വിമാനം തകര്‍ന്നു വീണ വീട്ടില്‍ നിന്നും പരിസരങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. വിമാനത്തിലുണ്ടായിരുന്ന  രണ്ട് പേരില്‍ ഒരാള്‍ മരണപ്പെടുകയും മറ്റൊരാള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു.

ചെറുവിമാനം വീടിന് മുകളിലേക്ക് തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അമേരിക്കയിലെ ന്യുബെര്‍ഗിലാണ് സംഭവമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൊവ്വാഴ്ച വൈകുന്നേരം ഒറിഗോണിലെ വീടിന് മുകളിലേക്ക് വിമാനം തകര്‍ന്നു വീണതിന് പിന്നാലെ അഗ്നിശമന സേന ഉള്‍പ്പെടെയുള്ള അടിയന്തിര രക്ഷാ സേനകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

അപകട സ്ഥലത്തു നിന്നുള്ള ചിത്രങ്ങള്‍ അഗ്നിശമന സേന തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വിമാനം തകര്‍ന്നു വീണ വീട്ടില്‍ നിന്നും പരിസരങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. വിമാനത്തിലുണ്ടായിരുന്ന രണ്ട് പേരില്‍ ഒരാള്‍ മരണപ്പെടുകയും മറ്റൊരാള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. ഇവര്‍ക്കല്ലാതെ അവശിഷ്ടങ്ങള്‍ പതിച്ചോ മറ്റോ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അഗ്നിശമന സേന അറിയിച്ചു.

Scroll to load tweet…

അതേസമയം വിമാനം തകര്‍ന്നു വീഴുന്നതിന്റെയെന്ന പേരില്‍ ഒരു വീഡിയോ ക്ലിപ്പും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. നിലത്ത് പതിക്കുന്നതിന് മുമ്പ് ആകാശത്തുവെച്ച് നിയന്ത്രണം നഷ്ടമായി വളരെ വേഗം താഴേക്ക് പതിക്കുന്നതും ചിറകുകളില്‍ തീ പര്‍ന്നിരിക്കുന്നതും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യപ്പെട്ട ഈ വീഡിയോ ക്ലിപ്പിലുണ്ട്.

വിമാനത്തിലുണ്ടായിരുന്ന രണ്ട് യാത്രക്കാരില്‍ ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടയ്യാളെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തകര്‍ന്നു വീണതിന് പിന്നാലെ വിമാനത്തിന് തീ പിടിക്കുമെന്നും ഇന്ധന ചോര്‍ച്ച ഉണ്ടാവുമെന്നുമുള്ള ആശങ്കകള്‍ ഉണ്ടായിരുന്നെങ്കിലും അങ്ങനെയൊന്നും സംഭവിച്ചില്ലെന്നും രക്ഷാപ്രവര്‍ത്തനം പിന്നീട് പൂര്‍ത്തിയാക്കിയതായും അഗ്നിശമന സേന അറിയിച്ചു. 

Read also: വമ്പൻ സൗകര്യങ്ങൾ; വാഷിംഗ്ടണിലെ ബോയിംഗ് കേന്ദ്രത്തില്‍ നിന്ന് 2 പുതിയ എയർക്രാഫ്റ്റുകള്‍ എയർ ഇന്ത്യക്ക് സ്വന്തം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ ് യുട്യൂബില്‍ കാണാം...