അമേരിക്കയിലെ അനുഭവം ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. ബാസ്കറ്റ്ബോൾ കളിക്കുന്നതിനിടയിൽ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടെങ്കിലും, ആംബുലൻസിന് ആയിരക്കണക്കിന് ഡോളർ ആകുന്നതിനാൽ സ്വന്തം കാറിലാണ് ആശുപത്രിയിലേക്ക് പോയത്.
അമേരിക്കയിലെ ചികിത്സാ ചെലവ് താങ്ങാനാവാതെ നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചിരിക്കയാണ് ഒരു പ്രവാസി യുവാവ്. ഇന്ത്യയിൽ ചികിത്സ വളരെ എളുപ്പവും ചെലവ് കുറഞ്ഞതുമാണെന്ന് യുവാവ് പറയുന്നു. യുവാൻ ഇബാനസ് ഗർവാരെ എന്ന യുവാവാണ് ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്. പൂനെയിൽ വളർന്ന യുവാൻ, നിലവിൽ അമേരിക്കയിൽ ജോലി ചെയ്തുവരുകയാണ്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിലുണ്ടായ ആരോഗ്യപ്രശ്നങ്ങളും, അടുത്തിടെ അമേരിക്കയിൽ വെച്ചുണ്ടായ അനുഭവവുമാണ് യുവാൻ പ്രധാനമായും വിവരിക്കുന്നത്. ഇന്ത്യയിൽ വെച്ച് ബോധരഹിതനായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ വലിയ കടമ്പകളൊന്നുമില്ലാതെ പെട്ടെന്ന് തന്നെ പ്രൈവറ്റ് മുറി ലഭിച്ചതായി അദ്ദേഹം പറയുന്നു. ഇസിജി, എംആർഐ, സിടി സ്കാൻ, ബ്ലഡ് ടെസ്റ്റ് എന്നിവയെല്ലാം നടത്തി. എപ്പോൾ വേണമെങ്കിലും ഡോക്ടറെ കാണാനും സംസാരിക്കാനും കഴിഞ്ഞിരുന്നു. ഏതാനും ദിവസത്തെ ചികിത്സയ്ക്ക് ശേഷം കൃത്യമായ രോഗനിർണ്ണയവും ചികിത്സയും ലഭിച്ചു. ആകെ വന്ന ചെലവ് 500 ഡോളർ (ഏകദേശം 47,000 രൂപ) മാത്രമായിരുന്നു.
എന്നാൽ, അമേരിക്കയിലെ അനുഭവം ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. ബാസ്കറ്റ്ബോൾ കളിക്കുന്നതിനിടയിൽ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടെങ്കിലും, ആംബുലൻസിന് ആയിരക്കണക്കിന് ഡോളർ ആകുന്നതിനാൽ സ്വന്തം കാറിലാണ് ആശുപത്രിയിലേക്ക് പോയത്. ആശുപത്രിയിൽ എത്തിയ ശേഷം ഫോറം പൂരിപ്പിക്കലും നടപടിക്രമങ്ങളും കഴിഞ്ഞുമാത്രമാണ് പ്രവേശനം ലഭിച്ചത്. മിനി ഹാർട്ട് അറ്റാക്ക് ആണെന്ന് കണ്ടെത്തി പരിശോധനകൾ നടത്തിയെങ്കിലും, ഡോക്ടറെ കാണാൻ ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. രക്തമെടുക്കുന്നതിനിടയിൽ നഴ്സ് പലതവണ സിര മാറി കുത്തി. വേദനകൊണ്ട് അലറിക്കരഞ്ഞപ്പോൾ 'മിണ്ടാതിരിക്കാൻ' ആവശ്യപ്പെട്ടു. വ്യക്തമായ രോഗനിർണ്ണയമോ ഫോളോ-അപ്പ് പ്ലാനോ ഇല്ലാതെയാണ് തന്നെ വീട്ടിലേക്ക് അയച്ചതെന്നും യുവാൻ പറഞ്ഞു.
ഇതിന് പിന്നാലെ വന്ന ആശുപത്രി ബിൽ തന്നെ ഞെട്ടിച്ചു. മികച്ച ആരോഗ്യ ഇൻഷുറൻസ് ഉണ്ടായിരുന്നിട്ടും, പോക്കറ്റിൽ നിന്ന് 7,000 ഡോളർ (ഏകദേശം 6.67 ലക്ഷം രൂപ) ഉൾപ്പടെ ആകെ 23,000 ഡോളറാണ് (ഏകദേശം 22 ലക്ഷം രൂപ) ബിൽ വന്നത്. അമേരിക്കയിൽ രോഗിയായാൽ ശിക്ഷിക്കപ്പെടുന്നതുപോലെയുള്ള അവസ്ഥയാണ്, ഇത് മാത്രമാണ് താൻ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രധാന കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നല്ല കാലാവസ്ഥയും അടിസ്ഥാന സൗകര്യങ്ങളും അമേരിക്കയിലുണ്ടെങ്കിലും ഉയർന്ന ചികിത്സാ ചെലവ് വലിയ തിരിച്ചടിയാണെന്ന് യുവാൻ വ്യക്തമാക്കുന്നു. യുവാന്റെ വീഡിയോയ്ക്ക് താഴെ സമാനമായ അനുഭവങ്ങൾ പങ്കുവെച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
