ഇറ്റലിക്കാരേക്കാള്‍ നന്നായി സ്പാഗെട്ടി സോസ് ഉണ്ടാക്കുന്നത് ഇന്ത്യക്കാര്‍. ചെന്നൈ എയര്‍പോര്‍ട്ടില്‍ നിന്നും ഭക്ഷണം കഴിച്ച യുവാവിന്‍റെ അഭിപ്രായ പ്രകടനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. 

ഇന്ത്യക്കാരാണ് ഇറ്റലിയിലുള്ളവരേക്കാൾ മികച്ച സ്പാഗെട്ടി സോസ് തയ്യാറാക്കുന്നതെന്ന് ഫുഡ്, ട്രാവൽ ഇൻഫ്ലുവൻസറായ യുവാവ്. ചെന്നൈ വിമാനത്താവളത്തിൽ വെച്ച് ഭക്ഷണം കഴിച്ചതിന്റെ അനുഭവം പറയുന്ന ഒരു വീഡിയോയാണ് CookSux എന്ന പേരിൽ അറിയപ്പെടുന്ന ആൻഡി എന്ന യുവാവ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ഇവിടെ നിന്നും കഴിച്ച സ്പാഗെട്ടി സോസിന്റെ രുചി വളരെ മികച്ചതാണെന്നാണ് ട്വിച്ച് സ്ട്രീമറായ ആൻഡി പറയുന്നത്. ഇന്ത്യൻ ഭക്ഷണം ഇറ്റാലിയൻ ഭക്ഷണത്തേക്കാൾ മികച്ചതായിരിക്കാമെന്നും യുവാവ് അഭിപ്രായപ്പെടുന്നത് കാണാം.

'ഇത് കേൾക്കുമ്പോൾ അല്പം വിവാദമായി തോന്നാം, പക്ഷേ ഞാൻ ചെന്നൈയിലെ ഒരു എയർപോർട്ട് ലോഞ്ചിലാണ് ഇപ്പോഴുള്ളത്. ഹൈദരാബാദിലേക്കുള്ള എന്റെ വിമാനത്തിന് തയ്യാറെടുക്കുകയാണ് ഞാൻ. പക്ഷേ ഇന്ത്യക്കാർക്ക് ഇറ്റാലിയൻസിനേക്കാൾ നന്നായി സ്പാഗെട്ടി സോസ് ഉണ്ടാക്കാൻ അറിയാമെന്ന് എനിക്ക് തോന്നുന്നു' എന്നാണ് ആൻഡി വീഡിയോയിൽ പറയുന്നത്. പിന്നാലെ സോസിനെ പുകഴ്ത്തുന്നതും കാണാം. എയർപോർട്ട് ലോഞ്ചിലെ ഈ ഭക്ഷണം ഇറ്റലിക്കാരുടെ ഭക്ഷണത്തേക്കാൾ നല്ലതാണോ, തനിക്ക് അങ്ങനെ തോന്നുന്നു എന്നും യുവാവ് പറയുന്നത് കേൾക്കാം.

View post on Instagram

'ഇറ്റലിക്കാർ ക്ഷമിക്കണം ഈ ഇന്ത്യൻ എയർപോർട്ട് സാപ​ഗെട്ടി വേറെ ലെവലാണ്' എന്നാണ് ആൻഡിയുടെ അഭിപ്രായം. വളരെ വേ​ഗത്തിൽ തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറി. 310,000 -ത്തിലധികം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകളും നൽകിയിരിക്കുന്നതായി കാണാം. സത്യസന്ധമായി അഭിപ്രായം പറഞ്ഞതിന് ഇന്ത്യയിൽ നിന്നുള്ള നിരവധിപ്പേരാണ് യുവാവിനെ അഭിനന്ദിച്ചിരിക്കുന്നത്. മറ്റ് പലരും ഇന്ത്യയിലെ യാത്രയും ഭക്ഷണവും ആസ്വദിക്കൂ എന്നാണ് ആൻഡിയോട് പറഞ്ഞിരിക്കുന്നത്. ഇന്ത്യയിലെ ഭക്ഷണത്തെ കുറിച്ച് നിരവധിപ്പേർ അഭിപ്രായം പറഞ്ഞിരിക്കുന്നതായും കാണാം.