സ്വന്തം മക്കളെ കൊലപ്പെടുത്തിയ ലിൻഡ്സെ ക്ലാൻസി എന്ന അമ്മയുടെ ഡയറിക്കുറിപ്പുകൾ ഉപയോഗിച്ച് മറ്റ് അമ്മമാർ ടിക് ടോക്കിൽ വീഡിയോകൾ ചെയ്യുന്നു. പ്രസവാനന്തര വിഷാദത്തെക്കുറിച്ചുള്ള ഈ വീഡിയോകൾ ഒരു വശത്ത് വൈറലാകുമ്പോൾ, ശിശുഹത്യയെ മഹത്വവൽക്കരിക്കുന്നു എന്ന വിമർശനവും ശക്തമായി ഉയരുന്നുണ്ട്.

ലിൻഡ്സെ ക്ലാൻസിയുടെ വിചാരണ, കോടതിയിൽ പുരോഗമിക്കവേ, കൈക്കുഞ്ഞുങ്ങളെ നെഞ്ചോടു ചേർത്തുപിടിച്ച് കരയുന്ന രീതിയിലുള്ള സ്ത്രീകളുടെ ടിക് ടോക് വീഡിയോകൾ ഇന്‍റർനെറ്റിൽ വലിയ രീതിയിലുള്ള പ്രതിഷേധത്തിന് വഴിവെക്കുന്നു. സ്വന്തം മക്കളെ പരിപാലിക്കുന്നതിനിടയിൽ താൻ അനുഭവിച്ച കടുത്ത ഉത്കണ്ഠ, വിഷാദം, നിരാശ എന്നിവയെക്കുറിച്ച് ലിൻഡ്സെ എഴുതിയ ഡയറിക്കുറിപ്പുകൾ പശ്ചാത്തലത്തിൽ പ്ലേ ചെയ്താണ് പലരും ഇത്തരം വീഡിയോകൾ ചിത്രീകരിക്കുന്നത്. "എനിക്കും അങ്ങനെ തന്നെ, ലിൻഡ്‌സെ." എന്ന തരത്തിലുള്ള വാചകങ്ങളും വീഡിയോകളിൽ ചേർത്തിട്ടുണ്ട്. എന്നാൽ, ഒരു വഴിക്ക് ഇത്തരം വീഡിയോകൾ വൈറലാകുമ്പോൾ മറുവഴിക്ക് ഇത്തരം വീഡിയോയ്ക്കെതിരെ രൂക്ഷമായ വിമർശനവും ഉയരുന്നു.

എന്താണ് ലിൻഡ്സെ ക്ലാൻസി കേസ്?

അമേരിക്കയിലെ മസാച്യുസെറ്റ്സിലുള്ള ഡക്സ്ബറിയിൽ താമസിച്ചിരുന്ന 35 -കാരിയായ ലിൻഡ്സെ ക്ലാൻസി, തന്‍റെ മക്കളായ കോറ (5), ഡോസൺ (3), കാലൻ (8 മാസം) എന്നിവരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിടുകയാണ്. കോടതി നടപടികൾ പുരോഗമിക്കവേ, ലിൻഡ്സെയുടെ വ്യക്തിപരമായ ഡയറിക്കുറിപ്പുകളും ഫോൺ സന്ദേശങ്ങളും തെളിവുകളായി പുറത്തുവന്നിരുന്നു. കുട്ടികളെ നോക്കുന്നതിൽ താൻ അനുഭവിച്ച കടുത്ത മാനസിക സമ്മർദ്ദവും, ഉറക്കമില്ലായ്മയും, പ്രസവാനന്തര വിഷാദവുമാണ് ഡയറിയിൽ നിറഞ്ഞ് നിൽക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

Scroll to load tweet…

പ്രസവാനന്തര വിഷാദരോഗം

"എല്ലാവരെയും നോക്കുന്നതിൽ നിന്ന് ഒരു ഇടവേള ലഭിക്കാൻ ഞാൻ അത്രയധികം ആഗ്രഹിക്കുന്നു, അതിനായി എനിക്ക് ശാരീരികമായി എന്തെങ്കിലും അസുഖം വന്നിരുന്നെങ്കിൽ എന്ന് എന്‍റെ മനസ്സ് ആഗ്രഹിക്കുകയാണ്" തുടങ്ങിയ വരികൾ കോടതിയിൽ വായിച്ചു കേൾപ്പിക്കുകയുണ്ടായി. പ്രോസിക്യൂഷൻ വാദപ്രകാരം, ലിൻഡ്സെ ബോധപൂർവ്വവും ആസൂത്രിതവുമായാണ് സ്വന്തം മക്കളെ കൊലപ്പെടുത്തിയത്. എന്നാൽ, പ്രസവാനന്തരമുണ്ടാകാറുള്ള കടുത്ത മാനസിക രോഗം മൂലമുണ്ടായ ഭ്രാന്തമായ അവസ്ഥയിലായിരുന്നു ലിൻഡ്സെയെന്നും, അതിനാൽ അവർക്ക് ക്രിമിനൽ ഉത്തരവാദിത്തമില്ലെന്നുമാണ് പ്രതിഭാഗം അഭിഭാഷകർ കോടതിയിൽ വാദിക്കുന്നത്.

പൊട്ടിത്തെറിച്ച് സോഷ്യൽ മീഡിയ

കേസ് കോടതിയിൽ നടക്കുന്നതിനിടെ പുറത്ത് വന്ന ഡയറിക്കുറിപ്പുകൾ ചേർത്ത് വച്ച് നിരവധി പേരാണ് വീഡിയോകൾ ചെയ്തത്. പിന്നാലെ ഇത് ട്രൻറിങ്ങായി മാറി. ലിൻഡ്സെ ക്ലാൻസിയുടെ ഡയറിക്കുറിപ്പുകൾ പശ്ചാത്തലമാക്കി കൈക്കുഞ്ഞുങ്ങളുമായി അമ്മമാർ കരയുന്ന രീതിയിലുള്ള ടിക് ടോക് വീഡിയോകളായിരൂന്നു അത്. എന്നാൽ, ഇത്തരം വീഡിയോകൾ വൈറലായി തുടങ്ങിയതോടെ ഇതിനെതിരെ സോഷ്യൽ മീഡിയയിൽ ശക്തമായ അമർഷം ഉയരുർന്നു.

വീഡിയോകളിലെ വ്യാജ കണ്ണീരും സങ്കടവും പ്രശസ്തിക്ക് വേണ്ടി ദുരുപയോഗം ചെയ്യുകയാണെന്നും, ഇത് ശിശുഹത്യ പോലുള്ള ഗുരുതരമായ അക്രമങ്ങളെ മഹത്വവൽക്കരിക്കുന്ന അപകടകരമായ പ്രവണതയാണെന്നും ചിലരെഴുതി. കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച ഉപയോക്താക്കൾ, മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സ തേടുന്നതിന് പകരം സോഷ്യൽ മീഡിയയിൽ നിന്ന് ലൈക്കുകൾ നേടാൻ ശ്രമിക്കുന്ന ഇത്തരം പ്രവർത്തികൾ ഭാവിയിൽ കുഞ്ഞുങ്ങളുടെ മാനസികാരോഗ്യത്തെയും സുരക്ഷിതത്വത്തെയും ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി. ഒപ്പം ഇത്തരം പ്രവണതകൾ ഉടൻ അവസാനിപ്പിക്കണമെന്നും കാഴ്ചക്കാർ ആവശ്യപ്പെട്ടു.