മാതാപിതാക്കൾക്ക് സർപ്രൈസായി ബിഎംഡബ്ല്യു കാർ സമ്മാനിച്ച് അവരെ ഞെട്ടിച്ച് ടെക്കിയായ സിദ്ധാർത്ഥ് ഭദൗരിയ എന്ന യുവാവ്. സ്കൂട്ടർ വാങ്ങി നൽകാമെന്ന് പറഞ്ഞാണ് സിദ്ധാർത്ഥ് അവരെ കൂട്ടിക്കൊണ്ടുപോയത്, അപ്രതീക്ഷിത സമ്മാനം കണ്ട് ഞെട്ടിയ മാതാപിതാക്കളുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്.

തങ്ങൾക്കുവേണ്ടി കഷ്ടപ്പെട്ട മാതാപിതാക്കൾക്ക് സർപ്രൈസായി സമ്മാനങ്ങൾ നൽകുന്ന മക്കളുടെ വീഡിയോ പലപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. തങ്ങളുടെ നേട്ടങ്ങളിൽ തങ്ങൾക്കുവേണ്ടി ഓടിനടന്ന മാതാപിതാക്കളെ കൂടി ചേർത്ത് പിടിക്കുക എന്നതാണ് ഈ സമ്മാനങ്ങളിലൂടെ മിക്കവാറും ആളുകൾ സ്വപ്നം കാണുന്നത്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മാതാപിതാക്കൾക്ക് സർപ്രൈസായി ലക്ഷ്വറി കാർ സമ്മാനിച്ച ടെക്കിയുടേതാണ് വീഡിയോ. സിദ്ധാർത്ഥ് ഭദൗരിയ എന്ന യുവാവാണ് മാതാപിതാക്കൾക്കായി ബിഎംഡബ്ല്യു കാർ സമ്മാനിച്ച് അവരെ ഞെട്ടിച്ചത്. ഇൻസ്റ്റ​ഗ്രാമിലാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

അച്ഛന് ഒരു സ്കൂട്ടർ സമ്മാനമായി നൽകാൻ എന്നും പറഞ്ഞാണ് സിദ്ധാർത്ഥ് മാതാപിതാക്കളെ സർപ്രൈസ് ഒരുക്കിയ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയത്. 'ഞാൻ വീട്ടിൽ ആരോടും ഇക്കാര്യം പറഞ്ഞിരുന്നില്ല. അച്ഛനൊരു സ്കൂട്ടർ വാങ്ങി നൽകുകയാണെന്നാണ് അമ്മയോട് പറഞ്ഞത്' എന്നാണ് സിദ്ധാർത്ഥ് വീഡിയോയിൽ പറയുന്നത്. പിന്നീട് സ്ഥലത്തെത്തിയപ്പോൾ കാറിന്റെ കീ അച്ഛന്റെ കൈയിൽ കൊടുത്തുകൊണ്ട് 'ബട്ടൺ അമർത്തൂ' എന്ന് സിദ്ധാർത്ഥ് ആവശ്യപ്പെടുന്നത് കാണാം. ബട്ടൺ അമർത്തിയപ്പോൾ തെളിഞ്ഞത് കാറിന്റെ ലൈറ്റാണ്. അതോടെ മാതാപിതാക്കൾ ആകെ ആശയക്കുഴപ്പത്തിലായി. സ്കൂട്ടറിന്റെ കീയാണെന്നാണ് അമ്മ ആദ്യം കരുതിയിരുന്നതെങ്കിലും, കാറിന്റെ കീയാണെന്ന് മനസ്സിലായതോടെ അവർ അത്ഭുതപ്പെട്ടു.

View post on Instagram

'നീയെന്നെ പറ്റിച്ചു' എന്ന് അമ്മ സന്തോഷത്തോടെ പറയുന്നത് കാണാം. 'ഇത്രയും വിലകൂടിയ കാർ ആരാണ് വാങ്ങുക' എന്നാണ് അച്ഛൻ ചോദിക്കുന്നത്. തുടർന്ന് സിദ്ധാർത്ഥ് അവരെ കാറിനുള്ളിലിരുത്തുകയാണ്. അവർക്ക് അപ്പോഴും ഇത് സത്യമാണോ എന്ന് വിശ്വസിക്കാനാവുന്നില്ല. ഇത്രയും വിലകൂടിയൊരു കാർ വാങ്ങി എന്നത് അവർ അവിശ്വസനീയതയോടെയാണ് സന്തോഷത്തിനിടയിലും കണ്ടത്. 'അവർ എനിക്ക് എല്ലാം തന്നു, ഇന്ന് എന്റേ ഊഴമായിരുന്നു' എന്ന അടിക്കുറിപ്പോടെയാണ് സിദ്ധാർത്ഥ് വീഡിയോ പങ്കുവെച്ചത്.

നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയത്. 'എല്ലാ മാതാപിതാക്കളും അർഹിക്കുന്നത്' എന്നായിരുന്നു ഒരാളുടെ കമന്റ്. 'ഏതൊരു കുടുംബത്തിന്റെയും സ്വപ്ന നിമിഷം' എന്നായിരുന്നു മറ്റൊരാൾ കമന്റ് നൽകിയത്.