'നോ പാർക്കിങ്' സോണിൽ നിർത്തിയിട്ട ബൈക്കിന് പിഴ ചുമത്തുന്നതിന് പകരം, സുരക്ഷിതമായ സ്ഥലത്തേക്ക് വാഹനം തള്ളിമാറ്റി വെച്ച രണ്ട് പൊലീസുകാരുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സിക്കിമില്‍ നിന്നാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്.
'നോ പാർക്കിങ്' സോണിൽ വാഹനം പാർക്ക് ചെയ്തിരിക്കുന്നത് കണ്ടാൽ പൊലീസുകാരെന്ത് ചെയ്യും? ചലാൻ പുറപ്പെടുവിക്കുകയും ഫൈൻ ഈടാക്കുകയും ചെയ്യും അല്ലേ? എന്നാൽ, അതൊന്നും ചെയ്യാതെ നിങ്ങളുടെ വാഹനം, പാർക്ക് ചെയ്യാൻ അനുമതിയുള്ള മറ്റൊരു സ്ഥലത്തേക്ക് തള്ളിക്കൊണ്ട് ചെന്ന് പാർക്ക് ചെയ്ത് പിഴ ഒഴിവാക്കുമോ? ഇല്ല എന്നാണ് ഉത്തരമെങ്കിൽ അങ്ങനെ ചെയ്ത രണ്ട് പൊലീസുകാരാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരങ്ങളായി മാറിയിരിക്കുന്നത്. സിക്കിമിൽ നിന്നും പകർത്തിയ വീഡിയോ വൈറലായി മാറിയതോടെയാണ് ഇരുവരും നെറ്റിസൺസിന്റെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുന്നത്.
രണ്ട് പൊലീസുകാർ നോ പാർക്കിംഗ് സോണിൽ പാർക്ക് ചെയ്തിരുന്ന മോട്ടോർ സൈക്കിൾ മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയും വാഹന ഉടമയിൽ നിന്നും പിഴ ഈടാക്കുന്നത് ഒഴിവാക്കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിൽ കാണാനാവുക. സോളോ ട്രാവലറും വ്ലോഗറുമായ സത്യജീത് ദാഹിയയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. പാർക്കിംഗ് സ്ഥലത്തുനിന്നും ഉദ്യോഗസ്ഥർ ബൈക്ക് മാറ്റുന്നത് അദ്ദേഹം പകർത്തിയ വീഡിയോയിൽ കാണാം. ഉടമയ്ക്ക് പിഴ ചുമത്തുന്നതിനുപകരം എന്തിനാണ് വാഹനം മാറ്റുന്നതെന്ന് ദാഹിയ ആകാംക്ഷയോടെ ചോദിക്കുന്നുണ്ട്. അതിന് ഒരു ഉദ്യോഗസ്ഥൻ ലളിതമായി മറുപടി നൽകുന്നതും കാണാം, അത് നോ-പാർക്കിംഗ് സോണിലായിരുന്നു എന്നാണ് മറുപടി. ഇത്തരം പൊലീസിനെ നിങ്ങൾക്ക് എവിടെ കാണാനാകും എന്നാണ് ദാഹിയ ചോദിക്കുന്നത്.
'രണ്ട് പൊലീസ് ഉദ്യോഗസ്ഥർ പാർക്ക് ചെയ്തിരുന്ന ഒരു ബൈക്ക് അവിടെ നിന്നും നീക്കുന്നത് ഞാൻ കണ്ടു, അവരോട് എന്തിനാണ് അങ്ങനെ ചെയ്യുന്നത് എന്ന് ഞാൻ ചോദിച്ചു. ആ ബൈക്ക് റോഡിൽ ഒരു തടസ്സമായി കിടക്കുകയാണ് എന്നും അവർ അത് ശരിയായി നീക്കി വയ്ക്കുകയാണ് എന്നും അവർ ശാന്തമായി വിശദീകരിച്ചു. ഫെസ്റ്റിവൽ സീസണായതിനാൽ ആഘോഷങ്ങളിൽ പങ്കെടുക്കാനായി പശ്ചിമ ബംഗാളിൽ നിന്ന് നിരവധി അതിഥികൾ എത്തുന്നുണ്ട്, അവർക്ക് അസൗകര്യങ്ങളോ പ്രശ്‌നങ്ങളോ ഇല്ലാതിരിക്കാനായിട്ടാണ് അത് ചെയ്യുന്നത്. ഇത്തരത്തിലുള്ള ഉത്തരവാദിത്തവും കരുതലും ഫെസ്റ്റിവലുകളുടെ യഥാർത്ഥ സത്തയെ പ്രതിഫലിപ്പിക്കുന്നതാണ്' എന്നാണ് ദാഹിയ പറയുന്നത്. നിരവധിപ്പേരാണ് പൊലീസുകാരെ അഭിനന്ദിച്ചുകൊണ്ട് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്.
