ഇന്ത്യ സന്ദർശിക്കുന്ന ജർമ്മൻ വ്ലോഗർ അലക്സ് വെൽഡർ, രാജ്യത്ത് താൻ കണ്ടതിൽ വെച്ച് ഏറ്റവും വൃത്തിയുള്ള സ്ഥലമായി സൗത്ത് ഗോവയെ തിരഞ്ഞെടുത്തു. ഗോവ ഒരു പാർട്ടി സ്ഥലവും മാലിന്യം നിറഞ്ഞതുമായിരിക്കുമെന്ന തന്റെ മുൻവിധി തെറ്റായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ന്ത്യ സന്ദർശനം നടത്തിക്കൊണ്ടിരിക്കുന്ന ജർമ്മൻ വ്ലോഗർ, രാജ്യത്ത് ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വൃത്തിയുള്ള സ്ഥലം ഏതാണെന്ന് വെളിപ്പെടുത്തിയപ്പോൾ അത് സമൂഹ മാധ്യമങ്ങളില്‍ വൈറൽയ 'ഇന്ത്യയിൽ ഞാൻ കണ്ട ഏറ്റവും വൃത്തിയുള്ള സ്ഥലം' എന്ന തലക്കെട്ടിലുള്ള ഇൻസ്റ്റാഗ്രാം വീഡിയോയിൽ, സൗത്ത് ഗോവ സന്ദർശിച്ചപ്പോഴുള്ള തന്‍റെ അനുഭവവും, ആ പ്രദേശം തന്‍റെ മുൻവിധികളിൽ നിന്ന് എങ്ങനെ തികച്ചും വ്യത്യസ്തപ്പെട്ടിരിക്കുന്നുവെന്നും അലക്സ് വെൽഡർ പങ്കുവച്ചു. 

യൂറോപ്പ് പോലൊരു ദേശം

ഗാൽഗിബാഗ ബീച്ചിലൂടെ നടന്നുകൊണ്ട് വെൽഡർ അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്: "ഇന്ത്യയിൽ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും വൃത്തിയുള്ള സ്ഥലം ഇതായിരിക്കും. ഗോവ ഒരു സൂപ്പർ പാർട്ടി ഹോട്ട്‌സ്‌പോട്ട് ആയിരിക്കുമെന്ന് ഞാൻ എപ്പോഴും കരുതിയിരുന്നു, ധാരാളം വിനോദ സഞ്ചാരികളും ധാരാളം മാലിന്യങ്ങളും. പക്ഷേ, ഞങ്ങൾ സൗത്ത് ഗോവയിലെ ഈ ബീച്ചിൽ ചുറ്റിനടന്നു, ഒരു മാലിന്യക്കഷണം പോലും ഞങ്ങൾ കണ്ടിട്ടില്ല. ഇത് വളരെ മനോഹരമാണ്," അദ്ദേഹം ആവേശത്തോടെ പറയുന്നു. തനിക്ക് ഗോവ യൂറോപ്പിന് സമാനമായി തോന്നുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. "ഈ സ്ഥലം അത്ര ചൂടുള്ള പ്രദേശമായി തോന്നുന്നില്ല. ഇവിടുത്തെ മരങ്ങൾ നോക്കൂ. ഞാൻ ഒരു യൂറോപ്യൻ രാജ്യത്താണെന്ന് തോന്നുന്നു. എപ്പോഴും വിലമതിക്കുന്ന ഒരു അപൂർവ ഇടം." അലക്സ് വാചാലനായി.

View post on Instagram

അവിടം കൊണ്ട് കഴിഞ്ഞില്ലെന്ന് നെറ്റിസെൻസ്

വീഡിയോ ഇതിനോടകം ഏകദേശം 2,00,000 പേര്‍ കണ്ടു കഴിഞ്ഞു. നൂറുകണക്കിന് ആളുകളാണ് തങ്ങളുടെ അഭിപ്രായങ്ങളെഴുതാന്‍ എത്തിയത്. ഭൂരിഭാഗം ഉപയോക്താക്കളും സൗത്ത് ഗോവയുടെ ഭംഗിയെ കുറിച്ച് വാചാലരായി. വിനോദ സഞ്ചാരികളുടെ തിരക്കിൽ നിന്ന് സൗത്ത് ഗോവയെ അകറ്റി നിർത്തിയാൽ എന്നെന്നും ഈ ഭംഗി അതുപോലെ ഉണ്ടാകുമെന്നും ആളുകൾ അഭിപ്രായപ്പെട്ടു. സൗത്ത് ഗോവയിലെ മനോഹരമായ ദൂദ്‌സാഗർ വെള്ളച്ചാട്ടം കാണണമെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു. ചിലര്‍ മറ്റ് ചില സ്ഥലങ്ങൾ കൂടി പരാമർശിച്ച് കൊണ്ട് രംഗത്തെത്തി. ഇന്ത്യയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ കുറിച്ച്, വിനേദ സഞ്ചാരികൾ മോശം പരാമർശങ്ങളും സമൂഹ മാധ്യമ കുറിപ്പുകളും പങ്കുവയ്ക്കുന്നത് വർദ്ധിക്കുന്നതിനിടയിലാണ് ഈ വീഡിയോ വൈറലാകുന്നത് എന്നതും ശ്രദ്ധേയം.