സ്വന്തം വാഹനത്തിൽ ഓഫീസിൽ പോയാൽ ട്രാഫിക്കിൽ കുടുങ്ങും, വാഹനമില്ലെങ്കിൽ ഉയർന്ന കാബ് നിരക്ക് നൽകി സാമ്പത്തികമായി ബുദ്ധിമുട്ടേണ്ടി വരും, ഓഫീസിൽ പോയില്ലെങ്കിൽ ആ ദിവസത്തെ ശമ്പളം നഷ്ടപ്പെടും.

എങ്ങും മഴയാണ് അല്ലേ? ഈ മഴയത്ത് ഓഫീസിലും സ്കൂളിലും ഒക്കെ പോവുക എന്ന് പറഞ്ഞാൽ വൻ യാത്രാദുരിതം തന്നെയാണ്. വലിയ ന​ഗരങ്ങളിലാണെങ്കിൽ പറയുകയും വേണ്ട. എങ്ങും വെള്ളക്കെട്ടാണ്. അതുപോലെ, മഴക്കാലത്ത് ഓഫീസിലേക്ക് യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടുകൾ തുറന്നുപറഞ്ഞ് ഗുഡ്ഗാവില്‍ നിന്നുള്ള യുവതി പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എട്ട് കിലോമീറ്റർ യാത്രയ്ക്ക് 400 രൂപ നൽകാൻ തയ്യാറായിട്ടും തനിക്ക് കാബ് കിട്ടിയില്ലെന്നാണ് ഹെൻസി സോണി എന്ന യുവതി പറയുന്നത്.

മഴയും വെള്ളക്കെട്ടുള്ള റോഡുകളും സോണി തന്റെ വീഡിയോയിൽ കാണിക്കുന്നുണ്ട്. മനോഹരമായ കാലാവസ്ഥ പെട്ടെന്ന് തന്നെ യാത്രാദുരിതമായി മാറുന്നതെങ്ങനെയെന്നും അവൾ വിവരിക്കുന്നു. കഴിഞ്ഞ ഒരു മണിക്കൂറായി താൻ കാബ് ബുക്ക് ചെയ്യാൻ ശ്രമിക്കുകയാണെന്നും എന്നാൽ ഇതുവരെ ലഭിച്ചില്ലെന്നും സോണി പറഞ്ഞു. 'എട്ട് കിലോമീറ്ററിന് 400 രൂപയാണ് അവർ ഈടാക്കുന്നത്. ഇത് തന്നെ വളരെ കൂടുതലാണ്. എന്നാൽ, ആ തുക നൽകാൻ തയ്യാറായിട്ടും എനിക്ക് ഒരു കാബ് ബുക്കിംഗ് ലഭിക്കുന്നില്ല' എന്നാണ് സോണി പറയുന്നത്.

View post on Instagram

ഗുഡ്ഗാവില്‍ ചെറിയൊരു മഴ പെയ്താൽ പോലും യാത്ര ദുസ്സഹമാണെന്നും വെള്ളക്കെട്ടും ഗതാഗതക്കുരുക്കും കാബ് ലഭ്യമല്ലാത്തതും വലിയ വെല്ലുവിളിയാണെന്നും സോണി കൂട്ടിച്ചേർത്തു. സ്വന്തം വാഹനത്തിൽ ഓഫീസിൽ പോയാൽ ട്രാഫിക്കിൽ കുടുങ്ങുമെന്നും, വാഹനമില്ലെങ്കിൽ ഉയർന്ന കാബ് നിരക്ക് നൽകി സാമ്പത്തികമായി ബുദ്ധിമുട്ടേണ്ടി വരുമെന്നും ഓഫീസിൽ പോയില്ലെങ്കിൽ ആ ദിവസത്തെ ശമ്പളം നഷ്ടപ്പെടുമെന്നുമുള്ള അവസ്ഥയാണ് ജീവനക്കാർക്കുള്ളതെന്നും സോണി പറഞ്ഞു. 'ഗുഡ്ഗാവിലെ ജീവിതം രസകരമാണെന്ന് എല്ലാവരും കരുതുന്നു. എന്നാൽ മഴയുള്ള ഒരു ദിവസം ഓഫീസിൽ പോകേണ്ടി വരുമ്പോൾ അറിയാം' എന്നാണവൾ പറയുന്നത്.

നിരവധിപ്പേരാണ് സോണി പറഞ്ഞതിനോട് യോജിച്ചുകൊണ്ട് കമന്റുകൾ നൽകിയത്. സം​ഗതി വലിയ ന​ഗരമാണെങ്കിലും മഴ പെയ്താൽ പുറത്തിറങ്ങാനാവാത്ത അവസ്ഥയാണെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.