ലോകത്തുള്ള മറ്റെല്ലാ സേവനങ്ങൾക്കും സാധനങ്ങൾക്കും ആളുകൾ കൃത്യമായി പണം നൽകുമെന്നും, എന്നാൽ, ഒരു ഡോക്ടറുടെ വിദഗ്ധ ഉപദേശത്തിന് പണം നൽകാൻ മാത്രം മടി കാണിക്കുന്നത് കഷ്ടമാണെന്നും ഡോ. പ്രഭ്‌ലീൻ കൗർ വീഡിയോയിൽ പറയുന്നു.

ഡോക്ടറുടെ സേവനത്തിന് നൽകേണ്ട കൺസൾട്ടേഷൻ ഫീസ് ഒഴിവാക്കാൻ രോഗികൾ തേടുന്ന ചില വിചിത്രമായ വഴികളെ കുറിച്ച് പറഞ്ഞ് ചണ്ഡീഗഡ് ട്രൈസിറ്റിയിലെ ഡോക്ടർ പ്രഭ്‌ലീൻ കൗർ. ഡോക്ടറെ നേരിട്ട് കാണാതെ ലേസർ ചികിത്സയെക്കുറിച്ചുള്ള കാര്യങ്ങൾ സൗജന്യമായി അറിയാൻ എത്തിയ ദമ്പതികളെ കുറിച്ചാണ് ഡോക്ടർ ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

നടക്കാനിറങ്ങിയവർ ക്ലിനിക്കിലേക്ക്

ക്ലിനിക്കിൽ നടന്ന സംഭവം ഡോക്ടർ വിവരിക്കുന്നത് ഇങ്ങനെയാണ്. ഒരു ദിവസം വൈകുന്നേരം നടക്കാനിറങ്ങിയ ഒരു സ്ത്രീ ക്ലിനിക്കിലേക്ക് കയറിവന്നു. ഡോക്ടറോട് ലേസർ ചികിത്സയെക്കുറിച്ച് ചോദിച്ചറിയണമെന്നായിരുന്നു ആവശ്യം. എന്നാൽ, കൺസൾട്ടേഷൻ ഫീസ് അടച്ച ശേഷമേ ഡോക്ടറെ കാണാൻ സാധിക്കൂ എന്ന് ക്ലിനിക്ക് ജീവനക്കാർ വ്യക്തമാക്കിയതോടെ ഇവർ മടങ്ങിപ്പോയി. എന്നാൽ, അല്പസമയത്തിനകം ഇവർ ഭർത്താവിനെയും കൂട്ടി തിരിച്ചെത്തി. ഈ സമയം ഭർത്താവ് മറ്റൊരു തന്ത്രമാണ് പ്രയോഗിച്ചത്. ഡോക്ടറുടെ സുഖവിവരങ്ങൾ അന്വേഷിക്കാനാണ് താൻ വന്നതെന്നും, അതിനും പണം നൽകണമെന്നുണ്ടോ എന്നുമായിരുന്നു ഇയാളുടെ ചോദ്യം. എന്നാൽ, ഡോക്ടറെ മുൻപരിചയമുണ്ടോ എന്ന ചോദ്യത്തിന് ഇയാൾ 'ഇല്ല' എന്ന് മറുപടി നൽകി. തുടർന്ന്, ഉള്ളിൽ കയറിയാൽ ലേസർ ചികിത്സയെക്കുറിച്ച് ഡോക്ടറോട് ചോദിക്കില്ലേ എന്ന് ജീവനക്കാർ ആവർത്തിച്ച് ചോദിച്ചപ്പോൾ ചോദിക്കുമെന്ന് ഇയാൾക്ക് സമ്മതിക്കേണ്ടി വന്നു.

ലോകത്തുള്ള മറ്റെല്ലാ സേവനങ്ങൾക്കും സാധനങ്ങൾക്കും ആളുകൾ കൃത്യമായി പണം നൽകുമെന്നും, എന്നാൽ, ഒരു ഡോക്ടറുടെ വിദഗ്ധ ഉപദേശത്തിന് പണം നൽകാൻ മാത്രം മടി കാണിക്കുന്നത് കഷ്ടമാണെന്നും ഡോ. പ്രഭ്‌ലീൻ കൗർ വീഡിയോയിൽ പറയുന്നു. ഡോക്ടറുടെ സമയത്തിനും പരിചയസമ്പത്തിനും നൽകുന്ന അർഹമായ പ്രതിഫലമാണ് കൺസൾട്ടേഷൻ ഫീസെന്നും അവർ കൂട്ടിച്ചേർത്തു.

View post on Instagram

ചേരിതിരിഞ്ഞ് സോഷ്യൽ മീഡിയ

വീഡിയോ പുറത്തുവന്നതോടെ ഇൻസ്റ്റഗ്രാമിൽ വലിയ തോതിലുള്ള ചർച്ചകളാണ് നടക്കുന്നത്. ഒരു വിഭാഗത്തിന്റെ അഭിപ്രായം ചികിത്സ തേടാനല്ലാതെ, ഒരു ചികിത്സയുടെ ചെലവ് എത്രയാകുമെന്ന് അറിയാൻ മാത്രം വരുന്നവരിൽ നിന്ന് കൺസൾട്ടേഷൻ ഫീസ് ഈടാക്കുന്നത് ശരിയല്ലെന്നും അവർ മെഡിക്കൽ ഉപദേശം ചോദിക്കുന്നില്ലല്ലോ എന്നുമാണ്. എന്നാൽ, ഡോക്ടർമാരുടെ പ്രതികരണം സോഷ്യൽ മീഡിയയിൽ ഇത്തരം പരാതികൾ ഉന്നയിച്ചിട്ട് കാര്യമില്ലെന്നും, ഫീസ് നൽകാൻ മടിക്കുന്നവരെ സർക്കാർ ആശുപത്രികളിലേക്ക് അയക്കുകയാണ് വേണ്ടതെന്നുമാണ്.