എട്ട് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. വളരെ അവിശ്വസനീയതയോടെയും അമ്പരപ്പോടെയുമാണ് ആളുകൾ വീഡിയോ കണ്ടത്.
പല സാഹസികമായ കാര്യങ്ങളും ചെയ്ത് ആളുകൾ ലോക റെക്കോർഡ് സ്വന്തമാക്കാറുണ്ട്. ഇവിടെ ഒരാൾ രണ്ട് എയർബലൂണുകൾക്കിടയിലൂടെ ഞാണിന്മേൽ നടന്ന് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയിരിക്കയാണ്. ബ്രസീലി(Brazil)ലുള്ള 34 -കാരനായ റാഫേൽ സുഗ്‌നോ ബ്രിഡി(Rafael Zugno Bridi)യാണ് സാഹസികമായ തന്റെ നടത്തം പൂർത്തിയാക്കി ലോക റെക്കോർഡ് സ്വന്തമാക്കിയത്.
1,901 മീറ്റർ അല്ലെങ്കിൽ 6,326 അടി ഉയരത്തിൽ നഗ്നപാദനായിട്ടാണ് റാഫേൽ ഞാണിന്മേൽ നടന്നത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയുടെ ഇരട്ടിയിലധികം ഉയരം വരും ഇത്. ഈ ഉയരത്തിൽ ഇങ്ങനെയൊരു നടത്തത്തിന് ഒരുപക്ഷേ ആരും ധൈര്യപ്പെടുക പോലുമില്ല.
25 സെന്റിമീറ്റർ വ്യത്യാസത്തിലുള്ള രണ്ട് എയർബലൂണുകളിൽ വലിച്ചു കെട്ടിയ ഞാണിലൂടെയാണ് റാഫേൽ നഗ്നപാദനായി നടന്നത്. വീഡിയോയിൽ വളരെ ശ്രദ്ധയോടെ റാഫേൽ നടന്നു നീങ്ങുന്നത് കാണാം. ആള് ശ്രദ്ധയോടെ നടന്ന് നടത്തം പൂർത്തിയാക്കുന്നുണ്ടെങ്കിലും കാണുന്നവരിൽ അത് ടെൻഷൻ ഉണ്ടാക്കുമെന്നത് ഉറപ്പാണ്. ഗിന്നസ് വേൾഡ് റെക്കോർഡ്സാണ് വീഡിയോ സാമൂഹികമാധ്യമത്തിൽ പങ്കിട്ടിരിക്കുന്നത്.
എട്ട് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. വളരെ അവിശ്വസനീയതയോടെയും അമ്പരപ്പോടെയുമാണ് ആളുകൾ വീഡിയോ കണ്ടത്. 'എന്റെ കാലുകൾ തരിച്ചുപോയി' എന്നാണ് ഒരാൾ അതിന് കമന്റിട്ടത്.
ഏതായാലും റാഫേലിന്റെ സാഹസികനടത്തം അതിവേഗം തന്നെ വൈറലായി. വീഡിയോ കാണാം:
