ബെംഗളൂരുവിലെ ഒരു ട്രെയിനിൽ വെച്ച് പരസ്യമായി സിഗരറ്റ് വലിച്ച യുവാവിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. താൻ റെയിൽവേ ജീവനക്കാരനാണെന്നും തനിക്ക് ഇഷ്ടമുള്ളത് ചെയ്യാമെന്നും ചോദ്യം ചെയ്തവരോട് ഇയാൾ ധാർഷ്ട്യത്തോടെയുള്ള മറുപടി. സംഭവം രൂക്ഷവിമർശനം ഉയർത്തി.

ഏതാണ്ട് '90 കളുടെ അവസാനം വരെ ട്രെയിനിലെ ബോഗികളിൽ സിഗരറ്റ് വലിക്കുന്ന യാത്രക്കാർക്ക് ചാരം തട്ടിക്കളയാനുള്ള ആസ്ട്രേകൾ ഘടിപ്പിച്ചിരുന്നു. എന്നാൽ, പിന്നീട് അത്തരം സംവിധാനങ്ങൾ യാത്രാ ബോഗികളിൽ നിന്നും റെയിൽവേ പിന്‍വലിച്ചു. സിഗരറ്റ്, ശ്വാസകോശ രോഗൾക്ക് കാരണമാകുമെന്ന റിപ്പോർട്ടുകളും അതിനൊരു കാരണമാണ്. ഏതാണ്ട് മൂന്ന് പതിറ്റാണ്ടോളമായി ട്രെയിനിനുള്ളിലെ സിഗരറ്റ് വലി റെയിൽവേ നിയമം മൂലം നിരോധിച്ചിട്ട്. എന്നാൽ കഴിഞ്ഞ ദിവസം ഒരു യാത്രക്കാരൻ യാത്രക്കാർക്കുള്ള ബോഗിയിൽ ഇരുന്ന് പരസ്യമായി സിഗരറ്റ് വലിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. തന്‍റെ പ്രവർത്തി ചോദ്യം ചെയ്തവരോട് ധാർഷ്ട്യത്തോടെ സംസാരിക്കുന്ന ആളുടെ വീഡിയോ വലിയ വിമർശനമാണ് വിളിച്ച് വരുത്തിയത്.

‘നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യൂ’

ബെംഗളൂരുവിലെ ഒരു ട്രെയിനിൽ വച്ചാണ് സംഭവം നടന്നതെന്ന് വീഡിയോയിൽ സൂചന നൽകുന്നു. യാത്രക്കാർ അയാളെ ചോദ്യം ചെയ്യുകയും സിഗരറ്റ് വലി നിർത്താൻ ആവശ്യപ്പെടുകയും ചെയ്തു. അപ്പോൾ താൻ ഒരു റെയിൽവേ ജീവനക്കാരനാണെന്നും തനിക്ക് ഇഷ്ടമുള്ളത് ചെയ്യാൻ കഴിയുമെന്നും അയാൾ അവകാശപ്പെട്ടു. ക്യാമറയിൽ പതിഞ്ഞ അദ്ദേഹത്തിന്റെ പ്രതികരണം ട്രെയിനിനുള്ളിലും സോഷ്യൽ മീഡിയയിലും ശക്തമായ പ്രതികരണങ്ങളാണ് ഉയർത്തിയത്. 'ഞാൻ ഒരു റെയിൽവേ ജീവനക്കാരനാണ്, നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യൂ' എന്നായിരുന്നു യുവാവിന്‍റെ പ്രതികരണം. ഇത് മറ്റ് യാത്രക്കാർക്ക് അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും കുറിപ്പിൽ എഴുതി. ഒപ്പം റെയിൽവേ ജീവനക്കാരനാണെന്ന് അവകാശപ്പെടുന്നത് കൊണ്ട് മാത്രം ഒരാൾക്ക് നിയമം ലംഘിക്കാൻ അവകാശമില്ലെന്നും ചൂണ്ടിക്കാട്ടി.'

Scroll to load tweet…

രൂക്ഷപ്രതികരണം

വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് റെയിൽവേയുടെ എക്സ് അക്കൗണ്ടുകളിലേക്ക് വീഡിയോ ടാഗ് ചെയ്ത് നടപടി ആവശ്യപ്പെട്ടത്. പിന്നാലെ എപ്പോൾ എവിടെ വച്ചാണ് സംഭവമെന്നും ട്രെയിനിന്‍റെ വിശദവിവരങ്ങൾ പങ്കുവയ്ക്കാനും ആവശ്യപ്പെട്ട് റെയിൽവേ സേവ മറുകുറിപ്പെഴുതി. ആദ്യം സൗജന്യ ടിക്കറ്റുകൾ പോലുള്ള ആനുകൂല്യങ്ങൾ ഒഴുവാക്കണമെന്നും അത്തരം ആനുകൂല്യങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ അധിക ശമ്പളം കൊടുക്കുകയും ചെയ്താൽ ഇത്തരം കാര്യങ്ങൾ അവസാനിക്കുമെന്ന് ചിലർ കുറിച്ചു. അതേസമയം മറ്റ് ചിലർ ഇത്തരം കാര്യങ്ങൾക്കെതിരെ കർശന നടപടി വേണമെന്നും അയാളെ അസ്റ്റ് ചെയ്യണമെന്നും ആവശ്യമുയർന്നു.