എന്തുകൊണ്ടാണ് നെറ്റിയിൽ ഇത്തരത്തിൽ പൊട്ട് തൊട്ടിരിക്കുന്നത് എന്ന് രോഗിയുടെ ഭാര്യ കരിഷ്മയോട് ചോദിച്ചു. അവർക്ക് മറുപടി നൽകുന്നതിന് മുൻപ് തന്നെ, 'കല്ല്യാണം കഴിഞ്ഞാൽ ഇവരുടെ ഭർത്താവ് ഇത് ചുരണ്ടി നോക്കും. അപ്പോൾ ഒരു മോട്ടലാണോ അതോ ​ഗ്യാസ് സ്റ്റേഷനാണോ കിട്ടിയിരിക്കുന്നത് എന്ന് അറിയാൻ പറ്റും' എന്ന് രോഗിയായ ആൾ കളിയാക്കുകയായിരുന്നു.

പൊട്ട് ധരിക്കുന്നതിനെ കുറിച്ച് വീഡിയോ ചെയ്ത ഇന്ത്യൻ-അമേരിക്കൻ ഡോക്ടർക്കെതിരെ വംശീയ പരാമർശങ്ങൾ. പ്രതികരണവുമായി പ്ലാസ്റ്റിക് സർജൻ ഡോ. കരിഷ്മ റെഡ്ഡി. അമേരിക്കയിലെ ജോർജിയ മെഡിക്കൽ കോളേജിൽ പഠിക്കുന്ന കാലത്ത് ഗ്രാമീണ മേഖലയിലെ കേസ് സ്റ്റഡിക്കിടെ തനിക്കുണ്ടായ ഒരു അനുഭവമാണ് കരിഷ്മ ഇൻസ്റ്റാഗ്രാം റീലിലൂടെ പങ്കുവെച്ചത്. പ്രമേഹ രോഗിയായ ഒരാളെ പരിശോധിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്.

എന്തുകൊണ്ടാണ് നെറ്റിയിൽ ഇത്തരത്തിൽ പൊട്ട് തൊട്ടിരിക്കുന്നത് എന്ന് രോഗിയുടെ ഭാര്യ കരിഷ്മയോട് ചോദിച്ചു. അവർക്ക് മറുപടി നൽകുന്നതിന് മുൻപ് തന്നെ, 'കല്ല്യാണം കഴിഞ്ഞാൽ ഇവരുടെ ഭർത്താവ് ഇത് ചുരണ്ടി നോക്കും. അപ്പോൾ ഒരു മോട്ടലാണോ അതോ ​ഗ്യാസ് സ്റ്റേഷനാണോ കിട്ടിയിരിക്കുന്നത് എന്ന് അറിയാൻ പറ്റും' എന്ന് രോഗിയായ ആൾ കളിയാക്കുകയായിരുന്നു. അന്നത്തെ സംഭവം തന്നിൽ വലിയ സങ്കടമുണ്ടാക്കിയെന്നും മൗനമായിട്ടാണ് അന്നൊക്കെ വീട്ടിലേക്ക് മടങ്ങിയിരുന്നതെന്നും കരിഷ്മ വീഡിയോയിൽ പറഞ്ഞു. ഒപ്പം തന്നെ പ്രസ്തുത വീഡിയോയിൽ താൻ ഇതൊരു സാധാരണ ഓർമ്മയായി പറഞ്ഞതാണ് എന്ന് കരിഷ്മ പറഞ്ഞെങ്കിലും പിന്നാലെ ആ വീഡിയോയ്ക്കു താഴെയും ചില വംശീയമായ കമന്റുകൾ ഉയരുകയായിരുന്നു.

'ജീവിതത്തിൽ ഇത്രയും ഇന്ത്യ വിരുദ്ധമായ പരാമർശങ്ങൾ താൻ മുൻപെങ്ങും കണ്ടിട്ടില്ല. സ്വന്തം നാട്ടിൽ ജനിച്ചു വളർന്നയാളായിരുന്നിട്ടും 'ഇന്ത്യയിലേക്ക് തിരികെ പോകൂ' എന്ന തരത്തിലുള്ള നിരവധി കമന്റുകളാണ് വന്നത്' എന്നും ഡോക്ടർ പറഞ്ഞു. ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നതിനാൽ ആളുകളിൽ നിന്ന് പൊതുവേ സ്നേഹവും ബഹുമാനവും മാത്രമാണ് ലഭിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ഓൺലൈനിലെ ഇത്തരം വിദ്വേഷ കമന്റുകൾ തനിക്ക് അപ്രതീക്ഷിതമായിരുന്നു എന്നും അവർ കൂട്ടിച്ചേർത്തു.

View post on Instagram

മറ്റുള്ളവരോട് ദയയോടും ബഹുമാനത്തോടും പെരുമാറുന്നതുകൊണ്ട് ആർക്കും ഒന്നും നഷ്ടപ്പെടാനില്ലെന്നും ഓൺലൈനിൽ ഇത്രയധികം വിദ്വേഷം പ്രചരിപ്പിക്കുന്ന സമൂഹത്തിന്റെ മാറ്റം സങ്കടകരമാണെന്നും അവർ പറഞ്ഞു. പോസ്റ്റിന് കരിഷ്മയെ അനുകൂലിച്ച് നിരവധിപ്പേർ കമന്റുകൾ നൽകി. എന്നാൽ, അതേസമയം തന്നെ അനുഭവം പറഞ്ഞുകൊണ്ട് ഷെയർ ചെയ്ത പോസ്റ്റിന് പൊളിറ്റിക്കലി കറക്ട് അല്ലെങ്കിലും ഈ ​ഗ്രാമത്തിലെ ജനങ്ങൾ വളരെ സ്നേഹവും ദയവും ഉള്ളവരാണ് എന്നും അറിവില്ലായ്മ കൊണ്ട് തമാശ പറഞ്ഞതായിരിക്കാമെന്നും അഭിപ്രായപ്പെട്ടവരുമുണ്ട്.