ടോക്കിയോയിൽ കേരള റെസ്റ്റോറന്റ് നടത്തുന്ന പ്രായമായ ജാപ്പനീസ് ദമ്പതികള്‍. നാല് പതിറ്റാണ്ട് മുൻപ് കേരളത്തിൽ താമസിച്ച ഇവർ, വിരമിച്ച ശേഷമാണ് തങ്ങൾക്ക് പ്രിയപ്പെട്ട കേരള വിഭവങ്ങൾ ജപ്പാനിലെ ജനങ്ങൾക്ക് പരിചയപ്പെടുത്താനായി ഹോട്ടൽ തുറക്കുന്നത്. ദോശ, ഇഡ്ഡലി, വട തുടങ്ങിയ വിഭവങ്ങളെല്ലാം ഇവിടെ കിട്ടും.
മലയാളികളുടെ ബ്രേക്ക്ഫാസ്റ്റ് തന്നെ വളരെ റിച്ചാണ് അല്ലേ? ദോശ - ചട്നി, ഇഡലി- സാമ്പാർ, പുട്ട് -കടല തുടങ്ങി അതങ്ങനെ നീണ്ടുപോകും. നാട് വിട്ട് മറ്റൊരു നാട്ടിലേക്ക് കുടിയേറുമ്പോൾ പലരും മിസ് ചെയ്യാറുള്ളതും നമ്മുടെ ഈ രുചി വൈവിധ്യം തന്നെ. എന്നാൽ, ഇന്ന് പല രാജ്യങ്ങളിലും കേരളത്തിലെ വിഭവങ്ങൾ കിട്ടും. എന്നാൽ, ജപ്പാനിലെ ഒരു റെസ്റ്റോറന്റ് നമ്മുടെ പല വിഭവങ്ങളും അതുപോലെ ഉണ്ടാക്കി വിളമ്പുന്നുണ്ട്. എന്നാൽ, ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതൊന്നുമല്ല, ഈ ഹോട്ടൽ നടത്തുന്നത് മലയാളികളോ ഇന്ത്യക്കാരോ അല്ല, ജാപ്പനീസ് ദമ്പതികളാണ്.
ടോക്കിയോയിലെ 'കേരള നോ കാസെ നോ മോർണിംഗ്' എന്ന കേരള തീം റെസ്റ്റോറന്റ് സന്ദർശിച്ച ട്രാവൽ വ്ലോഗർ സോനം മിധയാണ് ഇൻസ്റ്റാഗ്രാമിൽ ഇതേക്കുറിച്ച് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ, പ്രായം ചെന്ന ജാപ്പനീസ് ദമ്പതികളാണ് ഈ റെസ്റ്റോറന്റ് നടത്തുന്നതെന്ന് അവർ വെളിപ്പെടുത്തുന്നത് കാണാം. ഈ ദമ്പതികൾ 4 പതിറ്റാണ്ടുകൾക്ക് മുമ്പ് രണ്ട് വർഷം കേരളത്തിൽ താമസിച്ചിരുന്നുവത്രെ. ജോലിയിൽ നിന്ന് വിരമിച്ച ശേഷം, ജപ്പാനിൽ ഒരു കേരള റെസ്റ്റോറന്റ് തുറക്കാൻ ദമ്പതികൾ തീരുമാനിക്കുകയായിരുന്നു. ദോശ, ഇഡ്ഡലി, വട, ഊത്തപ്പം, ഉപ്പുമാവ്, ചായ എന്നിവയെല്ലാം ഈ ഭക്ഷണശാലയിൽ കിട്ടും.
പ്രശസ്ത ജാപ്പനീസ് ഡ്രമ്മർ യോയോക-സാനിന്റെ മാതാപിതാക്കൾ കൂടിയാണ് ഈ ദമ്പതികൾ. അതിനാൽ, റെസ്റ്റോറന്റിലെ ഒരു കോർണർ അവർക്കായി പ്രത്യേകം സമർപ്പിച്ചിരിക്കുന്നു എന്നും വീഡിയോയിൽ പറയുന്നുണ്ട്. ജപ്പാനിൽ എന്തിനാണ് ഒരു കേരള റസ്റ്റോറന്റ് തുറന്നതെന്ന് ചോദിച്ചപ്പോൾ ഉടമ പറഞ്ഞത്, "എനിക്ക് എല്ലാ ദിവസവും ഈ ഭക്ഷണം കഴിക്കാൻ വേണ്ടിയാണ് ഞാൻ റസ്റ്റോറന്റ് തുറന്നത്. കൂടാതെ, ജപ്പാനിലെ കൂടുതൽ ആളുകൾ ഈ പാചകരീതിയെക്കുറിച്ച് അറിയണമെന്ന് ഞാൻ ആഗ്രഹിച്ചു" എന്നാണ്. മുമ്പ് ഫുൾ മീൽസ് കൂടി വിളമ്പിയിരുന്നുവെങ്കിലും പ്രായമായതിനാൽ എല്ലാം കൂടി കൈകാര്യം ചെയ്യാനാവാത്തതിനാല്‍ ഇപ്പോൾ ലഘുഭക്ഷണത്തിലേക്ക് മാറിയെന്നും അദ്ദേഹം പറയുന്നു.
നിരവധിപ്പേരാണ് ഈ വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. ടോക്കിയോയിൽ താമസിച്ചിരുന്ന പലരും ഈ റെസ്റ്റോറന്റിൽ സ്ഥിരമായി ഭക്ഷണം കഴിച്ചിരുന്നു എന്ന് പറഞ്ഞിരിക്കുന്നതും കമന്റുകളിൽ കാണാം.
