പോർച്ചുഗലിൽ താമസിക്കുന്ന ശ്രുതി ശിവം എന്ന ഇന്ത്യൻ യുവതി പങ്കുവച്ചിരിക്കുന്ന ഒരു പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇന്ത്യയിലെ ദൈനംദിന ജീവിതത്തിലെ സൗകര്യങ്ങളെക്കുറിച്ചാണ് ശ്രുതി വിവരിക്കുന്നത്. 

വിദേശത്ത് ജീവിക്കുമ്പോൾ പലപ്പോഴും ജന്മനാട്ടിൽ നമ്മൾ നിസ്സാരമായി കണ്ടിരുന്ന പല കാര്യങ്ങളുടെയും യഥാർത്ഥ മൂല്യം നമ്മൾ തിരിച്ചറിയാറുണ്ട്. പോർച്ചുഗലിൽ താമസിക്കുന്ന ശ്രുതി ശിവം എന്ന ഇന്ത്യൻ യുവതി, രാജ്യം വിട്ടശേഷം താൻ കൂടുതൽ വിലമതിക്കുന്ന ഇന്ത്യയിലെ ചില സൗകര്യങ്ങളെക്കുറിച്ച് പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 'പോർച്ചുഗൽ ജീവിതം എന്നെ ഇന്ത്യയിലെ ചില കാര്യങ്ങളുടെ മൂല്യം മനസ്സിലാക്കിത്തന്നു' എന്ന അടിക്കുറിപ്പോടെയാണ് ശ്രുതി വീഡിയോ പങ്കുവെച്ചത്. പലരും തിരിച്ചറിയാതെ പോകുന്ന, എന്നാൽ, ഇന്ത്യയിൽ ജീവിക്കുന്നത് ഏറെ എളുപ്പമാക്കുന്ന ചില പ്രധാന കാര്യങ്ങൾ അവർ ഇതിലൂടെ വ്യക്തമാക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അവരുടെ പട്ടികയിലെ ആദ്യത്തെ കാര്യം സാധനങ്ങൾ വീട്ടിലെത്തിച്ചു നൽകുന്ന സംവിധാനമായിരുന്നു. 'ഇന്ത്യയിൽ പലചരക്ക് സാധനങ്ങൾ, മരുന്നുകൾ, ഭക്ഷണം തുടങ്ങി എല്ലാം വീട്ടിലെത്തും. എന്നാൽ, പോർച്ചുഗലിൽ പല കാര്യങ്ങൾക്കും നമ്മൾ നേരിട്ട് പോയി സാധനങ്ങൾ വാങ്ങേണ്ടതുണ്ട്' ശ്രുതി കുറിച്ചു.

ഇന്ത്യയിൽ പല കാര്യങ്ങളും അവസാന നിമിഷത്തിൽ പോലും എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയും. എന്നാൽ പോർച്ചുഗലിലെ ജീവിതം മുൻകൂട്ടിയുള്ള അപ്പോയിന്റ്‌മെന്റുകളെയും പ്ലാനിങ്ങുകളെയും ആശ്രയിച്ചിരിക്കുന്നു എന്നതാണ് അടുത്തതായി ശ്രുതി പറയുന്നത്. അതുപോലെ, ഇന്ത്യയിലെ അതിവേഗ ഡെലിവറി സംവിധാനത്തെയും ശ്രുതി ചൂണ്ടിക്കാണിക്കുന്നു. പല ഇന്ത്യൻ നഗരങ്ങളിലും ഒരേ ദിവസത്തെ ഡെലിവറിയും 10 മിനിറ്റ് ഡെലിവറിയും സാധാരണമായി മാറിയിരിക്കുന്നു. 'ഇന്ത്യയിൽ 10 മിനിറ്റ് ഡെലിവറിയും, സെയിം-ഡേ ഡെലിവറിയുമൊക്കെ ഇപ്പോൾ വളരെ സാധാരണമാണ്. എന്നാൽ പോർച്ചുഗലിൽ അടുത്ത ദിവസം ഡെലിവറി ലഭിക്കുന്നത് പോലും വളരെ 'വേഗത്തിലുള്ളതായി' തോന്നും' എന്നാണ് അവൾ പറയുന്നത്.

