ഉത്തർപ്രദേശിലെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ട്രെയിനിൽ കയറാൻ ബുദ്ധിമുട്ടിയ ഭിന്നശേഷിക്കാരനെ തോളിലേറ്റി സഹായിക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നു. അശ്വനി കുമാർ എന്ന ഉദ്യോഗസ്ഥനാണ് വീഡിയോ ഷെയര്‍ ചെയ്തത്.

മനുഷ്യത്വത്തിന്റെ മനോഹരമായ ഒരു കാഴ്ചയാണ് ഉത്തർപ്രദേശിൽ നിന്നും പുറത്തുവരുന്നത്. ട്രെയിനിൽ കയറാൻ പാടുപെട്ട ഭിന്നശേഷിക്കാരനെ തോളിലേറ്റിയ പൊലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ ഇന്റർനെറ്റിൽ ദശലക്ഷക്കണക്കിന് ആളുകളുടെ മനസ്സ് കീഴടക്കുകയാണ്. അശ്വനി കുമാർ എന്ന ഉത്തർപ്രദേശിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥനാണ് ഈ മാതൃകാപരമായ പ്രവൃത്തിയിലൂടെ കൈയടി നേടുന്നത്.

തിരക്കേറിയ റെയിൽവേ സ്റ്റേഷനിൽ കൃത്രിമക്കാൽ ഘടിപ്പിച്ച ഒരു യാത്രക്കാരൻ പടിക്കെട്ടുകൾ കയറാൻ അതിയായി പ്രയാസപ്പെടുന്നത് അശ്വനി കുമാറിന്റെ ശ്രദ്ധയിൽപ്പെട്ടു. ട്രെയിൻ പുറപ്പെടാൻ അധികം സമയമില്ലാതിരുന്നിട്ടും, ശാരീരിക ബുദ്ധിമുട്ടുകൾ കാരണം അദ്ദേഹത്തിന് വേഗത്തിൽ നീങ്ങാൻ സാധിക്കുന്നുണ്ടായിരുന്നില്ല. യാതൊരു മടിയും കൂടാതെ യാത്രക്കാരന്റെ അടുത്തേക്ക് എത്തിയ അശ്വനി കുമാർ, അദ്ദേഹത്തെ തന്റെ തോളിലേക്ക് എടുത്തുയർത്തി. തിരക്കേറിയ പ്ലാറ്റ്‌ഫോമിലൂടെ ആ മനുഷ്യനെയും ചുമന്നുകൊണ്ട് അദ്ദേഹം വേഗത്തിൽ നടന്നു. കൃത്യസമയത്ത് തന്നെ അദ്ദേഹത്തെ ട്രെയിനിനുള്ളിൽ സുരക്ഷിതമായി എത്തിച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് അശ്വനി കുമാർ മടങ്ങിയത്.

View post on Instagram

അശ്വനി കുമാർ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഈ വീഡിയോ പങ്കുവെച്ചത്. കേവലം ഒരു ഡ്യൂട്ടി എന്നതിലുപരി, കഷ്ടപ്പെടുന്നവർക്ക് താങ്ങാകുക എന്നത് ഓരോ മനുഷ്യന്റെയും കടമയാണെന്ന് ഈ ദൃശ്യങ്ങൾ ഓർമ്മിപ്പിക്കുന്നു. "സഹായിക്കാൻ കയ്യിൽ പണമല്ല വേണ്ടത്, സഹായിക്കാനുള്ള മനസ്സാണ്. അത് നിങ്ങളുടെ ഉള്ളിലുണ്ട്," എന്നായിരുന്നു വീഡിയോ പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചത്. "മനുഷ്യത്വത്തേക്കാൾ വലുതായി മറ്റൊന്നുമില്ല" എന്ന അദ്ദേഹത്തിന്റെ വാക്കുകൾ ഓരോ മനുഷ്യനും മാതൃകയാക്കാവുന്നതാണ്.

കുറച്ച് മാസങ്ങൾക്ക് മുമ്പാണ് വീഡിയോ ഷെയർ ചെയ്തതെങ്കിലും ഇപ്പോഴും വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. എക്സ് (ട്വിറ്റർ), ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ അശ്വനി കുമാറിന് വലിയ പ്രശംസയാണ് ലഭിക്കുന്നത്. ദയയോടെയുള്ള ഓരോ ചെറിയ പ്രവൃത്തിയും സമൂഹത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്ന് നിരവധിപ്പേർ അഭിപ്രായപ്പെട്ടു.