ഫോണിന് വേണ്ടി അമ്മയെ തലയ്ക്കടിച്ച് വീഴ്ത്തുന്ന മകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. കുട്ടികളിലെ മൊബൈൽ ഫോൺ ഉപയോഗം എത്രത്തോളം അപകടകരമാണെന്നും മനുഷ്യബന്ധങ്ങളെ അത് എങ്ങനെ ബാധിക്കുന്നുവെന്നും ഈ സംഭവം വ്യക്തമാക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മൊബൈൽ ഇന്ന് എല്ലാവർക്കും ഏറെ അഡിക്ഷൻ ഉണ്ടാക്കുന്ന ഒരു ഉപകരണമായി മാറിക്കഴിഞ്ഞു. ഒരു ദിവസം പോയിട്ട് ഒരു മണിക്കൂറ് പോലും മൊബൈൽ ഇല്ലാതെ ഇരിക്കാൻ പറ്റില്ലെന്ന അവസ്ഥയിലാണ് നമ്മളിൽ പലരും. മുതിർന്നവരെ കണ്ടാണ് കുട്ടികൾ പഠിക്കുകയെന്നൊരു ചൊല്ലുണ്ട്. അത് ഇക്കാര്യത്തിലും തെറ്റിയിട്ടില്ല. അച്ഛനമ്മമാരോളം കുട്ടികളും മൊബൈലിന് അടിമകളായിക്കഴിഞ്ഞു. മൊബൈൽ കിട്ടിയില്ലെങ്കിൽ ബഹളം വച്ച് കരയുന്ന കുട്ടികൾ നമ്മുടെ വീടുകളിലുമുണ്ടാകും. എന്നാൽ, ഇതോപോലൊന്ന് വേണ്ടെന്നാണ് വൈറലായ വീഡിയോയ്ക്ക് താഴെ പലരും കുറിച്ചത്.

അമ്മയുടെ ഫോൺ തട്ടിയെടുക്കാൻ മകൻ കണ്ടെത്തിയ വഴി

വീഡിയോ അല്പം പഴയതാണ്. വീഡിയോയിൽ നിലത്തിരുന്ന് ടിവി നോക്കി ആരോടോ ഫോണിൽ സംസാരിക്കുന്ന ഒരു സ്ത്രീയെ കാണാം. അല്പ സമയത്തിന് ശേഷം യൂണിഫോം ധരിച്ച ഒരു കുട്ടി വന്ന് തന്‍റെ കൈയിലിരുന്ന ബാറ്റ് കൊണ്ട് സ്ത്രീയുടെ തലയ്ക്ക് അടിക്കുന്നു. അപ്രതീക്ഷിതമായി തലയ്ക്ക് അടിയേറ്റ സ്ത്രീ ബോധം കെട്ട് താഴെ വീഴുന്നതും ഇതിനിടെ കൈയിലിരുന്ന ബാറ്റ് കളഞ്ഞ് താഴെ വീണ മൊബൈൽ എടുത്ത് ഒന്നും സംഭവിക്കാത്ത പോലെ കട്ടിലിൽ ഇരിക്കുന്ന കുട്ടിയെയും കാണാം. വീഡിയോ കണ്ട് കഴിയുമ്പോൾ എന്താണ് സംഭവിച്ചതെന്ന് മനസിലാകാതെ വീണ്ടും വീഡിയോ കണ്ട് ഞെട്ടിപ്പോയെന്ന് ചിലർ കുറിച്ചു.

Scroll to load tweet…

മൊബൈൽ അഡിക്ഷൻ

ബന്ധങ്ങൾക്കോ വികാരങ്ങൾക്കോ വില കൊടുക്കാത്ത തരത്തിൽ കുട്ടികളെ മൊബൈൽ എന്ത് മാത്രം സ്വാധീനിച്ചിരിക്കുന്നുവെന്നതിന് തെളിവാണ് ഈ വീഡിയോയെന്ന് മറ്റ് ചില‍രെഴുതി. അതേസമയം കാഴ്ചയിൽ അല്പം പഴയതെന്ന് തോന്നുമെങ്കിലും വീഡിയോ എപ്പോൾ എവിടെ വച്ച് ചിത്രീകരിച്ച സിസിടിവി ദൃശ്യമാണെന്ന് വ്യക്തമല്ല. എങ്കിലും സ്ക്രീന് മുന്നിൽ കുരുക്കപ്പെട്ട കുട്ടികളെ കുറിച്ച് വലിയൊരു ചർച്ചയ്ക്ക് തന്നെ വീഡിയോ തുടക്കം കുറിച്ചു. മനുഷ്യബന്ധങ്ങളേക്കാൾ ഒരു ഫോൺ പ്രാധാന്യമർഹിക്കുമ്പോൾ സംഭവിക്കുന്നത് ഇതാണെന്നായിരുന്നു ഒരു കാഴ്ചക്കാരൻ ചൂണ്ടിക്കാണിച്ചത്. ഫോണിൽ മുഴുകിയിരിക്കുന്ന അച്ഛനമ്മമാർ കുട്ടികളുടെ ആവശ്യങ്ങളോട് എങ്ങനെയാണോ പ്രതികരിക്കുക. അതാകും കുട്ടി തിരിച്ചും കാണിക്കുന്നത് എന്നായിരുന്നു മറ്റൊരു കുറിപ്പ്. അതേസമയം കുട്ടികളിൽ നിന്നും പരമാവധി മൊബൈൽ ഫോണുകൾ മാറ്റിവയ്ക്കണമെന്ന് പലരും ആവശ്യപ്പെട്ടു.