ഉത്തരാഖണ്ഡിലെ ത്രിയുഗിനാരായണ ക്ഷേത്രത്തിൽ കനത്ത മഞ്ഞുവീഴ്ചയ്ക്കിടെ വിവാഹിതരായ ദമ്പതികള്‍. മഞ്ഞിലൂടെ നടന്നുവരുന്ന ഇവരുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. 

തങ്ങളുടെ വിവാഹദിനം എന്നെന്നും ഓർമ്മയിൽ നിൽക്കാനുള്ള ഒരു മനോഹര മുഹൂർത്തമായിരിക്കണം എന്ന് എല്ലാ ദ​മ്പതികളും ആ​ഗ്രഹിക്കാറുണ്ട്. കാരണം, ജീവിതത്തിലെ ഏറ്റവും പ്രധാനമായ ഒന്നായിട്ടാണ് നാം വിവാഹത്തെ കാണുന്നത്. എന്തായാലും, ഈ ദമ്പതികൾക്ക് അവരുടെ വിവാഹദിനം ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു അനുഭവമായി മാറിയിട്ടുണ്ടാകും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. വസന്ത് പഞ്ചമി ദിനത്തിലാണ് ഈ വിവാഹം നടന്നിരിക്കുന്നത്. കനത്ത മഞ്ഞുവീഴ്ചയിലാണ് വിവാഹം നടന്നത് എന്നതാണ് സാമൂഹിക മാധ്യമങ്ങളിൽ ഈ വിവാഹവീഡിയോ വൈറലായി തീരാൻ കാരണമായത്.

മീററ്റിൽ നിന്നുള്ള ഈ ദമ്പതികൾ ഉത്തരാഖണ്ഡിലെ പ്രശസ്തമായ ത്രിയുഗിനാരായണ ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിക്കാനാണ് തീരുമാനിച്ചത്. വിവാഹദിനത്തിൽ കനത്ത മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് ഇവർക്ക് യാതൊരു വിധത്തിലുള്ള അറിവുമുണ്ടായിരുന്നില്ല. വിവാഹത്തിന് ശേഷം കനത്ത മഞ്ഞിലൂടെ നടന്നുപോകുന്ന ദമ്പതികളുടെ വീഡിയോയാണ് ഇപ്പോൾ ആളുകളുടെ ശ്രദ്ധയാകർഷിച്ചിരിക്കുന്നത്. മഹേന്ദ്ര സെംവാൾ എന്ന യൂസറാണ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വളരെ പ്രശസ്തമായ ക്ഷേത്രമാണ് ഉത്തരാഖണ്ഡിലെ ത്രിയുഗിനാരായണ ക്ഷേത്രം. ശിവനും പാർവതിയും വിവാഹിതരായ സ്ഥലമാണിതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇക്കാരണത്താൽ തന്നെ, നിരവധി ദമ്പതികളാണ് വിവാഹം കഴിക്കാനായി ഈ ക്ഷേത്രം തിരഞ്ഞെടുക്കുന്നത്.

View post on Instagram

വീഡിയോയിൽ, വധു കടും ചുവപ്പ് നിറത്തിലുള്ള ലെഹങ്കയാണ് ധരിച്ചിരിക്കുന്നത് എന്ന് കാണാം. കൊടും തണുപ്പ് കാരണം, അവൾ വസ്ത്രത്തിന് മുകളിൽ ഒരു ജാക്കറ്റും ധരിച്ചിട്ടുണ്ട്. നിലത്തെ മഞ്ഞിൽ മുട്ടാതിരിക്കാനായി ഒരു സ്ത്രീ വധുവിന്റെ ലെഹങ്ക ഉയർത്തി പിടിച്ചിരിക്കുന്നതായും കാണാം. കനത്ത മഞ്ഞാണെങ്കിലും പുഞ്ചിരിയോടെ വിവാഹശേഷം നടന്നു വരുന്ന വധൂവരന്മാരേയും വീഡിയോയിൽ കാണാം. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്. കനത്ത മഞ്ഞാണെങ്കിലും ഇവരുടെ വിവാഹദിനം ഒരിക്കലും മറക്കാനാവാത്ത വിധം മനോഹരവും മാജിക്കലും ആണല്ലോ എന്നാണ് ആളുകൾ പ്രതികരിച്ചത്.