Asianet News MalayalamAsianet News Malayalam

'തച്ചോളി ഓമന കുഞ്ഞൊതേനന്‍...' നാട്ടിപ്പാട്ടും പാടി ഒരു ഞാറുനടീല്‍... വീഡിയോ

ഇങ്ങനെ ഞാറ്റുപാട്ടുപാടി ഞാറുനടുന്ന കാലമൊക്കെ പോയി എന്ന് എല്ലായിടവും കേള്‍ക്കാറുണ്ട്. ഒരുകാലത്ത് കേരളത്തിലെ വയലുകളിലങ്ങോളമിങ്ങോളം ഞാറ്റുപാട്ടും ഞാറുനടീലും സജീവമായിരുന്നുവെങ്കില്‍ ഇന്നത് വളരെ ചുരുങ്ങിയിരിക്കുന്നു. 

njattupaattu video from nadapuram
Author
Nadapuram, First Published Nov 11, 2019, 11:24 AM IST

തച്ചോളി ഓമന കുഞ്ഞൊതേനന്‍ 
തച്ചോളി ഓമന കുഞ്ഞൊതേനന്‍
പാഞ്ഞോടുന്നുണ്ടല്ലോ കുഞ്ഞൊതേനന്‍
പാഞ്ഞോടുന്നുണ്ടല്ലോ കുഞ്ഞൊതേനന്‍ 

ഇങ്ങനെ ഞാറ്റുപാട്ടുപാടി ഞാറുനടുന്ന കാലമൊക്കെ പോയി എന്ന് എല്ലായിടവും കേള്‍ക്കാറുണ്ട്. ഒരുകാലത്ത് കേരളത്തിലെ വയലുകളിലങ്ങോളമിങ്ങോളം ഞാറ്റുപാട്ടും ഞാറുനടീലും സജീവമായിരുന്നുവെങ്കില്‍ ഇന്നത് വളരെ ചുരുങ്ങിയിരിക്കുന്നു. വയലുകളിലെല്ലാം കെട്ടിടങ്ങളുമുയര്‍ന്നിരിക്കുന്നു. എന്തായാലും, ആ ഗൃഹാതുരത്വം പേറുന്ന ഒരു കാഴ്‍ചയാണ് രാജന്‍ നാദാപുരം ഫെസ്‍ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. വടകര മണിയൂരില്‍ നിന്നും പകര്‍ത്തിയ വീഡിയോയില്‍ ഞാറ്റുപാട്ട് പാടി ഞാറുനടുന്ന അമ്മമാരെ കാണാം. ഒരാള്‍ പാടിക്കൊടുക്കുകയും മറ്റുള്ളവര്‍ ഏറ്റുപാടുകയും ചെയ്യുന്നതാണ് വീഡിയോയില്‍ കാണാവുന്നത്. തച്ചോളി ഒതേനന്‍റെ പാട്ടാണ് പാടുന്നത്. പഴയകാലത്തെ ഓര്‍മ്മിച്ചുകൊണ്ടാണ് നിരവധിപേര്‍ വീഡിയോയ്ക്ക് കമന്‍റിട്ടിരിക്കുന്നത്. 

ഞാറ് പറിച്ചുനടുന്ന നടീലിന്‍റെ താളത്തില്‍ പാടുന്ന ഞാറ്റുപാട്ടിനെ നാട്ടിപ്പാട്ട് എന്നും പറയാറുണ്ട്. പണിയിലെ ബുദ്ധിബുട്ടുകളറിയാതിരിക്കാനും ഉത്സാഹത്തിനും മാനസികോല്ലാസത്തിനും വേണ്ടിയാണ് ഞാറ്റുപാട്ടുകള്‍ പാടിക്കൊണ്ടിരുന്നത്. വീര്യമുള്‍ക്കൊള്ളുന്ന പാട്ടുകളോ കേരളത്തിന്‍റെ കാര്‍ഷിക സമ്പല്‍സമൃദ്ധിയെ അടയാളപ്പെടുത്തുന്ന പാട്ടുകളോ ആണ് സാധാരണയായി പാടാറ്. വാമൊഴിപ്പാട്ടുകളാണിവ. ഒരു തലമുറയില്‍നിന്നും അടുത്ത തലമുറയിലേക്ക് വാമൊഴിയായി പകര്‍ന്നുകിട്ടുന്ന പാട്ടുകള്‍. 

നെല്‍പ്പാടമുണ്ടെങ്കിലും ഈ ഞാറ്റുപാട്ടുകളേറെയും വിസ്‍മൃതിയിലാണ്. അതിനിടെയാണ് നാദാപുരത്തുനിന്നും കണ്ണിന് കുളിര്‍മ്മയേകുന്ന ഇത്തരമൊരു കാഴ്‍ച. 

വീഡിയോ കാണാം: 

Follow Us:
Download App:
  • android
  • ios