ചൈനയിൽ ഇറച്ചിക്കടയ്ക്കായി തട്ടിക്കൊണ്ടുപോയ ഏഴ് വളർത്തുനായ്ക്കൾ അതിസാഹസികമായി രക്ഷപ്പെട്ടു. ഒരു കോർഗി നായയുടെ നേതൃത്വത്തിൽ 17 കിലോമീറ്റര്‍ താണ്ടി ഇവ ഹൈവേയിലൂടെ സഞ്ചരിച്ച് സുരക്ഷിതമായി ഗ്രാമത്തിൽ തിരിച്ചെത്തി.

ചൈനയിലെ ചാങ്ചുൻ നഗരത്തിൽ നിന്ന് വരുന്ന അവിശ്വസനീയമായ ഒരു വാർത്തയാണ് ഇപ്പോൾ ആളുകളുടെ ശ്രദ്ധയാകർഷിക്കുന്നത്. നായ ഇറച്ചിക്കടയ്ക്കായി മോഷ്ടാക്കൾ തട്ടിക്കൊണ്ടുപോയ ഏഴ് വളർത്തുനായ്ക്കൾ അതിസാഹസികമായി രക്ഷപ്പെട്ട് കിലോമീറ്ററുകൾ താണ്ടി തിരികെ വീട്ടിലെത്തിയ കഥയാണിത്. മാത്രമോ, സാധാരണയയിൽ നിന്നും വ്യത്യസ്തമായി വലിയ നായ്ക്കൾക്ക് പകരം ഇവിടെ ഒരു കൊച്ചു കോർഗി നായയായിരുന്നുവത്രെ ഈ സംഘത്തിന്റെ തലവൻ. തിരക്കേറിയ ഹൈവേയിലൂടെ വരിവരിയായി നീങ്ങുന്ന നായ്ക്കളുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കോർഗിക്ക് പിന്നാലെ ഒരു ജർമ്മൻ ഷെപ്പേർഡ്, ഗോൾഡൻ റിട്രീവർ, ലാബ്രഡോർ, പെക്കിംഗീസ് ഇനത്തിൽപ്പെട്ട നായ്ക്കളാണ് ഉണ്ടായിരുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ഉടമകളുടെ അടുത്തുനിന്നും മോഷ്ടിച്ച് ട്രക്കിലാണത്രെ ഈ നായകളെ കടത്തിയത്. പിന്നാലെ അവ അവിടെ നിന്നും രക്ഷപ്പെട്ട് ഹൈവേയിലൂടെ നടന്ന് തിരികെ വീടെത്തുകയായിരുന്നു. കൂട്ടത്തിലെ ജർമ്മൻ ഷെപ്പേർഡ് നായയ്ക്ക് നടക്കാനല്പം പ്രയാസമുണ്ടായിരുന്നുവെങ്കിലും മറ്റുള്ളവർ അവനെ തനിച്ചാക്കാതെ, അവൻ ഒപ്പം എത്തുന്നത് വരെ കാത്തുനിന്നാണ് യാത്ര തുടർന്നത്. ലു എന്നയാളാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. നായ്ക്കളുടെ പെരുമാറ്റം കണ്ടപ്പോൾ തന്നെ അവ തെരുവുനായ്ക്കളല്ലെന്ന് മനസ്സിലാക്കിയ ലു അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് 'ബിറ്റർ കോഫി സ്ട്രേ ഡോഗ് ബേസ്' എന്ന സംഘടന ഡ്രോണുകൾ ഉപയോഗിച്ച് ഇവരെ നിരീക്ഷിക്കുകയും സുരക്ഷിതമായി വീട്ടിലെത്താൻ സഹായിക്കുകയും ചെയ്തു.

Scroll to load tweet…

ഒടുവിൽ, നായ്ക്കൾ സുരക്ഷിതമായി തങ്ങളുടെ ഗ്രാമത്തിൽ തിരിച്ചെത്തി. 'അവ കറിച്ചട്ടിയിലാവാതെ തിരികെ വന്നത് ഞങ്ങളുടെ ഭാഗ്യമാണ്' എന്നാണ് ജർമ്മൻ ഷെപ്പേർഡിന്റെ ഉടമ പ്രതികരിച്ചത്. കോർഗിയുടെ ബുദ്ധിയെയും ധൈര്യത്തെയും സോഷ്യൽ മീഡിയ ഒന്നടങ്കം പുകഴ്ത്തുകയാണിപ്പോൾ. 'മനുഷ്യർ ഗൂഗിൾ മാപ്പും ഫുൾ ടാങ്ക് പെട്രോളുമായി വഴിതെറ്റുമ്പോൾ, ഒരു കോർഗി ആറ് സുഹൃത്തുക്കളെയും കൊണ്ട് 17 കിലോമീറ്റർ താണ്ടി വീട്ടിലെത്തിയിരിക്കുന്നു. നമ്മളാണോ അതോ അവരാണോ ബുദ്ധിയുള്ള വർ​ഗം?' തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് വരുന്നത്.

ചൈനയിൽ നായ് ഇറച്ചി കഴിക്കുന്നത് നിയമവിരുദ്ധമല്ലെങ്കിലും, 2020 -ൽ ഷെൻസെൻ പോലുള്ള നഗരങ്ങൾ ഇതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, മറ്റൊരാളുടെ വളർത്തുനായയെ മോഷ്ടിക്കുന്നതും ചൈനയിൽ കഠിനമായ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.