വീട്ടുടമയുമായുള്ള ഊഷ്മളമായ ബന്ധത്തെ കുറിച്ച് ഇൻഫ്ലുവൻസർ. മുൻവിധികളില്ലാതെ സ്നേഹിച്ച 'ദീപക് അങ്കിൾ' എന്ന് സ്നേഹത്തോടെ വിളിക്കുന്ന വീടുടമ മാതൃകയാണ് എന്നും കരീമ ബാരി എന്ന യുവതി.
ജോലിക്കും മറ്റ് ആവശ്യങ്ങൾക്കുമായി നഗരങ്ങളിലേക്ക് ചേക്കേറുമ്പോൾ വാടക വീടുകളെയാണ് പലരും ആശ്രയിക്കാറ്. എന്നാൽ, വീട്ടുടമസ്ഥന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്ന കർശന നിയമങ്ങളും നിബന്ധനകളും കാരണം പല വീടുകൾ മാറിമാറി പരീക്ഷിച്ച അനുഭവം നമുക്ക് ഓർത്തെടുക്കാൻ ഉണ്ടാകും. പ്രത്യേകിച്ച് സ്ത്രീകൾക്ക്. നടിയും സോഷ്യൽ മീഡിയാ ഇൻഫ്ലുവൻസറുമായ കരീമ ബാറി തന്റെ മുംബൈയിലെ വീട്ടുയുടമസ്ഥനുമായുള്ള ഹൃദയസ്പർശിയായ ബന്ധത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ്. 'ദീപക് അങ്കിൾ' എന്ന് സ്നേഹത്തോടെ വിളിക്കുന്ന വാടക വീടുടമ തന്റെ മുംബൈ ജീവിതത്തെ എങ്ങനെ മാറ്റിമറിച്ചു എന്ന് കരീമ സമൂഹമാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിൽ വിവരിക്കുന്നു.
പത്ത് വർഷത്തോളമായി സ്വന്തം വീട്ടിൽ നിന്നും മാറി നിൽക്കുകയാണ് കരീമ. മുംബൈയിൽ ആദ്യമായി എത്തിയപ്പോൾ അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ച് അവർ തുറന്നു പറഞ്ഞു. താമസിക്കാൻ അനുയോജ്യമായ ഒരു വീട് കണ്ടെത്തുക എന്ന കടമ്പ മുതൽ, ഭക്ഷണം, ജോലി എന്നിവയുടെ പേരിൽ പല വാടകക്കാരും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ കരീമയെ അലട്ടിയിരുന്നു. ദീപക്കിനെ കണ്ടുമുട്ടിയതോടെ എല്ലാ ആശങ്കകളും ഇല്ലാതായി എന്ന് വ്യക്തമാക്കുകയാണ് കരീമ. യാതൊരു മുൻവിധികളുമില്ലാതെ, ഒരു ഉടമസ്ഥൻ എന്നതിലുപരി സ്നേഹത്തോടും കരുതലോടും കൂടിയാണ് അദ്ദേഹം തന്നെ സ്വീകരിച്ചത്. ദീപക്കിന്റെ മകൾ അയൽവാസി മാത്രമല്ല, ഒരു അടുത്ത സുഹൃത്തായി മാറിയെന്നും കരീമ പറയുന്നു.
ചോദിക്കാതെ തന്നെ വീട്ടിൽ നിന്നും ലഭിക്കുന്ന ഭക്ഷണത്തെ കുറിച്ചും തന്റെ കൊൽക്കത്തയിലെ വീടിനെ ഓർമ്മിപ്പിക്കുന്ന ദീപക്കിന്റെ ഫ്ലാറ്റിനെക്കുറിച്ചും കരീമ വൈകാരികമായി സംസാരിച്ചു. കൂടാതെ, തന്റെ സെക്യൂരിറ്റി ഗാർഡ് രാജ്കുമാറിന്റെ കരുതലിനെ കുറിച്ചും അവർ എടുത്തു പറഞ്ഞു. ദീപക്കിന് ഒരു വാടക വീട് ഉടമയായി കാണുന്നതിനേക്കാൾ അദ്ദേഹം ആഗ്രഹിച്ചിരുന്നത് വ്യക്തിപരമായ ബന്ധമായിരുന്നു. മുംബൈയെപ്പോലെ തിരക്കേറിയ ഒരു നഗരത്തിൽ വാടകക്കാരും ഉടമസ്ഥരും തമ്മിൽ ഇത്രയും അടുത്ത ബന്ധം അപൂർവ്വമാണ്. ദീപക് തനിക്ക് ഒരു അങ്കിളും പിതൃതുല്യനുമായിരുന്നു.
തന്റെ ജന്മദിനങ്ങൾ, വളർത്തുമൃഗങ്ങളെ ദത്തെടുക്കൽ, സൗഹൃദങ്ങൾ, ഓഡിഷനുകൾ എന്നിങ്ങനെ എല്ലാ പ്രധാന നിമിഷങ്ങളിലും ആ വീട് തനിക്ക് തുണയായെന്നും കരീമ ഓർത്തെടുത്തു. ആ ഫ്ലാറ്റിൽ നിന്നും താമസം മാറിയെങ്കിലും ആ വീടിന് തൻറെ ഹൃദയത്തിൽ എപ്പോഴും പ്രത്യേക സ്ഥാനം ഉണ്ടായിരിക്കുമെന്ന് കരീമ പറയുന്നു. കാരണം, ഒറ്റയ്ക്ക് താമസിച്ചിട്ടും ഒരിക്കൽ പോലും താൻ ഒറ്റപ്പെട്ടവളാണെന്ന് തോന്നാത്ത ആദ്യത്തെ വീടായിരുന്നു അത് എന്നാണ് പോസ്റ്റിൽ പറയുന്നത്.
