റഷ്യയിലെ റോസ്തോവ് ഓൺ ഡോണിൽ നടന്ന സർക്കസിനിടെ സുരക്ഷാ വല തകർന്ന് ഒരു കടുവ കാണികൾക്കിടയിലേക്ക് ചാടി. ആളപായമൊന്നും ഉണ്ടായില്ലെങ്കിലും, ഈ സംഭവം സർക്കസുകളിൽ വന്യമൃഗങ്ങളെ ഉപയോഗിക്കുന്നതിനെക്കുറിച്ചും സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചുമുള്ള ചർച്ചകൾക്ക് വീണ്ടും വഴിവെച്ചു.

ഷ്യയിലെ റോസ്തോവ് ഓൺ ഡോണിൽ നടന്ന ഒരു സർക്കസ് പ്രകടനത്തിനിടെ, സുരക്ഷാ വല തകർന്നതിനെ തുടർന്ന് കടുവ കാഴ്ചക്കാർക്കിടയിലേക്ക് ചാടി. അപ്രതീക്ഷിതമായി കടുവ കാഴ്ചക്കാർക്കിടയിലെത്തിയെങ്കിലും കാഴ്ചക്കാരെക്കാൾ പരിഭ്രാന്തനായത് കടുവ. ആളുകൾ ആദ്യമൊന്ന് ഭയന്നെങ്കിലും കടുവയ്ക്ക് സ്ഥലകാലഭ്രമമാണെന്ന് വ്യക്തമായതോടെ കാഴ്ചക്കാർ ശാന്തരായെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. സംഭവത്തിന്‍റെ വീഡിയോ വൈറലായതിന് പിന്നാലെ സർക്കസ് സുരക്ഷാ മാനദണ്ഡങ്ങളെ കുറിച്ചും വന്യമൃഗങ്ങളെ സർക്കസിൽ ഉപയോഗിക്കുന്നതിനെ കുറിച്ചും വീണ്ടും ചർച്ചകൾ ഉയർന്നു.

കാണികൾക്കിടയിലേക്ക് കടുവ

കഴിഞ്ഞ ഞായറാഴ്ച ഡോവ്ഗലിയുക് രാജവംശ സർക്കസിൽ മൂന്ന് കടുവകളും രണ്ട് പരിശീലകരും പങ്കെടുക്കുന്ന പതിവ് പ്രകടനത്തിനിടെയാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. കീറിയ സുരക്ഷാ വലയ്ക്കിടെയിലൂടെ കടുവ കാഴ്ചക്കാർക്കിടയിലേക്ക് ചാടുകയായിരുന്നു. കാഴ്ചക്കാർക്കിടയിലേക്ക് കടുവ ചാടിയതിന് പിന്നാലെ ആ ഭാഗത്തെ കാഴ്ചക്കാരെല്ലാം ഇറങ്ങി ഓടി. 

Scroll to load tweet…

അതേസമയം ഒഴി‌ഞ്ഞ കസേരകൾക്കിടെയിൽ പെട്ട കടുവ എങ്ങോട്ട് പോകണമെന്ന് അറിയാതെ സ്ഥലകാഭ്രമത്തിൽപ്പെട്ട് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് വീഡിയോയിൽ കാണാം. ഇതിനിടെയിൽ ചില കാണികൾ ഇരിക്കുന്നതും വീഡിയോയിൽ കാണാം. കാണികൾക്കിടെയിൽ കുട്ടികളും സ്ത്രീകളുമുണ്ട്. പെട്ടെന്ന് തന്നെ കടുവയെ അടക്കി നിർത്താനായി മൃഗ പരിശീലകരും എത്തി. ആളുകളോട് ഭയക്കേണ്ടെന്നും ശാന്തരായി ഇരിക്കാനും ആവശ്യപ്പെടുന്ന മൃഗപരിശീലകനെയും വീഡിയോയിൽ കാണാം. ആർക്കും പരിക്കുകൾ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

മൃഗ സർക്കസിന് എതിരെ

വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ വന്യമൃഗങ്ങളെ വിനോദത്തിനായി ഉപയോഗിക്കുന്നതിനെക്കുറിച്ചും കാഴ്ചക്കാരുടെ സുരക്ഷയെ കുറിച്ചും നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ കുറിപ്പെഴുതിയത്. ഇതോടെ മനുഷ്യരുടെ ആനന്ദത്തിനായി മൃഗങ്ങളെ ഉപയോഗിക്കുന്നതിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. ഇത്തരം സംഭവങ്ങൾ മൃഗങ്ങൾക്കും മനുഷ്യർക്കും ഒരു പോലെ അപകട സാധ്യതകൾ ഉയർത്തുന്നെന്ന് മൃഗസംരക്ഷകർ വാദിച്ചു. റഷ്യൻ സർക്കസിന് നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ടെങ്കിലും അടുത്ത കാലത്തായി മൃഗങ്ങളെ സർക്കസിൽ ഉപയോഗിക്കുന്നതിനെതിരെയുള്ള നീക്കങ്ങളും ശക്തമാണ്.