ചണ്ഡീഗഡിൽ സ്കൂട്ടറിലിടിച്ച ശേഷം യുവതിയെ മർദ്ദിച്ച കാർ ഡ്രൈവറെ നാട്ടുകാർ ചേർന്ന് കൈകാര്യം ചെയ്തു. യുവതി പകർത്തിയ  വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പിന്നാലെ തൽക്ഷണ നീതിയെയും ലിംഗഭേദത്തെയും ചൊല്ലി സമൂഹ മാധ്യമങ്ങളിൽ വലിയ  ചർച്ചകൾക്ക് തുടക്കമിട്ടു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സ്ത്രീകൾക്കെതിരെയുള്ള കൈയേറ്റങ്ങൾ നാൾക്കുനാൾ വർദ്ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകൾ. സ്ത്രീകൾക്കെതിരെ കുറ്റകൃത്യം ചെയ്യുന്നവരെ അറസ്റ്റ് ചെയ്യാനും മറ്റും നിയമങ്ങളുണ്ടെങ്കിലും ആളുകൾക്ക് നിയമത്തിലുള്ള ഭയം പോലുമില്ലായിരിക്കുന്നുവെന്ന് വേണം കരുതാൻ. അത്രയേറെ കുറ്റകൃത്യങ്ങളാണ് ഓരോ ദിവസവും സ്ത്രീകൾക്കെതിരെ അരങ്ങേറുന്നത്. എന്നാൽ, ചണ്ഡീഗഡിൽ നിന്നും പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ കുറ്റം ചെയ്തതിന് പിന്നാലെയുള്ള നീതിയെ കുറിച്ച് വലിയൊരു ചർച്ചയ്ക്ക് തന്നെ തുടക്കമിട്ടു.

'പെണ്ണുങ്ങളെ തല്ലുമോടാ...'

ഘർ കെ കലേഷ് എന്ന ജനപ്രീയി എക്സ് അക്കൗണ്ടിൽ നിന്നും പങ്കുവച്ച ഒരു വീഡിയോയാണ് ചർച്ചയ്ക്ക് തുടക്കമിട്ടത്. കാർ ഡ്രൈവർ ഒരു യുവതിയുടെ സ്കൂട്ടറിന് ഇടിച്ചു. യുവതി ഇത് ചോദ്യം ചെയ്തതിന് പിന്നാലെ ഇയാൾ യുവതിയെ അടിച്ചു. പിന്നാലെ കണ്ട് നിന്ന നാട്ടുകാർ, സ്ത്രീകളുടെ നേരെ കൈ ഉയർ‍ത്തിയതിന് കാർ ഡ്രൈവറെ വളയുകയും ക്രൂരമായ രീതിയിൽ അയാളെ മർദ്ദിക്കുകയും ചെയ്തുവെന്ന് വീഡിയോ പങ്കുവച്ച് കൊണ്ട് എഴുതി. വീഡിയോയിൽ കാറിൽ ഇരിക്കുന്നയാൾ യുവതിയോട് ദേഷ്യപ്പെടുന്നതും ഇതിന് യുവതി മറുപടി പറഞ്ഞ ഉടനെ കാറിൽ നിന്നും ഇറങ്ങി യുവതിയുടെ മുഖത്തടിക്കുകയും ചെയ്യുന്നു. പക്ഷേ, തൊട്ടടുത്ത നിമിഷം ചുറ്റും കൂടി നിന്നവർ അയാളെ എടുത്ത് നിലത്തേക്ക് വലിച്ചിടുകയും പിന്നാലെ ഇടിച്ചും ചവിട്ടിയും മർദ്ദിക്കുന്നതും വീഡിയോയിൽ കാണാം. യുവതി തന്നെ പകർത്തിയ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടത്.

Scroll to load tweet…

ലിംഗഭേദത്തിൽ തട്ടി നെറ്റിസെൺസ്

വീഡിയോ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇതോടെ ലിംഗപരമായ നീതിയെന്നായിരുന്നു ചിലർ വീഡിയോയ്ക്ക് താഴെ കുറിച്ചത്. യുവതിയുടെ സ്ഥാനത്ത് ഒരു പുരുഷനായിരുന്നുവെങ്കിൽ എന്ത് സംഭവിക്കുമെന്ന് ചില‍ർ ചോദിച്ചു. ഒരു സ്ത്രീയായിരുന്നു തല്ലിയതെങ്കിൽ എന്ത് സംഭവിക്കുമെന്ന് ചോദിച്ചവരും കുറവല്ല. "ഇന്ത്യയിൽ ഒരിക്കലും ഒരു സ്ത്രീയുടെ നേരെ കൈ ഉയർത്തരുത്... റോഡ് ഉയർത്തിക്കൊള്ളൂ, പക്ഷേ ഒരിക്കലും കൈ ഉയർത്തരുത് സ്ത്രീകളെ ബഹുമാനിക്കുക അല്ലെങ്കിൽ തല്ലുകൊള്ളുക." മറ്റൊരു കാഴ്ചക്കാരൻ കുറിച്ചു. "ചണ്ഡീഗഡ് വലിയൊരു സംഘടിത നഗരമാണ്... വടക്കേ ഇന്ത്യൻ നരകത്തിന് ഒരു അപവാദം... പക്ഷേ നിങ്ങൾക്കറിയാമോ... വിഡ്ഢികൾ എല്ലായിടത്തും ഉണ്ട്." എന്നായിരുന്നു മറ്റൊരു കുറിപ്പ്. അതേസമയം ഇത്തരം സംഭവങ്ങൾ സ്ത്രീകൾക്കുണ്ടാക്കുന്ന ട്രോമകളെ കുറിച്ചും മറ്റ് ചിലർ ആശങ്ക പ്രകടിപ്പിച്ചു.