ക്രെഡിറ്റ് കാർഡുകളുണ്ടെന്നും പരിശോധിക്കുന്നതിന് വേണ്ടി ആയിരുന്നു ഇത്. മറ്റാരോടും അവർ ഇങ്ങനെ ചെയ്യാൻ ആവശ്യപ്പെട്ടിട്ടില്ല. പ്രധാന പല വിസകളും കൈവശം ഉണ്ടായ ശേഷമാണ് ഇത് എന്നും പ്രതീക് സിം​ഗ് പറയുന്നു. അതേസമയം സൗത്ത് കൊറിയയിലേക്ക് ഇന്ത്യക്കാർക്ക് വിസ വേണ്ടതല്ലേ എന്ന് പലരും കമന്റുകളിൽ ചോദിച്ചിട്ടുണ്ട്. 

എന്തായാലും, പലരും ഇന്ത്യൻ പാസ്പോർട്ട് ദുരുപയോ​ഗം ചെയ്യുന്നുണ്ട്, അതിനാലാണ് ഇത്തരം സൂക്ഷ്മപരിശോധനകൾ നടക്കുന്നത് എന്നാണ് പ്രതീക് സിം​ഗ് പറയുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം