ചൈനീസ് ഉൽപ്പന്നങ്ങളുടെ വില വളരെ കൂടുതലാണെന്ന് ഇന്ത്യൻ ക്ലയന്റുകൾ നിരന്തരം പരാതിപ്പെടുന്നുവെന്നും, പലപ്പോഴും സൗജന്യ സാമ്പിളുകൾ മാത്രമാണ് ഇവർ ആവശ്യപ്പെടുന്നത് എന്നും ഇയാൾ അവകാശപ്പെടുന്നു.
ഇന്ത്യൻ വ്യാപാരികളുമായി ബിസിനസ്സ് ചെയ്യുന്നത് ബുദ്ധിമുട്ടാണെന്ന് അവകാശപ്പെട്ട് ഒരു ചൈനീസ് ഇലക്ട്രോണിക്സ് വ്യാപാരി പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. ഗ്ലോബൽ സോഴ്സിംഗ് രംഗത്ത് പ്രവർത്തിക്കുന്ന ജെയ് ചെന്നാണ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഇന്ത്യൻ ഉപഭോക്താക്കൾ ഒരുപാട് കൂടുതലായി വിലക്കുറവ് ആഗ്രഹിക്കുന്നവരാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള ആളുകൾ ഇന്ത്യക്കാരെ തട്ടിപ്പുകാരായി കാണാറുണ്ട് എന്നുമാണ് ജെയ് ചെൻ തന്റെ വീഡിയോയിൽ പറയുന്നത്.
അതുമാത്രമല്ല, വിലയിലെ പ്രശ്നത്തെ കുറിച്ചും ജയ് ചെൻ പറയുന്നുണ്ട്. ചൈനീസ് ഉൽപ്പന്നങ്ങളുടെ വില വളരെ കൂടുതലാണെന്ന് ഇന്ത്യൻ ക്ലയന്റുകൾ നിരന്തരം പരാതിപ്പെടുന്നുവെന്നും, പലപ്പോഴും സൗജന്യ സാമ്പിളുകൾ മാത്രമാണ് ഇവർ ആവശ്യപ്പെടുന്നത് എന്നും ഇയാൾ അവകാശപ്പെടുന്നു. എന്നാൽ, അതേസമയം തന്നെ തനിക്ക് ആദ്യമായി വിദേശ ഓർഡർ തന്നത് ഒരു ഇന്ത്യൻ ക്ലയന്റാണെന്നും, തന്റെ ബിസിനസ്സ് വളർത്താൻ അത് സഹായിച്ചുവെന്നും ചെന്നിന്റെ വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.
ചെന്നിന്റെ ഈ വീഡിയോയ്ക്ക് താഴെ സമ്മിശ്രങ്ങളായ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇന്ത്യയിലെ കടുത്ത മത്സരവും മാർക്കറ്റിന്റെ സ്വഭാവവുമാണ് കുറഞ്ഞ വിലയ്ക്കുള്ള ആവശ്യം ഉയരാൻ കാരണമെന്ന് ചിലർ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യൻ ഉപഭോക്താക്കൾ കൂടുതൽ ബുദ്ധിമാന്മാരാണെന്നും ചിലർ അഭിപ്രായപ്പെട്ടു.
അതേസമയം, ചൈനീസ് വിൽപ്പനക്കാരിൽ പലരും ആദ്യം മികച്ച സാമ്പിളുകൾ നൽകിയ ശേഷം പിന്നീട് നിലവാരം കുറഞ്ഞ ഉൽപ്പന്നങ്ങൾ അയക്കാറുണ്ടെന്ന് ചില കമന്റുകളിൽ ആരോപണവും ഉയർന്നിട്ടുണ്ട്. നേരിട്ട് ഫാക്ടറി സന്ദർശിച്ചോ സാമ്പിളുകൾ ദീർഘനാൾ ഉപയോഗിച്ചു നോക്കിയോ ആണ് പലരും ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതെന്നും പലരും വീഡിയോയുടെ കമന്റിൽ വ്യക്തമാക്കി.
