ഒരു വർഷത്തിന് ശേഷം സ്കോട്ട്ലൻഡിൽ നിന്ന് മടങ്ങിയെത്തിയ മകൻ ഹൈദരാബാദിലുള്ള മാതാപിതാക്കൾക്ക് അപ്രതീക്ഷിതമായി ഒരുക്കിയ സർപ്രൈസ്. മകനെ കണ്ട സന്തോഷത്തിൽ കെട്ടിപ്പിടിച്ച് നൃത്തം ചെയ്ത് അച്ഛൻ. സന്തോഷത്തിൽ മതിമറന്ന് അമ്മ. വൈറലായി വീഡിയോ.
പഠനത്തിനും ജോലിക്കും ഒക്കെയായി മക്കൾ വിദേശത്ത് പോകുന്നത് പല അച്ഛനമ്മമാർക്കും വേദനയുണ്ടാക്കുന്ന കാര്യമാണ്. എന്നാൽ, അവരുടെ ഭാവിയെ കുറിച്ചോർത്ത് താൽക്കാലികമായി അവരെ പിരിഞ്ഞിരിക്കുന്ന വേദന പലരും മറക്കാറാണ് പതിവ്. ഇപ്പോൾ പല മക്കളും അച്ഛനമ്മമാരെ അറിയിക്കാതെ സർപ്രൈസായി അവരെ കാണാനായി എത്താറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡീയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഹൈദ്രാബാദിൽ നിന്നാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. പ്രേം ജെയിൻ എന്ന യുവാവാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. സ്കോട്ട്ലൻഡിലെ ഗ്ലാസ്‌ഗോയിൽ താമസിക്കുന്ന 21 വയസ്സുള്ള ഇന്റർനാഷണൽ സ്റ്റുഡന്റാണ് പ്രേം ജെയിൻ.
'POV: ഒരു വർഷം വിദേശത്ത് താമസിച്ച ശേഷം നിങ്ങൾ നിങ്ങളുടെ മാതാപിതാക്കളെ സർപ്രൈസ് ചെയ്യുന്നു, ഒടുവിൽ എല്ലാം പൂർണ്ണമായതു പോലെ തോന്നുന്നു' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ, അവന്റെ മാതാപിതാക്കൾ ഒരു കെട്ടിടത്തിന്റെ മുന്നിൽ നിൽക്കുന്നത് കാണാം. അവരുടെ ചുറ്റും ആളുകളുണ്ട്. അവരുടെ കണ്ണുകൾ മൂടിയിരിക്കയാണ്. എന്താണ് സംഭവിക്കുന്നത് എന്നതിനെ കുറിച്ച് അവർക്ക് യാതൊരു ഐഡിയയും ഇല്ല. പിന്നാലെ ധോൽ സംഗീതത്തിന്റെ അകമ്പടിയോടെ അവരുടെ മകൻ വരുന്നതും ഡാൻസ് ചെയ്യുന്നതും കാണാം.
പിന്നാലെ അച്ഛന്റെയും അമ്മയുടെയും കണ്ണുകൾ പൊത്തിയിരിക്കുന്നവർ കയ്യെടുക്കുകയും അവർ മകനെ കാണുകയും ചെയ്യുകയാണ്. മകനെ കണ്ടപ്പോൾ ആദ്യം അച്ചനമ്മമാരുടെ മുഖത്ത് കൺഫ്യൂഷനാണെങ്കിൽ അടുത്ത നിമിഷം അത് സന്തോഷമായി മാറി. അച്ഛൻ മകനെ കെട്ടിപ്പിടിക്കുന്നതും നൃത്തം ചെയ്യുന്നതും കാണാം. അമ്മയും സന്തോഷം കൊണ്ട് മതിമറന്നിരിക്കയാണ്. എന്തായാലും, നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്. അമ്മയും അച്ഛനും മകനെ കണ്ടപ്പോൾ എത്രമാത്രം ഹാപ്പിയായി എന്നതിനെ കുറിച്ചാണ് പലരും കമന്റ് നൽകിയിരിക്കുന്നത്.
