റാപ്പിഡോ ഡ്രൈവറില്‍ നിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തി യുവതി. രാത്രിയില്‍ തന്നെ കാറില്‍ നിന്നും ഇറക്കിവിട്ടു, തന്നോട് മോശമായി പെരുമാറി, കേസുമായി മുന്നോട്ട് പോകുമെന്നും യുവതി പറയുന്നു.
റാപ്പിഡോ ഡ്രൈവറിൽ നിന്നുണ്ടായ ഞെട്ടിക്കുന്ന ദുരനുഭവം പങ്കുവച്ച് ഗുരുഗ്രാമിൽ നിന്നുള്ള യുവതി. ഡ്രൈവർ തന്നോട് മോശമായി പെരുമാറിയതിനെ കുറിച്ചാണ് അവർ വെളിപ്പെടുത്തിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ യുവതി തന്നെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 'റാപ്പിഡോ, നിങ്ങൾ ഏതുതരം ഡ്രൈവർമാരെയാണ് നിയമിച്ചിരിക്കുന്നത്? റോഡിന്റെ നടുവിൽ വെച്ചാണ് അയാൾ എന്നോട് കാറിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടത്, എന്നോട് മോശമായി പെരുമാറുകയും ചെയ്തു. എന്റെ കൈകൾ ഇപ്പോഴും വിറയ്ക്കുന്നു. ഞാൻ ഇയാൾക്കെതിരെ പരാതി നൽകും' എന്നാണ് വീഡിയോയിൽ യുവതി പറയുന്നത്.
വീഡിയോയുടെ രണ്ടാം ഭാഗത്തിൽ, യുവതി സംഭവിച്ച മുഴുവൻ കാര്യങ്ങളും വിവരിക്കുന്നു. ഡിസംബർ 15 -ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനായിട്ടാണ് അവർ റാപ്പിഡോ വഴി ഒരു ക്യാബ് ബുക്ക് ചെയ്യുന്നത്. കാറിൽ കയറിയപ്പോൾ വലിയ ശബ്ദത്തിൽ പാട്ട് വച്ചിട്ടുണ്ടായിരുന്നു. യുവതിയാണെങ്കിൽ ആരോടോ ഫോണിൽ സംസാരിക്കുകയും ചെയ്യുകയായിരുന്നു. ഒന്നുരണ്ട് തവണ യുവതി വളരെ മര്യാദയോടെ ഡ്രൈവറോട് പാട്ടിന്റെ ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, അയാൾ അവരെ അവഗണിക്കുകയാണ് ചെയ്തത്.
മൂന്നാമത്തെ തവണ ചോദിച്ചതോടെ സംഗതി ആകെ വഷളായി. 'ഇത് നിന്റെ അച്ഛന്റെ കാറല്ല, എന്റെ കാറിൽ എന്ത് ചെയ്യണമെന്ന് നീയെന്നോട് പറയണ്ട' എന്നുമൊക്കെ ഡ്രൈവർ തന്നോട് പറഞ്ഞതായിട്ടാണ് യുവതി ആരോപിക്കുന്നത്. ഇങ്ങനെയല്ല യാത്രക്കാരോട് പെരുമാറേണ്ടത് എന്ന് പറഞ്ഞപ്പോൾ അയാൾ യുവതിയോട് കാറിൽ നിന്നിറങ്ങാനാവശ്യപ്പെടുകയായിരുന്നു. രാത്രിയായിരുന്നു സമയം. താൻ വണ്ടി നിർത്ത്, മറ്റൊരു ക്യാബ് ബുക്ക് ചെയ്തോളാം എന്നു പറഞ്ഞു. ആ സമയത്ത് ഡ്രൈവർ മറ്റൊരു ദിശയിലേക്ക് വണ്ടിയോടിക്കാൻ തുടങ്ങി. കാർ നിർത്താൻ പറഞ്ഞപ്പോൾ ഡ്രൈവറും കൂടെയിറങ്ങി. അയാൾ തന്നെ വൃത്തികെട്ട രീതിയിൽ നോക്കാൻ തുടങ്ങി. ഇതെല്ലാം തന്നെ ഭയപ്പെടുത്തി എന്നും യുവതി പറയുന്നു.
പിന്നീട് അവർ പൊലീസ് സ്റ്റേഷനിൽ പോയി പരാതി നൽകി. എഫ്ഐആർ എടുക്കാൻ പൊലീസുകാർ താല്പര്യപ്പെട്ടില്ല. പകരം അയാളെ അടിക്കാമെന്നും ലോക്കപ്പിലിടാമെന്നുമാണ് പറഞ്ഞത്. എന്നാൽ, അവർ പിറ്റേന്ന് തന്നെ, ജില്ലാ കോടതിയിൽ പോയി ഡ്രൈവർക്കെതിരെ കേസ് ഫയൽ ചെയ്തു. 'സ്ത്രീകളെ ബഹുമാനിക്കുക അല്ലെങ്കിൽ അതിന്റെ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും' എന്നും അവർ വീഡിയോയുടെ ക്യാപ്ഷനിൽ കുറിച്ചു. 'ഈ ശബ്ദം എന്റേത് മാത്രമല്ല, നിശബ്ദത പാലിക്കാൻ നിർബന്ധിക്കപ്പെട്ട ഓരോ സ്ത്രീയുടേയും ശബ്ദമാണ്. ഈ കേസിൽ ഞാൻ നിർഭയമായി മുന്നോട്ട് പോകുകയും അവൻ ഒരു പാഠം പഠിച്ചുവെന്ന് ഉറപ്പാക്കുകയും ചെയ്യും' എന്നും ക്യാപ്ഷനിൽ പറയുന്നു.


