ഓൺലൈനായി ഓർഡർ ചെയ്ത സാധനം നൽകാനെത്തിയ ഡെലിവറി ഏജന്റ് വീടിന്റെ വാതിൽ തുറന്നുകിടക്കുന്നത് കണ്ടു. തുടർന്ന് വീട്ടുടമയെ വിളിച്ച് അറിയിക്കുകയും അവർ വരുന്നതുവരെ വീടിന് കാവൽ നിൽക്കുകയും ചെയ്തു. ഡെലിവറി ഏജന്റായ അംസാദിന്റെ സത്യസന്ധതയെ അഭിനന്ദിച്ച് വീട്ടുടമ പങ്കുവെച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വീടിന് വാതിലിന്‍റെ സുരക്ഷ പോരെന്ന് തോന്നിയിട്ടാണ് നമ്മൾ ഗേയിറ്റ് വെയ്ക്കുന്നത്. എന്നാലിപ്പോൾ ആ സുരക്ഷയിലും വിശ്വാസ കുറവുള്ളത് കൊണ്ടാണ് ഗേറ്റിലും വീട്ടിലും സിസിടിവി കാമറകൾ പിടിപ്പിക്കുന്നത്. ഇങ്ങനെയൊക്കെയാണ് സുരക്ഷിതമായി നമ്മളിൽ പലരും ജീവിക്കുന്നത്. എന്നാൽ, ഇന്‍സ്റ്റാഗ്രാമിൽ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ അമ്പരപ്പിച്ചു. സാധനം ഓണ്‍ലൈനായി ഓർഡർ ചെയ്ത് വീടും തുറന്നിട്ട് പോയ ഒരു വീട്ടമ്മ തന്‍റെ അനുഭവം ഒരു വീഡിയോയായി ചിത്രീകരിച്ച് ഇന്‍സ്റ്റാഗ്രാമിൽ പങ്കുവച്ചതായിരുന്നു. വീഡിയോ കണ്ടവരെല്ലാം ഡെലിവറി ഏ‍ജന്‍റിന്‍റെ സത്യസന്ധതയെ അഭിനന്ദിക്കാനെത്തി.

വാതിൽ തുറന്നിട്ട് പോയ വീട്ടുടമ

സാധനം ഡെലിവറി ചെയ്യാൻ എത്തിയപ്പോഴാണ് വീടിന്‍റെ പ്രധാന വാതിൽ തുറന്നിട്ടിരിക്കുന്നത് ഡെലിവറി ഏജന്‍റ് ശ്രദ്ധിച്ചത്. പിന്നെ വീട്ടുമസ്ഥ വരുന്നത് വരെ അയാൾ അവിടെ കാത്ത് നിന്നു. വീട്ടുടമസ്ഥ പുറത്ത് പോയ സമയത്താണ് ഡെലിവറി ഏജന്‍റ് എത്തിയത്. അപ്പോഴാണ് വാതിൽ തുറന്ന് കിടക്കുന്നത് അയാൾ ശ്രദ്ധിച്ചതും. പിന്നാലെ ഓർഡർ ചെയ്ത നമ്പറിലേക്ക് ഫോണ്‍ ചെയ്ത് അയാൾ വാതിൽ തുറന്ന് കിടക്കുകയാണെന്ന് അറിയിച്ചു. വിവരം അറിയിച്ചെന്ന് മാത്രമല്ല, യുവതി വരുന്നത് വരെ വീടിന് കാവലും നിന്നു.

View post on Instagram

ഇരുവരെയും അഭിനന്ദിച്ച് നെറ്റിസെൺസ്

ഫോണ്‍ ലഭിച്ചതിന് പിന്നാലെ യുവതി തിരിച്ചെത്തുകയും സംഭവം റെക്കോർഡ് ചെയ്ത് ഡെലിവറി ഏജന്‍റിന്‍റെ പേര് ചോദിച്ചു. അംസാദ് എന്ന് അയാൾ സ്വയം പരിചയപ്പെടുത്തി. അംസാദിന്‍റെ സത്യസന്ധതയ്ക്ക് നന്ദി പറഞ്ഞ യുവതി റെക്കോർഡ് ചെയ്ത വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. വീഡിയോ വൈറലാതിന് പിന്നാലെ ഡെലിവറി ഏജന്‍റിന്‍റെ സത്യസന്ധതയെ അഭിനന്ദിക്കാൻ നിരവധി പേരെത്തി. അംസാദിനെ പോലെ സത്യസന്ധരായ ആളുകളെയും ആ സത്യസന്ധതയെ അംഗീകരിച്ച ദിവ്യ ഉണ്ണിയെ പോലുള്ള ആളുകളെയുമാണ് ഈ രാജ്യത്തിന് ആവശ്യമെന്നായിരുന്നു ഒരു കുറിപ്പ്. ഞാൻ ഒരു പൂച്ച അമ്മയായതിനാൽ നിങ്ങൾക്ക് തോന്നിയേക്കാവുന്ന ഭയം എനിക്ക് സങ്കൽപ്പിക്കാൻ കഴിയുമെന്നായിരുന്നു മറ്റൊരു കുറിപ്പ്.