ആ മനുഷ്യൻ അരയന്നക്കുഞ്ഞിനെ പുറത്തെടുക്കാൻ ശ്രമിക്കുമ്പോൾ, അതിന്‍റെ അച്ഛന്‍ അയാളെ കൊത്താൻ ശ്രമിക്കുന്നു. എന്നാൽ, ആ മനുഷ്യൻ കുഞ്ഞിനെ വിജയകരമായി പുറത്തെടുത്തു.

മിക്ക രക്ഷിതാക്കളും കുട്ടികളെ സംരക്ഷിക്കുന്നവരാണ്. എന്നാൽ, ഈ രക്ഷാകർതൃ സഹജാവബോധം മനുഷ്യർക്ക് മാത്രമുള്ളതല്ല, മൃഗങ്ങളും പക്ഷികളും മറ്റ് ജീവജാലങ്ങളും പലപ്പോഴും ഇങ്ങനെ തന്നെയാണ്. വേലിയിൽ കുടുങ്ങിയ ഒരു അരയന്നക്കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ച ഒരാളെ ഒരു അരയന്നം ആക്രമിക്കുന്ന വീഡിയോ റെഡ്ഡിറ്റിൽ പങ്കുവച്ചത് വൈറലാവുകയുണ്ടായി. 

വീഡിയോയിൽ, ഒരാൾ അരയന്നത്തിന്‍റെ കുഞ്ഞിനെ രക്ഷിക്കാൻ ക്ഷമയോടെ ശ്രമിക്കുന്നത് കാണാം. പക്ഷേ ഉത്കണ്ഠാകുലനായ അച്ഛന്‍ അരയന്നം ചിറകുകൾ വിരിച്ച് ആ മനുഷ്യനെ തന്റെ കുഞ്ഞിൽ നിന്ന് അകറ്റാൻ ശ്രമിക്കുകയാണ്. 

ഒരു കമ്പിവേലിക്ക് നടുവിൽ കുടുങ്ങിയ കുഞ്ഞിനെ പുറത്തെടുക്കാൻ മനുഷ്യൻ ശ്രമിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. ആ മനുഷ്യൻ അരയന്നക്കുഞ്ഞിനെ പുറത്തെടുക്കാൻ ശ്രമിക്കുമ്പോൾ, അതിന്‍റെ അച്ഛന്‍ അയാളെ കൊത്താൻ ശ്രമിക്കുന്നു. എന്നാൽ, ആ മനുഷ്യൻ കുഞ്ഞിനെ വിജയകരമായി പുറത്തെടുത്തു, തുടർന്ന് ആ അരയന്നം അച്ഛനും മറ്റ് അരയന്നക്കുഞ്ഞുങ്ങള്‍ക്കും ഒപ്പം ചേരുകയാണ്. 

2014 -ൽ ചിത്രീകരിച്ച ഈ വീഡിയോ ഏഴ് വർഷത്തിനുശേഷം റെഡ്ഡിറ്റിൽ വൈറലായി. വൈൽഡ് ലൈഫ് എയ്ഡിലെ സൈമൺ, കമ്പിവേലിയിൽ കുടുങ്ങിപ്പോയ ഒരു അരയന്നത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളോട് പ്രതികരിച്ചപ്പോഴാണ് സംഭവം. 

"അരയന്നങ്ങൾ വളരെ സംരക്ഷിത സ്വഭാവമുള്ള മാതാപിതാക്കളാണ്. 'കോബ്' എന്ന് വിളിക്കപ്പെടുന്ന ആൺ അരയന്നം തന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിനായി വളരെ ആക്രമണാത്മകമായി പെരുമാറും" യുകെ ആസ്ഥാനമായുള്ള വൈൽഡ് ലൈഫ് എയ്ഡ്, ആ സമയത്ത് യൂട്യൂബിൽ എഴുതി. "ഈ വർഷം ആദ്യം, തേംസ് നദിക്കരയിൽ, വേലിയിൽ കുടുങ്ങിയ ഒരു അരയന്നത്തെ രക്ഷിക്കാൻ സൈമൺ പുറപ്പെട്ടു. തന്റെ കുഞ്ഞിനടുത്തേക്ക് ആരെയും സമീപിക്കാൻ അനുവദിക്കാത്ത വളരെ കോപാകുലനായ ഒരു അച്ഛന്‍ അരയന്നത്തെ അയാൾക്ക് അഭിമുഖീകരിക്കേണ്ടി വന്നു" സംഘടന പങ്കുവെച്ചു.

ഈ ക്ലിപ്പ് റെഡ്ഡിറ്റിൽ ഇതിനകം 4,200 -ലധികം അപ്‌വോട്ടുകളും ടൺകണക്കിന് പ്രതികരണങ്ങളും നേടിയിട്ടുണ്ട്. നിരവധിപ്പേരാണ് ഈ മനോഹരമായ വീഡിയോയെ കുറിച്ചുള്ള സ്നേഹം പ്രകടിപ്പിച്ചതും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona