മധ്യപ്രദേശിലെ ശിവപുരിയിൽ മദ്യശാല അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് സ്ത്രീകൾ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. പ്രതിഷേധം നിയന്ത്രിക്കാനെത്തിയ പോലീസ്, എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ കല്ലും വടിയും ഉപയോഗിച്ച് ആക്രമണമുണ്ടായി. സംഭവത്തിൽ 21 പേർക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മദ്യശാല അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് മധ്യപ്രദേശിലെ ശിവപുരിയിൽ സ്ത്രീകൾ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. പ്രതിഷേധം നിയന്ത്രിക്കാനെത്തിയ പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥർക്കുനേരെ കല്ലുകളും വടികളും ഉപയോഗിച്ച് ആക്രമണമുണ്ടായെന്ന് റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തിന്‍റെ നിരവധി വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ വ്യാപക ശ്രദ്ധ നേടി.
മദ്യവില്പന ശാലയ്ക്കെതിരെ പ്രതിഷേധം
ശിവപുരിയിലെ അമോലപഥ മേഖലയിലാണ് സംഭവമെന്ന് റിപ്പോർട്ടുകൾ പറയുന്നു. പ്രദേശത്ത് മദ്യവിൽപ്പന തുടരുന്നതിനെതിരെ നാട്ടുകാരായ സ്ത്രീകൾ ഏറെനാളായി പ്രതിഷേധത്തിലായിരുന്നു. എന്നാൽ, സ്ത്രീകളുടെ പ്രതിഷേധത്തെ അധികൃതർ അവഗണിച്ചു. പിന്നാലെ മദ്യവില്പന ശാലയ്ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സ്ത്രീകൾ പ്രതിഷേധം ശക്തമാക്കി. മദ്യശാല കൈയേറിയ പ്രതിഷേധക്കാർ മദ്യക്കുപ്പികളും പെട്ടികളും പുറത്തേക്ക് കടത്തി. ഇതോടെയാണ് സ്ഥലത്തേക്ക് പോലീസും എക്സൈസ് ഉദ്യോഗസ്ഥരുമെത്തിയത്. ഉദ്യോഗസ്ഥരെ കണ്ടതോടെ പ്രതിഷേധക്കാർ അക്രമത്തിലേക്ക് കടന്നെന്നാണ് റിപ്പോർട്ട്.
കല്ലും വടിയും ഉപയോഗിച്ച് ഉദ്യോഗസ്ഥരെ അക്രമിച്ചു
പോലീസിനും എക്സൈസ് ഉദ്യോഗസ്ഥർക്കും നേരെ സ്ത്രീകൾ കല്ലുകളും വടികളും ഉപയോഗിച്ച് അക്രമിച്ചു. ഇതോടെ പ്രദേശത്ത് നിന്നും പിന്മാറിയ പോലീസ്, എക്സൈസ് ഉദ്യോഗസ്ഥരെ സ്ത്രീകൾ പിന്തുടർന്ന് കല്ലും വടികളുമുപയോഗിച്ച് അക്രമിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. ആക്രമണത്തെ തുടർന്ന് പൊലീസ്-എക്സൈസ് സംഘം സ്ഥലത്തുനിന്ന് പിന്മാറുന്നത് ദൃശ്യങ്ങളിൽ കാണാം. പ്രതിഷേധത്തിനിടെ മദ്യക്കുപ്പികൾ റോഡിലേക്ക് വലിച്ചെറിഞ്ഞ് പൊട്ടിച്ചെന്ന് പ്രാദേശിക റിപ്പോർട്ടുകൾ പറയുന്നു.
മദ്യവില്പനശാല പൂട്ടണം
പ്രദേശത്തെ മദ്യവിൽപ്പന മൂലം കുടുംബങ്ങൾക്കും പ്രദേശത്തെ സാമൂഹിക അന്തരീക്ഷത്തിനും ദോഷമുണ്ടാകുന്നെന്നും അതിനാൽ മദ്യവില്പനശാല പൂട്ടണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. സംഭവത്തിന് പിന്നാലെ മദ്യവിൽപ്പനശാല ഉടമകൾ സുരക്ഷ ആവശ്യപ്പെട്ട് സർക്കാറിനെ സമീപിച്ചെന്നും റിപ്പോർട്ടുണ്ട്. പോലീസ്, എക്സൈസ് ഉദ്യോഗസ്ഥരെ അക്രമിച്ചതുമായി ബന്ധപ്പെട്ട് 21 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തെന്നും റിപ്പോർട്ടുകൾ പറയുന്നു.


