മധ്യപ്രദേശിലെ അപകടകരമായ ധുവാന്ധർ വെള്ളച്ചാട്ടത്തിലേക്ക് ഒരു യുവാവ് പ്രൊഫഷണൽ ഡൈവിംഗ് നടത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ആശിഷ് താക്കൂർ എന്ന ഈ മുങ്ങൽ വിദഗ്ദ്ധന്റെ പ്രകടനത്തെ ഒളിമ്പിക്സ് ലെവൽ എന്ന് വിശേഷിപ്പിക്കുമ്പോൾ തന്നെ, പലരും അതിലെ അപകടസാധ്യതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചില സാഹസിക പ്രകടനങ്ങൾ സമൂഹ മാധ്യമങ്ങളെ വല്ലാതെ ആവേശിക്കും. അതിനി എത്ര അപകടകരമായ ഒന്നാണെങ്കിൽ പോലും. മധ്യപ്രദേശിലെ ഇരമ്പുന്ന ധുവാന്ധർ വെള്ളച്ചാട്ടത്തിലേക്ക് ഒരു പ്രഫഷണൽ നീന്തൽക്കാരന്‍റെ ചലനങ്ങളോടെ എടുത്ത് ചാടിയ യുവാവിന്‍റെ വീഡിയോയാണ് സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ ആകർഷിച്ചത്. മൺസൂൺ ആരംഭത്തിൽ തന്നെ പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനകം നിരവധി ആളുകളാണ് കണ്ടത്. അപകടകരമായ ആ ചാട്ടത്തെ ഒളിമ്പിക് ലെവൽ പ്രകടനമെന്നാണ് നെറ്റിസെൺസ് വിശേഷിപ്പിച്ചത്.

ധുവാന്ധർ വെള്ളച്ചാട്ടത്തിലേക്കുള്ള ഡൈവിംഗ്

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിലെ ബേഡാഘട്ടിൽ നർമ്മദ നദിയിലെ 30 മീറ്റർ ഉയരമുള്ള മനോഹരവും അതേസമയം അത്യന്തം അപകടകരവുമായ ഒരു വെള്ളച്ചാട്ടമാണ് ധുവാന്ധർ വെള്ളച്ചാട്ടം. ശക്തമായി വെള്ളം താഴേക്ക് പതിക്കുന്നതിനാൽ ശക്തമായ മൂടൽമഞ്ഞ് പേരുകേട്ട ഈ വെള്ളച്ചാട്ടം പ്രശസ്തമായ വെളുത്ത മാർബിൾ പാറകളിലൂടെ ഒഴുകുന്ന വെള്ളത്തിന്‍റെ അതിശയകരമായ കാഴ്ചകളാണ് കാണികൾക്ക് മുന്നിലേക്ക് വയ്ക്കുന്നത്. വെള്ളച്ചാട്ടത്തിന്‍റെ മനോഹാരിത കൊണ്ട് "ഇന്ത്യയുടെ നയാഗ്ര" എന്ന വിളിപ്പേരും ഈ വെള്ളച്ചാട്ടത്തിന് സ്വന്തം. ആശിഷ് താക്കൂർ എന്ന യുവാവ് ഈ വെള്ളച്ചാട്ടത്തിലേക്ക് ഒരു പ്രഫഷണൽ ഡൈവിംഗ് നടത്തുന്നതാണ് വീഡിയോ. ഭേദാഘട്ടിൽ നിന്നുള്ള മുങ്ങൽ വിദഗ്ദ്ധനാണ് ആശിഷ് താക്കൂറെന്ന് സമൂഹ മാധ്യമങ്ങളിലെ വീഡിയോകൾ തെളിയിക്കുന്നു. ആശിഷ് താക്കൂറിന്‍റെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

View post on Instagram

100 ശതമാനം കൃത്യതയുള്ള ഒളിമ്പിക്സ് ലെവൽ ഡൈവ്

വീഡിയോ ക്ലിപ്പ് ഓൺലൈനിൽ പ്രചരിച്ചതോടെ, നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ആശിഷ് താക്കൂറിന്‍റെ ഡൈവിംഗ് കഴിവുകളെ പ്രശംസിച്ച് രംഗത്തെത്തി. അതേസമയം ചിലർ നദിയുടെ അപകടകരമായ ഒഴുക്കിൽ ആശങ്ക രേഖപ്പെടുത്തി. "സത്യം പറഞ്ഞാൽ പണം സമ്പാദിക്കാനുള്ള ആഗ്രഹം കൊണ്ടാണ് ആ മനുഷ്യൻ ഇത് ചെയ്യുന്നത്, ഒരുപക്ഷേ അവന്‍റെ കഴിവുകൾ ഉപയോഗിച്ച് അവനെ ഒരു ലൈഫ് ഗാർഡായി നിയമിക്കണം. അത് അവന് ഉപജീവനമാർഗം കണ്ടെത്താൻ സഹായിക്കും" എന്ന് ഒരു കാഴ്ചക്കാരൻ എഴുതി. അതൊരു 100 ശതമാനം കൃത്യതയുള്ള ഒളിമ്പിക്സ് ലെവൽ ഡൈവ് ആയിരുന്നെന്ന് മറ്റ് ചിലർ ചൂണ്ടിക്കാട്ടി. സ്വന്തം കുടുംബത്തിന് വേണ്ടിയാണ് അദ്ദേഹം ഇത്തരം അപകടകരമായ ഡൈവിംഗ് നടത്തുന്നതെന്ന് ചിലർ എഴുതിയപ്പോൾ എപ്പോൾ വേണമെങ്കിലും അപകടം സംഭവിക്കാമെന്നും ഇത്തരം കാര്യങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നും മറ്റ് ചിലർ ആവശ്യപ്പെട്ടു. വിദേശത്ത് ആയിരുന്നെങ്കിൽ അദ്ദേഹം ഇപ്പോൾ സ്വന്തം രാജ്യത്തെ പ്രതിനിധീകരിച്ച് നിരവധി അന്താരാഷ്ട്രാ മെഡലുകൾ സ്വന്തമാക്കിയേനെയെന്ന് മറ്റ് ചിലർ എഴുതി.