മയൂർ എന്ന യുവാവ് ഷെയർ ചെയ്ത വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. അച്ഛനും അമ്മയും സ്കോട്ടിലുള്ള തന്റെ ജോലിസ്ഥലം സന്ദർശിച്ചതാണ് വീഡിയോയിൽ. 'അവരുടെ മുഖത്തെ സമാധാനമാണ് എന്റെ ഏറ്റവും വലിയ നേട്ടം' എന്നും മയൂർ.
ജീവിതത്തിൽ വിജയിക്കണമെന്നും ആ വിജയം കണ്ട് തങ്ങൾക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ട മാതാപിതാക്കൾ സന്തോഷിക്കണമെന്നും ആഗ്രഹിക്കാത്ത മക്കൾ വളരെ വളരെ വിരളമായിരിക്കും. അതിനാൽ തന്നെ തങ്ങളെ കൊണ്ട് കഴിയുന്ന രീതിയിലെല്ലാം അവരെ സന്തോഷിപ്പിക്കാനും തങ്ങൾക്കൊപ്പം അവരെയും കൂട്ടാനും മക്കൾ ശ്രമിക്കാറുണ്ട്. അതുപോലെ മനോഹരമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. സ്കോട്ട്ലൻഡിൽ ജോലി ചെയ്യുന്ന മയൂർ എന്ന യുവാവ് അടുത്തിടെ മാതാപിതാക്കൾ തന്റെ ജോലിസ്ഥലം സന്ദർശിക്കുന്ന വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
എന്റെ മാതാപിതാക്കൾ മറ്റൊരു രാജ്യത്തുള്ള, എന്റെ ജോലിസ്ഥലത്ത് വരികയും സമാധാനത്തോടെയും അഭിമാനത്തോടെയും സംസാരിക്കുന്നതും കാണുന്നത് വല്ലാത്ത അനുഭവമായിരുന്നു എന്നാണ് മയൂർ പറയുന്നത്. 'എന്റെ സഹപ്രവർത്തകരെ കണ്ടുമുട്ടിയതും, എന്നെ ബഹുമാനിക്കുന്ന, വിലമതിക്കുന്ന, ദയയുള്ള ആളുകളാണ് എനിക്ക് ചുറ്റുമുള്ളത് എന്ന് അറിയുന്നതുമാണ് അവരുടെ സന്തോഷം. അവരുടെ മുഖത്തെ സമാധാനമാണ് എന്റെ ഏറ്റവും വലിയ നേട്ടം' എന്നും മയൂർ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ എഴുതി.
'2025 -ൽ സ്കോട്ട്ലൻഡിൽ. അഭിമാനമുള്ള മാതാപിതാക്കൾ ഇങ്ങനെയായിരിക്കും' എന്ന വാചകത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്, അതോടൊപ്പം തന്നെ മയൂർ തന്റെ മാതാപിതാക്കൾക്കൊപ്പം ഒരു ഹെലികോപ്റ്ററിന് മുന്നിൽ നിൽക്കുന്ന ചിത്രവും കാണാം. മയൂർ അമ്മയോട് തന്റെ ഓഫീസ് സന്ദർശിച്ചിട്ട് എങ്ങനെയുണ്ട് എന്ന് ചോദിക്കുന്നത് കാണാം. തനിക്ക് വളരെ നല്ലതായി തോന്നുന്നു എന്നാണ് അമ്മയുടെ മറുപടി. അച്ഛനും ആ സംഭാഷണത്തിൽ പങ്കുചേരുന്നതും തനിക്കും ശരിക്കും നല്ലതായി അനുഭവപ്പെടുന്നു എന്നു പറയുന്നതും വീഡിയോയിൽ കാണാം. ഒപ്പം യുവാവിന്റെ സഹപ്രവർത്തകരെല്ലാം നല്ലവരാണ് എന്നും ഒരു കുടുംബം പോലെയാണ്, അവരെപ്പോലുള്ള സഹപ്രവർത്തകരെ കിട്ടിയത് ഭാഗ്യമാണ് എന്നുകൂടി അച്ഛനും അമ്മയും പറയുന്നുണ്ട്.