ഇന്ത്യയിലെ ആരോഗ്യരംഗത്തെ എളുപ്പത്തിലുള്ള സൗകര്യങ്ങളെയാണ് ശ്രുതി പിന്നീട് പ്രശംസിച്ചത്. ഇന്ത്യയിൽ ഡോക്ടർമാരുടെ അപ്പോയിന്റ്‌മെന്റുകൾ, ഫാർമസികൾ, മരുന്നുകൾ എന്നിവ എളുപ്പത്തിൽ ലഭ്യമാണ്. എന്നാൽ പോർച്ചുഗലിൽ ചെറിയ ആരോഗ്യ ആവശ്യങ്ങൾക്ക് പോലും കൂടുതൽ സമയമെടുക്കും.

ഇരുരാജ്യങ്ങളിലെയും യാത്രാ സൗകര്യങ്ങളെയും ശ്രുതി താരതമ്യം ചെയ്യുന്നുണ്ട്. പോർച്ചുഗലിൽ ബസുകൾ, മെട്രോകൾ, ട്രെയിനുകൾ എന്നിവയുൾപ്പെടെയുള്ള മികച്ച പൊതുഗതാഗത സംവിധാനമുണ്ടെങ്കിലും, ഇന്ത്യയിൽ ഓട്ടോകളും ക്യാബുകളും എപ്പോഴും ലഭ്യമാണെന്നത് വലിയ സൗകര്യമാണന്ന് അവർ വ്യക്തമാക്കുന്നു.

ഇന്ത്യയിൽ ഇലക്ട്രീഷ്യൻമാർ, പ്ലംബർമാർ എന്നിവരെ ആവശ്യമുള്ളപ്പോൾ പെട്ടെന്ന് കിട്ടുമെന്നതും അവർ എടുത്തുപറഞ്ഞു. എന്നാൽ പോർച്ചുഗലിൽ ഇതിനായി അപ്പോയിന്റ്‌മെന്റുകൾ വേണം, കൂലി വളരെ കൂടുതലാണ്.

അവസാനമായി, പലരും ശ്രദ്ധിക്കാതെ പോകുന്ന ഇന്ത്യയിലെ 'റിപ്പയർ സംസ്കാരത്തെ' കുറിച്ചാണ് ശ്രുതി സംസാരിച്ചത്. 'ഇന്ത്യയിൽ എന്തും കുറഞ്ഞ ചെലവിൽ അടുത്തുള്ള കടകളിൽ നിന്ന് നന്നാക്കിയെടുക്കാം. എന്നാൽ പോർച്ചുഗലിൽ അങ്ങനെയൊരു റിപ്പയറിങ് സംസ്കാരമില്ല. പകരം, ആളുകൾ കേടായ സാധനങ്ങൾ മാറ്റി പുതിയത് വാങ്ങുകയാണ് പതിവ്'.

View post on Instagram

വിദേശ ജീവിതത്തിലെ അച്ചടക്കവും അടിസ്ഥാനസൗകര്യങ്ങളും നല്ലതാണെങ്കിലും, ഇന്ത്യയിലെ ദൈനംദിന ജീവിതം നൽകുന്ന സ്വാതന്ത്ര്യവും എളുപ്പവും എത്രത്തോളം വലുതാണെന്ന് ഓർമ്മിപ്പിക്കുന്നതാണ് ശ്രുതിയുടെ പോസ്റ്റ്. നിരവധി പ്രവാസികളാണ് ഈ വീഡിയോയോട് യോജിച്ചുകൊണ്ട് കമന്റുകളുമായി രംഗത്തെത്തുന്നത്.